ADVERTISEMENT

കാസർകോട് ∙ ലോക്‌ഡൗൺ സമയത്തു വീട്ടിൽ ഇരുന്നു മടുത്തപ്പോൾ 2 ചെറുപ്പക്കാർക്ക് ഒരു തോന്നൽ, വെറുതേ ഒന്ന് കോവിഡ് ടെസ്റ്റ് നടത്തിയാലോ? നേരെ വണ്ടിയും എടുത്തു പോയത്, ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന കാസർകോട് ഗവ. ജനറൽ ആശുപത്രിയിലേക്ക്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കണ്ണുരുട്ടിയതോടെ വന്നതുപോലെ തിരിച്ചുപോയി രണ്ടു പേരും. 

കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ജീവനക്കാർ രാപകലില്ലാതെ കഷ്ട്ടപ്പെടുമ്പോഴാണ് ഈ തമാശ. നഗര പരിധിയിൽ താമസിക്കുന്ന രണ്ടു ചെറുപ്പക്കാരാണ് കോവിഡ് പരിശോധനയ്ക്ക് എന്ന പേരിൽ ആഡംബര കാറിൽ കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ എത്തിയത്. പുറത്തുള്ള കോവിഡ് സഹായ കേന്ദ്രത്തിൽ എത്തിയ ഇവരോട് ജീവനക്കാർ കാര്യം തിരക്കി.

കോവിഡ് ടെസ്റ്റ് ചെയ്യാൻ വന്നതാണെന്നായിരുന്നു മറുപടി. പേരും ആരോഗ്യവിവരവും രേഖപ്പെടുത്താൻ തുടങ്ങിയപ്പോഴും ചെറുപ്പക്കാർക്ക് കുലുക്കമില്ല. ഗൾഫിൽ നിന്നു വന്നതാണോ എന്ന ചോദ്യത്തിന് ‘അല്ല’ എന്നായിരുന്നു മറുപടി. വീട്ടിൽ ആർക്കെങ്കിലും കോവിഡ് പോസിറ്റീവ് റിപോർട്ട് ചെയ്തിട്ടുണ്ടോ, രോഗം സ്ഥിരീകരിച്ച ആരെങ്കിലുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ‘ഇല്ല’ എന്നു മറുപടി. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്നു ചോദ്യത്തിനു മറുപടി ഇല്ല എന്നു തന്നെ.

അപ്പോൾ പിന്നെ എന്തിനു വന്നു എന്നായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. അപ്പോഴാണ് അതിൽ ഒരാൾ സത്യം പറഞ്ഞത്, ‘വെറുതേ വീട്ടിൽ ഇരുന്നു മടുത്തു സാറേ.. എന്നാൽ പിന്നെ ഒന്നു കോവിഡ് ടെസ്റ്റ് നടത്തിയാലോ എന്നു വിചാരിച്ച് ഇറങ്ങിയതാ’. ഒന്നും സംഭവിക്കാത്തതു പോലെയുള്ള ഇവരുടെ മറുപടി കേട്ട് ജീവനക്കാർക്ക് അമ്പരപ്പ്. പൊലീസിനെ വിളിക്കുമെന്നു പറഞ്ഞതോടെയാണു ചെറുപ്പക്കാർ മടങ്ങിയത്. വഴിയിൽ പരിശോധനയ്ക്കുണ്ടായിരുന്ന പൊലീസിനെയും ഇവർ ഇങ്ങനെ പറഞ്ഞു കബളിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com