ADVERTISEMENT

കാസർകോട്∙ ‌ബാലവേലയും ഇതരസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും തടയാൻ ടാസ്ക് ഫോഴ്സിന്റെ പരിശോധന ശക്തമാക്കും. ജില്ലാ ലേബർ ഓഫിസർ, പൊലീസ്, ആർഡിഒ, ചൈൽഡ് റസ്ക്യു ഓഫിസർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്.കലക്ടർ ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ടാസ്ക് ഫോഴ്സ് യോഗത്തിലാണ് തീരുമാനം. ബാലവേല കണ്ടെത്താൻ എല്ലാ മാസവും ഒരു ദിവസം ഉദ്യോഗസ്ഥർ തൊഴിലിടങ്ങളിൽ പരിശോധന നടത്തും. 

കുട്ടികളെ പണിക്ക് നിർത്തുന്നതായി വിവരം ലഭിച്ച ക്രഷർ യൂണിറ്റുകളിൽ മിന്നൽ പരിശോധനകൾ നടത്താനും കലക്ടർ നിർദേശിച്ചു.

നിയമവിരുദ്ധമായി ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിച്ച് അനധികൃത മണലെടുപ്പിന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതായി കലക്ടർ അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളിലും പരിശോധനകൾ വ്യാപകമാക്കും. ജില്ലാ ലേബർ ഓഫിസറും അസി. ലേബർ ഓഫിസർമാരുടെയും നേതൃത്വത്തിൽ നടത്തുന്ന സംയുക്ത പരിശോധനയ്ക്ക് പുറമെയാണിത്.

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനുള്ള ആവാസ് പദ്ധതി ഊർജിതമാക്കാനും ബാലവേലയ്ക്കെതിരെ ബോധവൽക്കരണം തുടരാനും യോഗം തീരുമാനിച്ചു. ജില്ലാ ലേബർ ഓഫിസർ ബി. ദേവദാസ്, ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ സി.എ.ബിന്ദു, റെസ്ക്യു ഓഫിസർ ബി.അശ്വിൻ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ എൻ. നന്ദികേശൻ, ഡിവൈഎസ്പി എ.സതീഷ് കുമാർ, ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാൽ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.

വീടുകളിൽ ബാലവേല കൂടി

‌തൊഴിലിടങ്ങളിൽ ബാലവേല കുറഞ്ഞതായി അധികൃതർ. ഹോട്ടലുകളിലും പ്ലൈവുഡ് ഫാക്ടറികൾ അടക്കമുള്ള സ്ഥാപനങ്ങളിലുമായിരുന്നു നേരത്തെ കുറഞ്ഞ കൂലിക്ക് കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നത്. എന്നാൽ, ബോധവൽക്കരണത്തിലൂടെയും നടപടികളിലൂടെയും ഇത് കുറഞ്ഞതായി തൊഴിൽവകുപ്പ് പറയുന്നു.

അതേസമയം ചില വീടുകളിൽ ഇതര സംസ്ഥാനക്കാരായ കുട്ടികളെ പണിക്ക് നിർത്തുന്നതായി പരാതികൾ ലഭിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ജില്ലാ ലേബർ ഓഫിസർ (എൻഫോഴ്സ്മെന്റ്) എം.കേശവൻ അറിയിച്ചു. ഫോൺ. 04994 256950, 9495340746

ഒടുവിൽ കേസെടുത്തത് 2017ൽ

ജില്ലയിൽ 2017 ഡിസംബറിലാണ് ബാലവേല സംബന്ധിച്ച് ഒടുവിൽ കേസെടുത്തത്. തൃക്കരിപ്പൂരിലെ ഒരു വീട്ടിൽ ജോലിക്ക് നിർത്തിയിരുന്ന വയനാട് സ്വദേശികളായ 2 കുട്ടികളെയാണ് തൊഴിൽവകുപ്പിന്റെ പരിശോധനയിൽ പിടികൂടിയത്. ഇവരെ പിന്നീട് രക്ഷിതാക്കൾക്ക് കൈമാറി.വീട്ടുടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. അതിനു ശേഷം കേസുകളൊന്നും റജിസ്റ്റർ ചെയ്തിട്ടില്ല.സംശയം തോന്നുന്നവർക്ക് തൊഴിൽവകുപ്പ് നോട്ടിസുകൾ നൽകാറുണ്ടെങ്കിലും വയസ്സ് തെളിയിക്കുന്ന രേഖകൾ നോക്കി പ്രായപൂർത്തിയായെന്നു കണ്ടെത്തിയാൽ നടപടി അവസാനിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com