ADVERTISEMENT

അധികാരസ്ഥാനത്തിരിക്കുമ്പോൾ ആത്മാർപ്പണത്തോടെ ചെയ്ത സേവനത്തിന്റെ ഗരിമയിൽ ജന്മശതാബ്ദിയിലും സമൂഹത്തിന്റെ ഓർമകളിൽ ജ്വലിച്ചു നിൽക്കുകയാണ് എൻ.കെ.ബാലകൃഷ്ണൻ എന്ന മുൻ മന്ത്രി. നീലേശ്വരത്തുകാരുടെ സ്വന്തം എൻകെ. 

കുട്ടമത്ത്. എ.ശ്രീധരൻ രചിച്ച കാലത്തിൽ പതിഞ്ഞ കാൽപ്പാടുകൾ എന്ന ജീവചരിത്ര ഗ്രന്ഥത്തിനു  സാക്ഷാൽ എം.ടി.വാസുദേവൻ നായർ എഴുതിയ അവതാരികയിലെ വാക്കുകൾ കടമെടുത്താൽ നേതാവും ഭരണാധികാരിയും ഒക്കെയായിരുന്നപ്പോഴും സാധാരണക്കാരിൽ സാധാരണക്കാരൻ, പരിവേഷങ്ങളൊന്നും മോഹിക്കാത്ത രാഷ്ട്രീയ പ്രവർത്തകൻ.

തൂവെള്ള ഖാദിവസ്ത്രം ധരിച്ച്, കൈകൾ താഴ്ത്തിയിട്ട്, തലയുയർത്തി നേരെ മുന്നോട്ട് നോക്കി പതുക്കെയുള്ള നടത്തവും, വെളുത്ത് തുടുത്ത മുഖവും മുഴുകഷണ്ടിയും ചേർന്നുണ്ടാകുന്ന ദൃശ്യഗൗരവത്തിൽ ഏതൊരാൾക്കൂട്ടത്തിലും ശ്രദ്ധേയനായിരുന്ന എൻ.കെ. നീലേശ്വരത്തെ പത്മശാലിയതെരുവിൽ കിഴക്കേവളപ്പിൽ അമ്പുവിന്റെയും വലിയവളപ്പിൽ മാക്കത്തിന്റെയും നാലമത്തെ മകനായി ജനിച്ച കുഞ്ഞിരാമനാണ് പിന്നീട് എൻ.കെ. ബാലകൃഷ്ണനായി കേരളം കണ്ട മികച്ച ഭരണതന്ത്രജ്ഞരിൽ ഒരാളായി മാറിയത്. 

ജോലി ഉപേക്ഷിച്ച് പൊതു പ്രവർത്തനത്തിലേക്ക് 

പത്താംക്ലാസ് പരീക്ഷ ജയിച്ച ആർക്കും സർക്കാർ ഉദ്യോഗമായിരുന്നു അക്കാലത്തെ ലക്ഷ്യം. ഉദ്യോഗ പരീക്ഷ  എഴുതി എൻകെ. ജയിച്ചപ്പോൾ നാട്ടിൽ അതൊരു വാർത്തയായി. മധുരയിൽ സഹകരണ വകുപ്പിൽ ഉദ്യോഗസ്ഥനായായിരുന്നു നിയമനം. തമിഴ്‌നാടിനെ സ്വന്തം നാടിനെപ്പോലെ സ്‌നേഹിച്ച് തുടങ്ങിയ ബാലകൃഷ്ണനെ ക്ഷേത്ര നഗരത്തിലെ ജനജീവിതത്തെയാകെ ലഹരിപിടിപ്പിച്ച  'വിടുതലൈ' (സ്വാതന്ത്രം) എന്ന  മുദ്രാവാക്യം ആവേശംകൊള്ളിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനും നായകൻ മഹാത്മാഗാന്ധിക്കും ജയം നേരുന്ന മുദ്രാവാക്യങ്ങൾ മധുരാ നഗരത്തിന്റെ സായാഹ്നങ്ങളെയാകെ ചൂടുപിടിപ്പിക്കുകയായിരുന്നു. ബാലകൃഷ്ണന്റെ വാസസ്ഥലത്തിന് തൊട്ടടുത്തായിരുന്ന 'അമേരിക്കൻ കോളേജിൽ' സ്വാതന്ത്രത്തിന് വേണ്ടി പോരാടിയ വിദ്യാർഥികളെ ബ്രിട്ടീഷ് പോലീസ് നിഷ്‌കരുണം തല്ലിച്ചതയ്ക്കുന്നത് അദ്ദേഹം കാണാൻ ഇടയായി. ഇതിൽ അരിശം കൊണ്ട എൻകെ ബ്രിട്ടീഷ് സർക്കാരിന്റെ അടിമപ്പണി തനിക്ക് വേണ്ടെന്ന് പറഞ്ഞ് രാജിക്കത്തെഴുതി മേലുദ്യോഗസ്ഥന്റെ മേശപ്പുറത്തേക്കെറിഞ്ഞ് നാട്ടിലേക്ക് വണ്ടികയറി. ‌

ക്വിറ്റ് ഇന്ത്യാ സമരം ബാലകൃഷ്ണനെ കാത്തുനിൽക്കുകയായിരുന്നു. ഇക്കാലത്ത് വിദ്യാർഥി കോൺഗ്രസിൽ ഒരുവിഭാഗം സോഷ്യലിസ്റ്റ് പാർട്ടിയിലായിരുന്നു. അതിൽ മുൻനിരയിലായിരുന്നു ബാലകൃഷ്ണൻ. ചിറക്കൽ ടി. ബാലകൃഷ്ണൻ നായരോടൊപ്പം നിരോധനം ലംഘിച്ച് പ്രസംഗിക്കാൻ പോയതിന് പയ്യന്നൂരിൽ വച്ചായിരുന്നു എൻ.കെയെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. പിന്നീടങ്ങോട്ട് ഒട്ടേറെ സമര പോരട്ടങ്ങളുടെ മുൻപന്തിയിൽ എൻ.കെ.യുണ്ടായിരുന്നു. 

ഗവ.ആശുപത്രികൾ ഗ്രാമങ്ങളിലേക്ക്; മികവിലേക്കും 

1970 കാലഘട്ടത്തിലാണ് എൻ.കെ. ആരോഗ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. അന്ന് കേരളത്തിൽ ചുരുക്കം ചില ആശുപത്രികളേയുള്ളൂ.ആവശ്യത്തിന് യാത്രാ സൗകര്യം പോലുമില്ലാത്ത കാലം. ഇതിൽ മാറ്റമുണ്ടാകണമെന്ന ചിന്തയുടെ അടിസ്ഥാനത്തിൽ ഗ്രാമങ്ങളിൽ ഡിസ്‌പെൻസറികൾ കൊണ്ടുവരണമെന്ന ആശയം എൻ.കെ. മന്ത്രിസഭാ യോഗത്തിൽ മുന്നോട്ട് വച്ചു. എന്നാൽ ധനകാര്യവകുപ്പ് എതിർത്തതിന്റെ അടിസ്ഥാനത്തിൽ അത് എങ്ങുമെത്തിയില്ല.

പിന്നീട് ഇത് എങ്ങനെ നടത്താൻ സാധിക്കുമെന്നായിരുന്നു ബാലകൃഷ്ണന്റെ ആലോചന. അപ്പോഴാണ് കേന്ദ്ര പദ്ധതിയായ 'ഹാഫ് എ മില്യ ൺ ജോബ് പ്രോഗ്രാ'മിനെപ്പറ്റി അറിയുന്നത്. ഇതിലൂടെ എൻ.കെ. ഒരു സ്‌കീമുണ്ടാക്കി മുന്നോട്ട് വച്ചു.  ആസ്പത്രികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നാട്ടുകാരും ചേർന്ന് കെട്ടണമെന്നും സർക്കാരിനെ സമീപിച്ചാൽ അനുമതി തരുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞു.

ഇവിടേക്കുള്ള ഡോക്ടർ, നാഴ്‌സ്, കൂടാതെ മറ്റ് രണ്ട് സ്റ്റാഫുകൾ എന്നിവരെ സർക്കാരിന്റെ ചെലവിൽ നിയമിക്കും. ഈ ആശയം മന്ത്രിസഭ അംഗീകരിച്ചു, നാടൊന്നടങ്കം ഏറ്റെടുത്തു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് എളേരി, പാണത്തൂർ, കരിവെള്ളൂർ, ചെറുവത്തൂർ, പയ്യന്നൂർ എന്നി വിടങ്ങളിലും ആസ്പത്രികൾ വരുന്നത്. ഇത്തരത്തിൽ കേരളത്തിൽ 6 മാസം കൊണ്ട് 300 ആസ്പത്രികളാണ് ഉണ്ടായത്. 

തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ മെഡിക്കൽ കോളേജ് കൊണ്ടുവരുന്നും കോഴിക്കോട് മെഡിക്കൽ കോളേജ് മെച്ചപ്പെടുത്തുന്നതും എൻ.കെയാണ്. നീലേശ്വരം ഹോമിയോ ആസ്പത്രി, കാഞ്ഞങ്ങാട് താലൂക്ക് ആസ്പത്രിയിൽ 200 കിടക്കകളോടുള്ള സ്വകര്യം, കാസർകോട് താലൂക്ക് ആസ്പത്രിക്ക് കെട്ടിടം നിർമിക്കൽ തുടങ്ങി സ്വന്തം നാട്ടിലെ ആരോഗ്യ മേഖലയെ മെച്ചപ്പെടുത്താനും അദ്ദേഹം മറന്നില്ല.

മണ്ണൂത്തിയിൽ കാർഷിക സർവകലാശാല നിലവിൽ വന്നത് എൻ.കെ. കൃഷിമന്ത്രിയായ കാലത്താണ്. സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷൻ നഷ്ടത്തിലായി അടച്ചുപൂട്ടൽ ഭീക്ഷണി നേരിട്ട കാലത്ത് അന്ന് മന്ത്രിയായിരുന്ന ബാലകൃഷ്ണൻ മുഖ്യമന്ത്രി അച്ചുതമേനോന്റെ നിർദേശപ്രകാരം ഇതിന്റെ ചെയർമാനായി തിരഞ്ഞെടുക്കുകയുണ്ടായി. പിന്നീട് നാലുവർഷം കൊണ്ട് വെയർ ഹൗസിങ് കോർപ്പറേഷൻ കടങ്ങളത്രയും വീട്ടി ലാഭമുണ്ടാക്കുകയായിരുന്നു. 

തന്ത്രശാലിയായ  മന്ത്രി 

മികച്ച ജന സേവകൻ എന്ന  പോലെ മികച്ച ഭരണ തന്ത്രജ്ഞനുമായിരുന്നു എൻകെ.  സ്വകാര്യ ട്രസ്റ്റിയുടെ നിയന്ത്രണത്തിലായിരുന്ന ഗുരുവായൂർ ക്ഷേത്രം ഏറ്റെടുക്കാൻ നടത്തിയ നീക്കം മാത്രം മതി ഏത് ഉദാഹരിക്കാൻ. എൻ.കെ. മന്ത്രിയായി ചുമതലയേറ്റെടുത്ത കാലത്താണ് ഗുരുവായൂരിൽ വൻ തീപിടി ത്തം ഉണ്ടാകുന്നത്. ഈ സംഭവത്തിന് പിന്നാലെ മറ്റൊരു അപകടവും ഗുരുവായൂരിൽ ഉണ്ടായി.

കുളത്തിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് കുറച്ചു പേർ ഷോക്കേറ്റ് മരിച്ചതായിരുന്നു രണ്ടാമത്തെ സംഭവം. റവന്യൂ സെക്രട്ടറിയായിരുന്ന എ.കെ.കെ. നമ്പ്യാരെ വിഷയം അന്വേഷിക്കാൻ മന്ത്രി ചുമതലപ്പെടുത്തി. ദുർഭരണമാണ് ട്രസ്റ്റിയുടെ കീഴിലെന്നും സർക്കാർ ഏറ്റെടുക്കേണ്ട ആവശ്യമേറിയെന്ന് അന്ന് അന്വേഷണത്തിലൂടെ വ്യക്തമായി.  ക്ഷേത്രം സർക്കാരിലേക്ക് ഏറ്റെടുക്കാനുള്ള ശ്രമമായിരുന്നു എൻ.കെ. നടത്തിയത്.

ആദ്യം ജനങ്ങളുടെ എതിർപ്പില്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം. എല്ലാവരും ഈ നീക്കത്തെ പിൻതുണച്ചു. ഒരുദിവസം രാത്രി പൊടുന്നനെ ഗുരുവായൂർ ക്ഷേത്രം സർക്കാർ ഏറ്റഎടുത്തതായി ഓർഡിനൻസ് ഇറക്കുകയും ഇതിന്റെ പകർപ്പ് രാത്രിതന്നെ ട്രസ്റ്റിമാരുടെ കൈകളിൽ എത്തിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ തന്നെ ക്ഷേത്രങ്ങളുടെ ചുമതല ഏറ്റെടുക്കണമെന്ന് തൃശ്ശൂർ കളക്ടർക്ക് നിർദേശം നൽകുകയും ചെയ്തു. ആറ്, ഏഴ് ദിവസം വേണ്ടിവന്നു ഇതിന്. ഇങ്ങനെയാണ് ഗുരുവായൂർ ക്ഷേത്രം സർക്കാരിന്റെ കയ്യിലെത്തുന്നത്. 

ശതാബ്ദി ‌ആഘോഷിക്കാൻ നാടൊന്നിച്ച് 

നാട്ടൊരുമയിലാണ് ശതാബ്ദി ആഘോഷങ്ങൾ. എൻകെയുടെ ശിഷ്യനായ സി.കെ.ശ്രീധരൻ ചെയർമാനും നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.രാധാകൃഷ്ണൻ നായർ ജനറൽ കൺവീനറുമായുള്ള ശതാബ്ദി ആഘോഷ കമ്മിറ്റി നീലേശ്വരം സർവീസ് സഹകരണ ബാങ്ക്, ബാങ്കിലെ വിരമിച്ച ജീവനക്കാരുടെയും നിലവിലുള്ളവരുടേയും കൂട്ടായ്മയായ എൻ.കെ.സ്മാരക വേദി, എൻ.കെ.ബാലകൃഷ്ണൻ സ്മാരക ആശുപത്രി എന്നിവയ്‌ക്കൊപ്പം എൻകെയുടെ അനുയായികളും ആരാധകരും നാട്ടുകാരും ഉൾപ്പെട്ടതാണ്.  ഒരു വർഷം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ വേറെയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com