ADVERTISEMENT

കണ്ണൂർ ∙ ഓടുന്ന ബസിൽ നിന്ന് ആദ്യം ഒരു പ്ലാസ്റ്റിക് കുപ്പി പുറത്തേക്ക്. പിന്നാലെ കുപ്പികൾ ഒന്നിനു പിന്നാലെ ഒന്നായി പുറത്തേക്ക്. ഒന്നും അറിയാത്ത ഭാവത്തിൽ ബസ് കുതിച്ചു പാഞ്ഞു.  പക്ഷേ, പിറകിലുണ്ടായിരുന്ന കാറിലെ ക്യാമറ എല്ലാം കാണുന്നുണ്ടായിരുന്നു. സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ബസ് ഓടിയതിനേക്കാൾ വേഗത്തിൽ കണ്ടക്ടറുടെ മൊബൈൽ ഫോണിൽ തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ സന്ദേശമെത്തി. പൊതുയിടത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയതിനു പിഴയടയ്ക്കാനായിരുന്നു നിർദേശം.  

കണ്ണൂർ– കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിനാണ്, പ്ലാസ്റ്റിക് കുപ്പി പൊതുയിടത്ത് വലിച്ചെറിഞ്ഞതിനു കഴിഞ്ഞ ദിവസം 2000 രൂപ പിഴ ചുമത്തിയത്. പുതിയ സ്റ്റാൻഡിൽ നിന്നും പഴയ സ്റ്റാൻഡ് ഭാഗത്തേക്ക് വരികയായിരുന്ന ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ബസിന് പിറകെ പോകുകയായിരുന്ന കാറിന്റെ ക്യാമറയിൽ പതിഞ്ഞതാണു ബസിൽ നിന്നുള്ള നിയമലംഘനം.

വിഡിയോ കാർ യാത്രികൻ ജില്ലാ പഞ്ചായത്തിനു കൈമാറി. ജില്ലാ പഞ്ചായത്ത്, തദ്ദേശ വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനു കൈമാറി. വിഡിയോയിൽ നടപടി സ്വീകരിക്കാൻ കണ്ണൂർ കോർപറേഷനോട് സ്ക്വാഡ് നിർദേശിച്ചു.  പൊതുയിടത്ത് പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞത് സംബന്ധിച്ച ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ‘അത് അണ്ണന്മാർ എടുത്തോളും’ എന്നായിരുന്നു കണ്ടക്ടറുടെ മറുപടി. നിയമലംഘനം ബോധ്യപ്പെട്ടതോടെ ഉടൻ തന്നെ കണ്ടക്ടർ പിഴത്തുക അടച്ച് തടിയൂരി! 

English Summary:

Plastic waste littering resulted in a ₹2000 fine for a Kannur bus. A quick response by the District Enforcement Squad, using citizen-submitted video evidence, underscores the importance of environmental responsibility.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com