ADVERTISEMENT

കാസർകോട് ∙ 43 ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടിയ സംഭവം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) അന്വേഷിക്കുന്നു. ഐബി ഉദ്യോഗസ്ഥർ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. അതേസമയം, കേസിലെ മുഖ്യ പ്രതിയെന്നു സംശയിക്കുന്ന അണങ്കൂർ ബാരിക്കാടിലെ ബി. സലിം ഒളിവിലാണ്. 

പ്രതിക്കു വേണ്ടി വീട്ടിലുൾപ്പെടെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളെ പിടികൂടിയാൽ മാത്രമേ നോട്ടുകൾ എങ്ങോട്ടാണു പോകുന്നതെന്ന് അറിയാനാവൂ.  സലിമിന്റെ കയ്യിൽ നിന്നു കഴിഞ്ഞ മാസം ഗോവ പൊലീസ് ഒന്നരക്കോടി രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടിയിരുന്നു.

മറ്റാരിൽ നിന്നോ വാങ്ങുന്ന പണം കൂടുതൽ തുകയ്ക്കു സലിം കൈമാറ്റം ചെയ്യുന്നതാകാമെന്നാണു പൊലീസ് കരുതുന്നത്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതാര്, നിരോധിത നോട്ടുകൾ എന്താണു ചെയ്യുന്നത്, പുതിയ നോട്ടുകൾ നൽകി പഴയ നോട്ട് വാങ്ങുന്നവർക്ക് എന്താണു ലാഭം തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ കാസർകോട് ഗവ. കോളജ് പരിസരത്തു നിന്നാണ് 500 രൂപയുടെ നിരോധിച്ച നോട്ടുകൾ കൈമാറാൻ ശ്രമിക്കവേ പൊലീസ് പിടികൂടിയത്. 

സംഘത്തിലുണ്ടായിരുന്ന പെർള ഉക്കിനടുക്കയിലെ മുഹമ്മദിനെ പിടികൂടിയെങ്കിലും സലിമും പണം വാങ്ങാനെത്തിയ ആളും ഓടിരക്ഷപ്പെട്ടു. ഒരു ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾക്കു 15000 രൂപ നിരക്കിൽ ഇടപാടുറപ്പിച്ചാണു സലിം കൈമാറാനെത്തിയതെന്നു മുഹമ്മദ് പൊലീസിനോടു പറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com