ADVERTISEMENT

നീലേശ്വരം ∙ പൗരത്വ നിയമത്തിനെതിരെ പടന്നക്കാട് നെഹ്റു കോളജിലെ കെഎസ്‌യു പ്രവർത്തകരുടെ കൂട്ടായ്മയായ വയം നെഹ്റു സംഘടിപ്പിച്ച പ്രതിഷേധ സദസ്സിനു കോളജ് അധികൃതർ അനുമതി നിഷേധിച്ചു. സംഘർഷ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഇന്നലെ ഉച്ചയ്ക്കു ശേഷം കോളജിന് അവധിയും നൽകിയതോടെ കെഎസ്‌യു പ്രവർത്തകർ കോളജിനു പുറത്തു പരിപാടി നടത്തി.

പരിപാടിയുടെ അനുമതിക്കായി കോളജ് പ്രിൻസിപ്പലിനോടു സംസാരിക്കുന്നതിനിടെ പ്രിൻസിപ്പലിനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചു കോളജ് യൂണിയൻ വൈസ് ചെയർപേഴ്സനും ബിഎ ഇക്കണോമിക്സ് അവസാന വർഷ വിദ്യാർഥിനിയുമായ എസ്.ആതിരയെ 10 ദിവസത്തേക്കു കോളജിൽ നിന്നു സസ്പെൻഡ് ചെയ്തു.

കെഎസ്‌യുവിന്റെ വിദ്യാർഥി കൂട്ടായ്മയും പാട്ടുകൂട്ടവും ഉൾപ്പെടുന്ന പരിപാടി 14 നു കോളജിൽ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതേ ദിവസം എസ്എഫ്ഐ നേതൃത്വം നൽകുന്ന കോളജ് യൂണിയനും പരിപാടി നിശ്ചയിച്ചതോടെ ഇന്നലത്തേക്കു മാറ്റുകയായിരുന്നു. പരിപാടിക്ക് കോളജ് പ്രിൻസിപ്പൽ ഒടുവിൽ അനുമതി നിഷേധിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ പ്രിൻസിപ്പലിനെ കണ്ട ആതിര അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണു സസ്പെൻഷൻ നോട്ടിസ് നൽകിയത്. 

കോളജിനു പുറത്ത് മുതിർന്ന കോൺഗ്രസ് നേതാവ് ഡോ.കെ.ഇബ്രാഹിം കുഞ്ഞിയുടെ ഉടമസ്ഥതയിൽ പഴയ കേന്ദ്രസർവകലാശാല ക്യാംപസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുറ്റത്ത് പരിപാടി നടത്തി. ഗായകൻ കെ.എസ്.ഹരിശങ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ആതിര അധ്യക്ഷത വഹിച്ചു. ജ്യോതിഷ്, ഋഷിരാജ്, ടോംസി തോമസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com