ADVERTISEMENT

പെരുങ്കളിയാട്ട സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു 17ന് പുലർച്ചെ ഒന്നിനാണ് കിച്ചു(കൃപേഷ്) കല്യോട്ട് അമ്പലത്തിൽ നിന്നു വന്നത്. രാവിലെ ഞാനാണ് ആദ്യം ക്ഷേത്രത്തിലേക്ക് പോയത്. അപ്പോൾ അവൻ എഴുന്നേറ്റിട്ടില്ല. ക്ഷേത്രത്തിലെത്തിയപ്പോൾ അവന്റെ കൂട്ടുകാരെല്ലാം യോഗസ്ഥലത്ത് കസേരകൾ നിരത്തുന്നുണ്ടായിരുന്നു. അതു കണ്ട് ഞാനാണ് അവനെ വിളിച്ചെഴുന്നേൽപ്പിച്ച് ക്ഷേത്രത്തിലേക്ക് വിടാൻ വീട്ടുകാരോട് പറഞ്ഞത്.

ക്ഷേത്രത്തിൽ വച്ചാണ് അവസാനമായി അവനെ കണ്ടത്. രാത്രി 7.15ന് ഫോണിൽ വിളിച്ചപ്പോൾ ഉടൻ എത്തുമെന്നായിരുന്നു മറുപടി. എന്നാൽ പിന്നെ വിളിച്ചപ്പോൾ മറുപടിയുണ്ടായിരുന്നില്ല....––കൃപേഷിന്റെ അച്ഛൻ കൃഷ്ണന്റെ വാക്കുകൾ മുറിഞ്ഞു. പട്ടാളക്കാരനാകണമെന്നായിരുന്നു കൃപേഷിന്റെ മോഹം. അതിനായുള്ള തയാറെടുപ്പുകളും നടത്തിയിരുന്നു. നീട്ടി വളർത്തിയ താടി കൃപേഷ് ആദ്യമായി നീക്കിയത് റിക്രൂട്ട്മെന്റിനു പോകണമെന്നു പറഞ്ഞായിരുന്നു.

എന്നാൽ ഇടയ്ക്ക് ആ മോഹം ഉപേക്ഷിച്ചു. ഫുട്ബോൾ കളിക്കാനും ഏറെ ഇഷ്ടമായിരുന്നു.  നാട്ടിലെ സിപിഎം ക്ലബ്ബുകൾക്കു വേണ്ടിയും കൃപേഷ് കളിക്കാൻ പോകുമായിരുന്നു. രാഷ്ട്രീയം വേറെ, കളിയും സൗഹൃദവും വേറെ. അതായിരുന്നു കൃപേഷിന്റെ നിലപാട്. രാഷ്ട്രീയ സാഹചര്യം മൂലം പെരിയ ഗവ.പോളിടെക്നിക് കോളജിലെ പഠനം പൂർത്തിയാക്കിയില്ല. പിന്നെ ഗൾഫിലേക്ക് പോകാനായി പാസ്പോർട്ട് തരപ്പെടുത്തി.

ചോർന്നൊലിക്കുന്ന വീട്ടിൽ പാസ്പോർട്ട് സൂക്ഷിച്ചാൽ‌ നശിക്കുമെന്ന് കരുതി കൂട്ടുകാരനെയാണ് സൂക്ഷിക്കാനേൽപ്പിച്ചത്. ‘ പെരുങ്കളിയാട്ടം കഴിഞ്ഞാൽ എത്രയും വേഗം അവനെ ഗൾഫിലേക്ക് അയയ്ക്കണമെന്നായിരുന്നു ആഗ്രഹം. ഞാൻ ഗൾഫിൽ പോയാൽ ഇനി അച്ഛൻ പണിക്കു പോകേണ്ടെന്നും അവൻ പറഞ്ഞു. പക്ഷേ ഭഗവതി അതിനുള്ള ഭാഗ്യം അവനു നൽകിയില്ല....’ കൃഷ്ണന്റെ കണ്ണുകൾ നിറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് ജോഷിയാണ് (ശരത്‌ലാൽ) ആദ്യം വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്കിറങ്ങിയത്. പിന്നാലെ ഞാനും. മംഗളൂരു ശ്രീദേവി കോളജിൽ നിന്നു സിവിൽ എൻജിനീയറിങ് പൂർത്തിയാക്കി ഫലം കാത്തിരിക്കുകയായിരുന്നു അവൻ. ഫലം വന്നാൽ ബെംഗളൂരുവിലോ ഡൽഹിയിലോ ജോലി ശരിയാക്കാമെന്ന് അടുത്ത ബന്ധു പറഞ്ഞിരുന്നു.

അതുവരെയല്ലേ അച്ഛാ എന്നു പറഞ്ഞ് എല്ലാം ആഘോഷമാക്കുകയായിരുന്നു അവൻ. പാട്ടും അഭിനയവും ചെണ്ടമേളവും ഒപ്പം രാഷ്ട്രീയവും അവൻ ചേർത്തുവച്ചു. മകൾ അമൃതയിൽ നിന്ന് നൃത്തച്ചുവടുകൾ പഠിച്ച് അവൻ ആൺകുട്ടികൾക്കായി ഒപ്പനയും തിരുവാതിരയും സ്റ്റേജിലെത്തിച്ചു. വാദ്യസംഘത്തിലെ പുതു പരീക്ഷണങ്ങൾക്കും കൈയടി കിട്ടി.

കുട്ടികൾക്ക് സൗജന്യമായി ട്യൂഷനെടുത്തു. കുടുംബത്തിൽ നിന്ന് ഒരാളെങ്കിലും പഠിച്ച് നല്ല നിലയിലെത്തണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. അവനിലായിരുന്നു പ്രതീക്ഷ പക്ഷേ...’– സത്യനാരായണന്റെ കണ്ണുകൾ നിറഞ്ഞു. ഇനി നീതിപീഠത്തിലാണു പ്രതീക്ഷ– സത്യനാരായണൻ പറഞ്ഞു.

Kasargod News
കൂടെയുണ്ടാവും, കവചമായി പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‍ലാലിന്റെയും ഒന്നാം ചരമവാർഷികമാണിന്ന്. കല്യോട്ട് യുവജന വാദ്യകലാസംഘത്തിന്റെ അമരക്കാരായിരുന്ന ശരത്‍ലാലിന്റെയും കൃപേഷിന്റെയും അപ്രതീക്ഷിതമായ വേർപാടിൽ നിന്ന് ഇന്നും സുഹൃത്തുകൾ മുക്തരായിട്ടില്ല. ആ സുഹൃത്ബന്ധത്തിന്റെ ശക്തിയെന്നോണം വാദ്യകലാസംഘത്തിലെ ഭൂരിഭാഗം ആളുകളുടെയും മൊബൈൽ ഫോൺ കവറിൽ ഇരുവരം ചേർന്നിരിക്കുന്ന ചിത്രങ്ങളാണ്. ചിത്രം: ജിബിൻ ചെമ്പോല∙ മനോരമ

വിവാഹം ആഘോഷമാക്കാൻ തീരുമാനിച്ചു, പക്ഷേ...

പെരിയ∙ കഴിഞ്ഞ വർഷം ഫെബ്രുവരി 21നായിരുന്നു കൃപേഷിന്റെയും ശരത്‍ലാലിന്റെയും ഉറ്റ ചങ്ങാതി കല്യോട്ട് മേച്ചപ്പാറയിലെ ദീപുവിന്റെ കല്യാണം തീരുമാനിച്ചിരുന്നത്. വിവാഹം ആഘോഷമാക്കാൻ ശരത്‍ലാൽ മുൻകൈയെടുത്താണു ഒരുക്കങ്ങൾ നടത്തിയത്. വധൂവരന്മരെ തുറന്ന ജീപ്പിൽ വീട്ടിലേക്ക് വരവേൽക്കാനായിരുന്നു സുഹൃത്തുക്കളുടെ തീരുമാനം. ഇതിനായി 4 വാഹനങ്ങൾ ശരത്‍ലാൽ ബുക്ക് ചെയ്തു. വിവാഹത്തിനു മാറ്റുകൂട്ടാൻ യുവാക്കളുടെ നൃത്തം വേണമെന്നും ശരത്‌ലാൽ തീരുമാനിച്ചിരുന്നു.

ഏപ്രിൽ 17ന് സന്ധ്യയ്ക്ക് കല്യോട്ട് ക്ഷേത്രകവാടത്തിനു സമീപത്തെ കടയിൽ വച്ചാണു വിവാഹത്തിനു രാജീവ്ജി ക്ലബ് അംഗങ്ങളെല്ലാം ഒരേ നിറത്തിലുള്ള കുർത്തയും മുണ്ടും ധരിക്കണമെന്ന തീരുമാനം ശരത് മുന്നോട്ടുവയ്ക്കുന്നത്. ‘മഞ്ഞ കളർ കുർത്തയും ചാരനിറത്തിലുള്ള മുണ്ടും’ – നിറം തീരുമാനിച്ചതും ശരത്‌ലാൽ ആയിരുന്നു.

തുണിക്കടയിൽ അഡ്വാൻസ് നൽകാനായി പണമെടുക്കാൻ കൃപേഷിനെയും കൂട്ടി വീട്ടിലേക്കു പോയപ്പോഴാണ് ഇരുവരെയും അവസാനമായി കണ്ടതെന്നു ഓർക്കുന്നു ദീപു. കൃപേഷിന്റെയും ശരത്‍ലാലിന്റെയും മരണത്തിൽ ദീപു തകർന്നു. ആ സമയം വിവാഹത്തെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല ദീപുവിന്. പ്രതിശ്രുത വധുവും ബന്ധുക്കളും കാര്യങ്ങൾ മനസ്സിലാക്കിയതിനാൽ വിവാഹം നീട്ടിവയ്ക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല.

പിന്നെയും രണ്ടുമാസം കഴിഞ്ഞ് ഏപ്രിൽ 6നായിരുന്നു ലളിതമായ രീതിയിൽ വിവാഹം. കലി തീരാത്ത രാഷ്ട്രീയ പ്രതിയോഗികൾ ദീപുവിനു നേരെയും ഭീഷണി തുടർന്നു.  ദീപുവിന്റെ വീടിനു നേരെ ബോംബേറുണ്ടായി. രണ്ടു കുടുംബങ്ങളുടെയും നാടിന്റെയും പ്രതീക്ഷകളെ ഇല്ലാതാക്കിയവരിൽ നിന്ന് ഇതേ പ്രതീക്ഷിക്കാവൂവെന്ന് ദീപു പറഞ്ഞു.

കൃപേഷിന്റെ ഓർമയിൽ വിതുമ്പി ‘കിച്ചൂസ്’

പെരിയ∙ ഓലകളും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുണ്ടാക്കിയ ഒറ്റമുറി ഷെഡ്. ഇതായിരുന്നു കൃപേഷിന്റെ വീടും വിലാസവും. ഇരട്ടക്കൊലപാതകവിവരമറിഞ്ഞ് കല്യോട്ടെത്തിയവരെയെല്ലാം സങ്കടപ്പെടുത്തിയ കാഴ്ചകളൊന്ന് ഈ വീടായിരുന്നു. പിറ്റേന്ന് മനോരമയിലുൾപ്പെടെ ഇതു സംബന്ധിച്ചു വന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെ അന്ന് എംഎൽഎയായിരുന്ന ഹൈബി ഈഡൻ ഫെയ്സ്ബുക്കിലൂടെയാണു കൃപേഷിന്റെ കുടുംബത്തിനു വീടു വച്ചു നൽകുമെന്ന് പ്രഖ്യാപിച്ചത്.

തുടർനടപടികൾ വേഗത്തിലായിരുന്നു. മൂന്നു മാസം കൊണ്ട് 20 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ‘കിച്ചൂസ്’ എന്ന മനോഹരമായ വീട് കൃപേഷിന്റെ കുടുംബത്തിനായി ഒരുങ്ങി. പാലുകാച്ചൽ ചടങ്ങിന് ഹൈബി ഈഡൻ പ്രചാരണത്തിരക്കിനിടയിലും കുടുംബസമ്മേതം എത്തി. കിച്ചുവിന്റെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന കിച്ചൂസിന്റെ സുരക്ഷിതത്വത്തിലാണ് ഇപ്പോൾ കൃപേഷിന്റെ കുടുംബം താമസിക്കുന്നത്.

Kasargod News
ശരത്‍ലാലിന്റെ അമ്മ ലത, കൃപേഷിന്റെ അമ്മ ബാലാമണി

ഇന്നും തോർന്നിട്ടില്ല അമ്മ കണ്ണീർ

പെരിയ∙ ‘ഒരമ്മയ്ക്കും ഇനി ഈ ഗതിവരരുത്. ഞങ്ങളെ തീരാവേദനയിലാഴ്ത്തിയവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം. ഇത് അപേക്ഷയും പ്രാർഥനയുമാണ്.’ ശരത്‍ലാലിന്റെ അമ്മ ലതയുടെ സങ്കടം ഈ വാക്കുകൾക്കും അതീതമാണ്. അനുദിനം മകന്റെ ഓർമകളിൽ നൊന്തുവിലപിക്കുകയാണീ അമ്മ. വിളിപ്പാടകലെ ‘കിച്ചൂസ്’ വീട്ടിൽ സമാനദുഃഖവുമായി മറ്റൊരു അമ്മ കൂടിയുണ്ട്. കൃപേഷിന്റെ അമ്മ ബാലാമണി.

‘നീതി ഞങ്ങൾക്കു നേരെ കണ്ണടയ്ക്കുകയാണോയെന്നു ചില നേരങ്ങളിൽ തോന്നും. ഈ കേസന്വേഷിക്കുന്ന പൊലീസുകാർക്കാണീ ഗതി വന്നതെങ്കിൽ ഈ നീതികേടിനു അവർ കൂട്ടു നിൽക്കുമായിരുന്നോ..’ അമർഷത്തോടുള്ള ഈ വാക്കുകൾ നീറുന്ന മനസ്സിന്റെ അനന്തര ഫലമായിരുന്നു. യാത്രപോലും പറയാതെ പോയ പ്രിയപ്പെട്ട മക്കളെയോർത്ത് തേങ്ങുകയാണിപ്പോഴും ഈ മാതൃഹൃദയങ്ങൾ. എങ്കിലും അവർ ഉറപ്പിക്കുന്നു–‘ഈ നിയമപോരാട്ടത്തിൽ അവസാന വിജയം ഞങ്ങൾക്കായിരിക്കും. നീതിപീഠവും ദൈവങ്ങളും ഞങ്ങളുടെ പ്രാർഥന കേൾക്കാതിരിക്കില്ല.’

ദീപ പ്രോജ്വലനവുമായി ജവാഹർ ബാലജനവേദി

പെരിയ∙ മരണാനന്തരവും കൃപേഷിനും ശര്ത‍ലാലിനും നീതി നൽകാൻ തയാറാകാത്ത ഭീരുവായ മുഖ്യമന്ത്രിയാണു പിണറായി വിജയനെന്ന് കെപിസിസി ഉപാധ്യക്ഷൻ ടി.സിദ്ദീഖ് പറഞ്ഞു. കൃപേഷ്–ശരത്‍ലാൽ രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് ജവാഹർ ബാലജനവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യോട്ട് നടന്ന ദീപ പ്രോജ്വലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കാൻ അഭിഭാഷകരെ കൊണ്ടുവന്നതിനു സർക്കാർ ഖജനാവിൽ നിന്ന് 1 കോടി രൂപയാണു ചെലവഴിച്ചതെന്നും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യും വരെ നിയമപോരാട്ടം തുടരുമെന്നും സിദ്ദീഖ് പറഞ്ഞു. ജവാഹർ ബാലജനവേദി ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് മുഖ്യാതിഥിയായി.

ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, ഡിസിസി ഭാരവാഹികളായ കെ.കെ.രാജേന്ദ്രൻ, ബാലകൃഷ്ണൻ പെരിയ, എ.ഗോവിന്ദൻ നായർ, ധന്യ സുരേഷ്, കോൺഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡന്റ് രാജൻഡ പെരിയ, പുല്ലൂർ പെരിയ മണ്ഡലം പ്രസിഡന്റ് ടി.രാമകൃഷ്ണൻ, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിത് മവ്വൽ.

ബി.പി.പ്രദീപ്കുമാർ, സി.കെ.അരവിന്ദൻ, വി.വി.നിശാന്ത്, ബാലജനവേദി സംസ്ഥാന പ്രസിഡന്റ് വൈഷ്ണവ് ബേഡകം, സിന്ധു പത്മനാഭൻ, പി.ശ്രീകല, നികിത കരിച്ചേരി എന്നിവർ പ്രസംഗിച്ചു. പ്രതീകാത്മകമായി വരച്ച കൃപേഷിന്റെയും ശരത്‍ലാലിന്റെയും ചിത്രങ്ങൾക്കു ചുറ്റും നേതാക്കളും പ്രവർത്തകരും മൺചെരാതുകൾ തെളിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com