11 വാരിയെല്ലുകൾ തകർന്ന് ആറു ദിവസം ഐസിയുവിൽ; കാട്ടാനക്കലിയിൽ നുറുങ്ങി സുരിജയുടെ ജീവിതം

Mail This Article
കണ്ണൂർ ∙ ഏതൊരു സാധാരണ ദിവസത്തെയുംപോലെയായിരുന്നു സുരിജയ്ക്ക് (58) ആ ദിവസവും. പതിവു തെറ്റിക്കാതെ കടയിലും പിന്നീട് അലയ്ക്കാനായി പുഴക്കടവിലുമെത്തി. പക്ഷേ, അവിടെ കാത്തുനിന്നതു കാട്ടാനയായിരുന്നു. നെറ്റികൊണ്ട് സുരിജയെ അമർത്തി, കാലുകൊണ്ടു തൊഴിച്ചു പുഴയിലേക്കെറിഞ്ഞിട്ടും കാട്ടാനയുടെ കലിയടങ്ങിയില്ല. 11 വാരിയെല്ലുകളാണു തകർന്നത്. അതിൽത്തന്നെ രണ്ടു വാരിയെല്ലുകൾ അകത്തേക്കു കുത്തിക്കയറി രക്തം കട്ടപിടിച്ചിട്ടുണ്ട്. നാലാം തീയതി ഐസിയുവിൽ പ്രവേശിപ്പിച്ച സുരിജയെ ഇന്നലെ വാർഡിലേക്കു മാറ്റിയെങ്കിലും വൈകിട്ടോടെ വീണ്ടും ഐസിയുവിലേക്കു മാറ്റി.
ആശുപത്രിയിലെത്തുമ്പോഴേക്കും അടിയന്തര സഹായധനം ലഭിക്കുമെന്ന വാഗ്ദാനമായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. പക്ഷേ, ഇതുവരെയും സഹായധനം കിട്ടിയിട്ടില്ല. നിലവിൽ 16,000 രൂപ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂവെന്നാണ് ബന്ധുക്കളെ അധികൃതർ അറിയിച്ചത്. അതും 7 ദിവസം ആശുപത്രിയിൽ കിടന്നതിന്റെ രേഖ കാണിച്ചാൽ മാത്രം. മറ്റു ബില്ലുകൾ കൂടി കാണിച്ചാൽ ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിച്ചേക്കാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അത് എന്ന്, എപ്പോൾ ലഭിക്കുമെന്ന് അറിയില്ല. അടിയന്തര സഹായധനം ലഭിച്ചില്ലെങ്കിൽ ചികിത്സയ്ക്കും ഡിസ്ചാർജിനും കുടുംബം ബുദ്ധിമുട്ടും. വാർഡ് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ സഹായധനം സമാഹരിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ.
‘40 വർഷമായി ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിൽ ബാരാപ്പുഴയ്ക്കരികിലാണു താമസം. വന്യജീവി ആക്രമണമുൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായിട്ടും അയൽക്കാരിൽ പലരും താമസം മാറിയിട്ടും ഞങ്ങളുടെ വീടും ചായക്കടയും വിറ്റുപോകാൻ മനസ്സ് അനുവദിച്ചില്ല. 75 സെന്റ് സ്ഥലമുണ്ട്. പക്ഷേ, കർണാടക വനാതിർത്തിയായതിനാൽ അവിടത്തെ പുല്ല് ചെത്താൻ പോലും കഴിയില്ല. വർഷങ്ങളായി നികുതി അടച്ചിട്ടും ഇതാണു ഗതി. അതിനിടയിലാണ് ഈ കാട്ടാനയുടെ ആക്രമണം.
മാക്കണ്ടിയിലാണ് കാട്ടാന ആദ്യം ഇറങ്ങിയത്. അവർ ഓടിച്ചപ്പോൾ അതു നീന്തി ഇങ്ങോട്ടെത്തി. അവിടെയുള്ളവർ എന്നെ ഫോൺ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ആന നീന്തി വരുന്നതു കണ്ടിരുന്നു. ഭർത്താവിനെ വിവരമറിയിക്കാനായി വീട്ടിലേക്കു പോകാൻ തുടങ്ങിയതാണ്. അപ്പോഴാണ്, വീട്ടിലെ നായ്ക്കൾ ആനയെക്കണ്ടു കുരച്ചത്. അതുകേട്ടതോടെ, ആന എനിക്കുനേരെ തിരിഞ്ഞു. നെറ്റികൊണ്ട് അമർത്തിയതും കാലുകൊണ്ടു തൊഴിക്കുന്നതും മാത്രമേ ഓർമയുള്ളൂ’, സുരിജ ആ ദിവസം ഓർത്തെടുത്തു. ഭർത്താവ് സത്യൻ ബഹളം വച്ചതോടെയാണ് അന്ന് കാട്ടാന സുരിജയെ വിട്ടുമാറിയത്. ആനയുടെ സാന്നിധ്യമുള്ളതിനാൽ സുരിജയെ ആശുപത്രിയിലെത്തിക്കുന്നതും വെല്ലുവിളിയായിരുന്നു. പിന്നീട്, പഞ്ചായത്തംഗം ബിജോയ് പ്ലാത്തോട്ടം ജീപ്പുമായി മാക്കൂട്ടം വനത്തിലൂടെ എത്തിയാണ് സുരിജയെ ആശുപ്രതിയിലേക്കു മാറ്റിയത്.