കണ്ണൂർ നഗരത്തിലും പരിസരത്തും ചുഴലിക്കാറ്റും മഴയും; വ്യാപക നാശനഷ്ടം

Mail This Article
കണ്ണൂർ∙ വ്യാഴാഴ്ച രാത്രി നഗരത്തിലും പരിസരത്തും ഉണ്ടായ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തോട്ടട ഡിവിഷനിൽ 5 വീടുകൾ തകർന്നു. മരങ്ങൾ വീണ് വൈദ്യുതത്തൂണുകൾ തകർന്നതിനാൽ ഇന്നലെ മേഖലയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കണ്ണോത്തുംചാലിൽ കടകൾക്ക് മുകളിലുള്ള ഷീറ്റുകൾ കാറ്റിൽ തകർന്നുവീണു.താഴെചൊവ്വ ബൈപാസിനും റെയിൽപാളത്തിനും മധ്യത്തിലുള്ള മരങ്ങൾ പൊട്ടി വൈദ്യുതത്തൂണുകൾക്ക് മുകളിൽ വീണതിനെ തുടർന്ന് വൈദ്യുതി മുടങ്ങി.

വീടുകൾക്കും നാശമുണ്ടായി. ബൈപാസിൽ പൊട്ടി വീണ മരങ്ങൾ വ്യാഴാഴ്ച രാത്രി ഗതാഗതവും തടസ്സപ്പെടുത്തി. ചാല വെള്ളൂരില്ലം സ്കൂളിനു മുന്നിൽ കൂറ്റൻ മരം റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു. കാറ്റിൽ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങളിൽ മേയർ മുസ്‍ലിഹ് മഠത്തിൽ സന്ദർശിച്ചു. കാടാച്ചിറ∙ ശക്തമായ കാറ്റിൽ മാളിക പറമ്പിൽ തച്ചം കുണ്ടിൽ ലതികയുടെ വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. കുടുംബത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. വില്ലേജ് അധികൃതർ സ്ഥലത്തെത്തി.
