ADVERTISEMENT

കാസർകോട് ∙ ‌കോവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവർക്കും കാസർകോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച 7 പേർക്കാണു യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാത്തത്. എല്ലാവരും ഗൾഫിൽ നിന്ന് എത്തിയവർ. അതുകൊണ്ടാണു ലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ഗൾഫിലെ നെയ്ഫ് മേഖലയിൽ നിന്നു വരുന്നവർക്കു ലക്ഷണങ്ങൾ ഇല്ലെങ്കിൽ കൂടി സ്രവം പരിശോധനയ്ക്ക് എടുക്കുന്നുണ്ട്. ഈ പരിശോധനയിലാണു പോസിറ്റീവ് ഫലം ലഭിച്ചത്.

പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഇല്ലാത്തവർക്കും രോഗം സ്ഥിരീകരിക്കുന്നതു സ്ഥിതി സങ്കീർണമാക്കുമെന്ന ആശങ്കയുണ്ട്. പ്രതിരോധ ശേഷി കൂടുതലുള്ളതുകൊണ്ടാകാം ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതെന്നാണു ഡോക്ടർമാരുടെ വിലയിരുത്തൽ. ലക്ഷണങ്ങൾ ഇല്ലെങ്കിലും ഇവരിൽ നിന്നു രോഗം മറ്റുള്ളവരിലേക്കു പടരും. ‌ഈ സാഹചര്യം കൂടി മുന്നിൽ കണ്ടാണു ഗൾഫിൽ നിന്നു വരുന്ന എല്ലാവരോടും 28 ദിവസം ക്വാറന്റീനിൽ കഴിയാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്. ഗൾഫിൽ നിന്ന് എത്തിയ എല്ലാവരുടെയും സാംപിൾ പരിശോധിക്കുന്നതു നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല.

റാപിഡ് ടെസ്റ്റ് തുടങ്ങിയാൽ, നിരീക്ഷണത്തിലുള്ള എല്ലാവരുടെയും രക്തസാംപിൾ പരിശോധിക്കുന്ന കാര്യം ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. എല്ലാ പിഎച്ച്സികളിലും റാപിഡ് ടെസ്റ്റ് ആരംഭിച്ചാൽ അവിടെ വച്ചു തന്നെ സാംപിൾ പരിശോധിക്കാൻ കഴിയും. ഫലം പോസിറ്റീവ് ആയാലും നിലവിലുള്ള ഇസിആർ ടെസ്റ്റ് കൂടെ ചെയ്തു ഫലം ഉറപ്പാക്കേണ്ടി വരുമെന്നു മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com