ADVERTISEMENT

കാസർകോട്∙ പൗരത്വ നിയമത്തിനെതിരെ മംഗളുരൂവിൽ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു ജില്ലയിലെ ഒട്ടേറെ പേർക്ക് ഇന്നലെയും നോട്ടിസ് കിട്ടി. സംഭവ ദിവസം മംഗളൂരുവിൽ വരാനിടയുണ്ടായ സാഹചര്യം വിശദമാക്കുന്നതിനായി നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ടാണു മംഗളൂരൂവിലെ സിസിആർബിയിലെ അസിസ്റ്റന്റ് കമ്മിഷണരാണു നോട്ടിസ് അയച്ചത്. 

മഞ്ചേശ്വരം താലൂക്കിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്കാണു നോട്ടിസ് ലഭിച്ചത്. മഞ്ചേശ്വരം ഹൊസബെട്ടുവിലെ ഇരുപതിലേറെ മത്സ്യത്തൊഴിലാളികൾക്കാണു നോട്ടിസ് കിട്ടിയത്. അതിരാവിലെ മംഗളൂരുവിലെത്തി മത്സ്യവുമായി തിരിച്ചു വരുന്ന തൊഴിലാളികളാണു ഇതിലേറെയും. നോട്ടിസ് കിട്ടിയവരിൽ  സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടുന്നു. ഇതിനിടെ നേരിട്ടു ഹാജരായില്ലെങ്കിലും നോട്ടിസിനുള്ള മറുപടി തന്നാൽ മതിയെന്നും ഇതു തൃപ്തികരമല്ലെങ്കിൽ നേരിട്ട് ഹാജരായാൽ മതിയെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. 

"എന്റെ പേരിലുള്ള മൊബൈൽ സിം കണക്‌ഷൻ ഉപയോഗിക്കുന്നതു ഭാര്യ ഫാത്തിമ സുഫാനയാണ്. മംഗളുരൂ പാണ്ഡേശ്വരത്താണ് ഇവരുടെ വീട്. സംഭവ ദിവസം ഭാര്യ മംഗളൂരുവിലെ വീട്ടിലായിരുന്നു. കർഫ്യൂയായതിനാൽ ദിവസങ്ങൾ കഴിഞ്ഞാണു മംഗളൂരുവിലേക്കു പോയത്. ഇന്നലെ നോട്ടിസ് കിട്ടിയപ്പോൾ ഞെട്ടിപ്പോയി. 19നു ഞാൻ നാട്ടിൽ തന്നെയായിരുന്നു." - അബ്ദുൽ സലാം, വോർക്കാടി

"മംഗളൂരുവിൽ സംഘർഷം ഉണ്ടായ ദിവസം ബിസിനസ് ആവശ്യാർഥം ബെംഗളൂരുവിലായിരുന്നു. 19നു രാത്രി ബസ് കയറി 20നു രാവിലെ 6നു മംഗളൂരുവിലേക്കു തിരിച്ചെത്തുകയായിരുന്നു. നോട്ടിസ് കിട്ടിയതു കഴിഞ്ഞ ദിവസമാണ്." - അബ്ദുൽസലാം ഹൊസങ്കടി

"സഹോദരന്റെ പേരിലുള്ള സിം കാർഡാണ് ഉപയോഗിക്കുന്നത്. മത്സ്യത്തൊഴിലാളിയായ ഞാൻ സംഭവ ദിവസം രാവിലെ മഞ്ചേശ്വരത്തുപോയി മീൻ എടുത്ത് തിരികെ എത്തിയതാണ്. 10 വർഷമായി ഈ ജോലിയിലാണ്. നാട്ടിൽ ഞാൻ 25 ലേറെ പേർക്കു നോട്ടിസ് കിട്ടിയിട്ടുണ്ട്." - അബ്ദുറസാഖ്, മത്സ്യ തൊഴിലാളി, ഹൊസബെട്ടു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com