കുത്തിയൊലിച്ച് മലവെള്ളം ; ശ്രീകണ്ഠപുരം മേഖലയിൽ റോഡുകൾ മുങ്ങി

Mail This Article
ശ്രീകണ്ഠപുരം∙ രാവിലെ പതിവുപോലെ സ്കൂളുകളിൽ ക്ലസുകൾ തുടങ്ങിയതായിരുന്നു. റെഡ് അലർട്ട് ഇല്ലാത്തത് കൊണ്ടു തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഇല്ലായിരുന്നു. എന്നാൽ നേരം പുലർന്നതു മുതൽ മലയോര മേഖലയിൽ പെരുമഴ തുടങ്ങിയതോടെ എല്ലാ കൈത്തോടുകളും, അരുവികളും നിറഞ്ഞൊഴുകി പുഴകൾ കരകവിഞ്ഞ് വെള്ളം അടിച്ചു കയറിയതോടെ സ്ഥിതിഗതികൾ മാറി. ചെങ്ങളായി വയലിൽ വെള്ളം കയറി. ശ്രീകണ്ഠപുരത്ത് നിന്ന് മടമ്പം അലക്സ്നഗർ ഭാഗത്തേക്ക് പോകുന്ന റോഡ് പൊടിക്കളത്ത് മുങ്ങി.
ഈ റോഡിനെ ആശ്രയിച്ച് കുട്ടികൾ പോകുന്ന സ്കൂളുകൾ 2 മണിയോടെ വിട്ടു. മിക്ക വിദ്യാലയങ്ങളും ഉച്ചയോടെ വിടാൻ തീരുമാനിച്ചതാണെങ്കിലും സ്കൂളുകളിൽ ഉച്ചക്കഞ്ഞി തയ്യാറാക്കിയതു കൊണ്ട് കുറച്ചു കൂടി ക്ലാസുകൾ നീട്ടുകയായിരുന്നു. ഉച്ചയോടെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്കിന് കുറവൊന്നും ഇല്ല. ചെങ്ങളായി പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലും, ശ്രീകണ്ഠപുരം നഗരസഭയുടെ പലഭാഗങ്ങളിലും റോഡുകളിൽ വെള്ളം കയറി. പയ്യാവൂർ വണ്ണായിക്കടവിൽ പുഴയിൽ മലവെള്ളം കുത്തിയൊലിച്ചു വന്ന് സ്ഥലത്തെ പാലം മുങ്ങി.