കനത്ത മഴ: കണ്ണൂർ ജില്ലയുടെ മലയോരത്ത് വ്യാപക നാശം; രൂക്ഷമായ വെള്ളക്കെട്ട്

Mail This Article
ചെറുപുഴ∙ കനത്ത മഴയെത്തുടർന്നു മലയോരത്ത് വ്യാപക നാശം. ചെറുപുഴ പഞ്ചായത്തിലെ കന്നിക്കളം, വയലായി ഭാഗങ്ങളിൽ 2 വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു. കന്നിക്കളത്തെ വഹാനിയിൽ ഷംനാദിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും വയലായിലെ ഇളംപുരയിടത്തിൽ ജുമൈലത്തിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയുമാണ് തകർന്നുവീണത്. ജുമൈലത്തിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു സമീപത്തെ വാഴവളപ്പിൽ മുഹമ്മദ് കുഞ്ഞിയുടെ വീടും ഭീഷണിയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ ആരംഭിച്ച മഴ ഒന്നര മണിക്കൂറുറോളം നീണ്ടുനിന്നു. കനത്ത മഴയെത്തുടർന്നു മലയോരത്തെ പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയും തിരുമേനിപ്പുഴയും കരകവിഞ്ഞൊഴുകി.
മഴവെള്ളം കുത്തിയൊഴുകി പലയിടങ്ങളിലും കൃഷികൾക്കും നാശമുണ്ടായി.
മഴയെ തുടർന്നു ചെറുപുഴ ബസ് സ്റ്റാൻഡ്, ചെറുപുഴ മേലെ ബസാർ, കൊല്ലാട ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. മഴ ശമിച്ചതോടെയാണ് വെളളക്കെട്ട് ഒഴിവായത്. വ്യാഴാഴ്ച വൈകിട്ട് ആഞ്ഞടിച്ച കാറ്റിനു പിന്നാലെ വെള്ളിയാഴ്ച ഉച്ചയ്ക്ക് പെയ്ത കനത്ത മഴ ജനങ്ങളെ പരിഭ്രാന്തിയിലാക്കി.
