ADVERTISEMENT

നീലേശ്വരം ∙ കൊയ്യാനാളില്ലാത്തതിനാൽ നെൽകൃഷി നശിക്കുന്ന വിവരം കർഷകൻ ചിത്രം സഹിതം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. മണിക്കൂറുകൾക്കകം കൊയ്ത്തിനു സന്നദ്ധരായി എത്തിയത് ഒട്ടേറെ പേർ. ജില്ലാ സഹകരണ ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ നീലേശ്വരം കറുത്ത ഗേറ്റിനു സമീപം ശ്രേയസിലെ പി. കുഞ്ഞിക്കൃഷ്ണനാണ് ഫെയ്സ്ബുക്കിലൂടെ പിന്തുണ ലഭിച്ചത്. കരുവാച്ചേരി കണിയാംവയലിലെ ഒരേക്കർ സ്ഥലത്താണ് ഇദ്ദേഹം കൃഷിയിറക്കിയത്.

സമീപത്ത് മറ്റു കർഷകർ ഇറക്കിയ കൃഷിയും കൊയ്യാനാളില്ലാതെ കിടക്കുകയാണ്. വിളഞ്ഞു പാകമായ നെൽക്കതിരുകൾ ചാഞ്ഞു വീണ് രണ്ടാഴ്ചയായിട്ടും കൊയ്ത്തുകാരെ കിട്ടാത്തതിനെ തുടർന്നാണു വിവരം സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ടത്. പോസ്റ്റ് പലരും പങ്കു വച്ചതോടെ അന്വേഷണ പ്രവാഹമായി. ഉദിനൂരിലെ പാഥേയം എന്ന സന്നദ്ധ സംഘടന, നീലേശ്വരം ടൗൺ ലയൺസ് ക്ലബ് പ്രവർത്തകൻ വിനു മൈമൂണിന്റെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തകർ എന്നിവർ സഹായ സന്നദ്ധത അറിയിച്ചു.

കൊയ്ത്ത്, മെതി യന്ത്രങ്ങൾ കിട്ടാനുള്ള സാധ്യത അറിയിച്ചു പലരും വിവരങ്ങൾ കൈമാറുകയും ചെയ്തു. കുഞ്ഞിക്കൃഷ്ണൻ കഴിഞ്ഞ വർഷം ഇറക്കിയ കൃഷി പ്രതികൂല കാലാവസ്ഥ കാരണം കൊയ്യാതെ ഉപേക്ഷിച്ചിരുന്നു. ഇക്കുറി നല്ല വിളവു കിട്ടിയെങ്കിലും വയലിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ കൊയ്തു പരിചയമുളളവർ എത്തിയാലേ കാര്യം നടക്കൂവെന്നു കുഞ്ഞിക്കൃഷ്ണൻ പറയുന്നു. ഇക്കുറി മുണ്ടകൻ വിത്താണിറക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com