ചെറുപുഴയെ വിറപ്പിച്ച് കാറ്റ്; വീടുകൾക്കുമുകളിൽ മരങ്ങൾ വീണു, വ്യാപക നാശം

Mail This Article
ചെറുപുഴ∙ മലയോര മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആഞ്ഞുവീശിയ കാറ്റിലും മഴയിലും വ്യാപക നാശം. കനത്ത കാറ്റിൽ ചെറുപുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിന് സമീപത്തെ മോളയിൽ ഏലിക്കുട്ടിയുടെ വീടിനു മുകളിലേക്ക് സമീപവാസിയുടെ പറമ്പിൽ നിന്ന് മരം ഒടിഞ്ഞു വീണു. ദുരന്ത നിവാരണ സേനാംഗങ്ങൾ എത്തിയാണ് മരം മുറിച്ചുനീക്കിയത്. അരിമ്പയിലെ ജെസി സെബാസ്റ്റ്യന്റെ വീടിനു മുകളിൽ തെങ്ങ് വീണു മേൽക്കൂരയിലെ ഓടുകൾ തകർന്നു.

ചെറുപുഴ പഞ്ചായത്ത് അപ്പാരൽ പാർക്കിന്റെ മേൽക്കൂര പറന്നു പോയി. പാണ്ടിക്കടവിലെ പറപ്പള്ളി ഐശ്വര്യയുടെ കിണറിനു മുകളിലേക്ക് മരം വീഴുകയും ഒട്ടേറെ കമുകുകൾ നശിക്കുകയും ചെയ്തു. ചെറുപുഴ താഴെ ബസാറിലെ ടാക്സി സ്റ്റാൻഡിനു സമീപത്തെ മരങ്ങൾ കടപുഴകി വീണതിനെത്തുടർന്നു വി.ജി.ഷാജിയുടെ കാറിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ചെറുപുഴ ബസ് സ്റ്റാൻഡിനു സമീപം നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ കാറ്റിൽ മറിഞ്ഞു വീണു.

കാറ്റിൽ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളും നശിച്ചു. ചെറുപുഴ ചെക്ഡാം -കടുമേനി റോഡിലേക്ക് വൈദ്യുതത്തൂൺ വീണതിനെത്തുടർന്ന് ഏറെനേരം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കടുമേനി, പാറക്കടവ്, ആയന്നൂർ ഭാഗത്തേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ശക്തമായി കാറ്റടിച്ചതിനെ തുടർന്നു ചെറുപുഴ സ്റ്റാൻഡിൽ ബസ് കാത്തുനിന്നിരുന്ന യാത്രക്കാർ കടകളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
