ADVERTISEMENT

നീലേശ്വരം ∙ മടിക്കൈ എരിക്കുളത്തെ ഗവ.ഐടിഐ വളപ്പിലെ കുറ്റിക്കാട്ടിൽ മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തി. അടുത്തിടെ പ്രദേശത്തു നിന്നു കാണാതായ അറുപത്തിയഞ്ചുകാരന്റേതാണെന്നു പൊലീസ് സംശയിക്കുന്നു.  എരിക്കുളം കുന്നിൻമുകളിലെ 5 ഏക്കറിലാണ്  ഐടിഐ പ്രവർത്തിക്കുന്നത്. ഇന്നലെ രാവിലെവിദ്യാർഥികളാണ് ഐടിഐ വളപ്പിനു തെക്കു ഭാഗത്ത് മതിലിനോടു ചേർന്ന, കുറ്റിക്കാടു നിറഞ്ഞ പാറപ്പുറത്ത്  തലയോട്ടിയും ചിതറിക്കിടക്കുന്ന എല്ലുകളും കണ്ടത്. 

ഉടൻ ഐടിഐ അധികൃതരെയും അവർ നീലേശ്വരം പൊലീസിനെയും വിവരമറിയിച്ചു. നീലേശ്വരം സിഐ എം.എ.മാത്യുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ചുവന്ന വരയൻ ഷർട്ടും പഴകിയ മുണ്ടും പഴ്സും സമീപത്തു കണ്ടെത്തി. പരിയാരം മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ എസ്.ഗോപാലകൃഷ്ണപിള്ളയും സ്ഥലത്തെത്തി.

മൃതദേഹാവശിഷ്ടങ്ങൾക്ക് ഒരു മാസത്തിനും 2 മാസത്തിനും ഇടയിൽ പഴക്കമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.  നായ്ക്കളും മറ്റു മൃഗങ്ങളും കടിച്ചു വലിച്ചതിനാലാവാം എല്ലിൻകൂട് ചിതറിയതെന്നും കരുതുന്നു. വിശദമായ പരിശോധനകൾക്കായി തലയോട്ടിയും എല്ലും പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. ഡിഎൻഎ പരിശോധനയും നടത്തും.പ്രദേശത്തു നിന്നു ഡിസംബർ 23ന‌ു കാണാതായ ആളുടേതാണെന്നാണു സംശയിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com