ADVERTISEMENT

കാസർകോട് ∙ ‌‌‌‌ചിലമ്പൊലിയില്ല, ആസുര താളമില്ല; ആളും ആരവങ്ങളും ഇല്ല. തെയ്യങ്ങൾ നിറഞ്ഞാടേണ്ട വടക്കൻ കേരളത്തിലെ തറവാടുകളും കാവുകളും കളിയാട്ടപ്പറമ്പുകളുമെല്ലാം പതിവില്ലാത്ത മൂകതയിലാണ്.ഉത്സവങ്ങൾക്കും കളിയാട്ടങ്ങൾക്കും ലോക്ഡൗൺ വിലങ്ങിട്ടതോടെ അനേകം തെയ്യം കലാകാരന്മാരുടെ ജീവിതമാണു പ്രതിസന്ധിയിലായത്. തെയ്യങ്ങൾക്കു പകരം കോലധാരികളുടെ സങ്കടങ്ങളാണ് ഇപ്പോൾ അരങ്ങു വാഴുന്നത്. വണ്ണാൻ, മലയ, നെൽക്കദായ, വേലൻ, പരവൻ, മാവിലൻ, മൊഗേര തുടങ്ങിയ സമുദായക്കാരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. 

ജില്ലയിൽ മാത്രം രണ്ടായിരത്തിലധികം പേർ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നു.തുലാം പത്തിനു തുടങ്ങി ഇടവ മാസം പകുതി വരെ നീണ്ട 8 മാസമാണ് ഒരു വർഷത്തെ തെയ്യക്കാലം. ഒരു തെയ്യക്കാലത്തു കിട്ടുന്ന വരുമാനമാണ് ഒരു വർഷത്തെ ഇവരുടെ ജീവിതം. ഈ വർഷത്തെ പ്രധാനപ്പെട്ട 3 മാസമാണു കോവിഡ് മൂലം നഷ്ടമായത്. നൂറിലധികം തറവാടുകളിലെയും പ്രധാന ക്ഷേത്രങ്ങളിലെയും തെയ്യങ്ങൾ മാറ്റിവച്ചു. ഈ വർഷം ജില്ലയിൽ നടക്കാനിരുന്ന 13 വയനാട്ടുകുലവൻ തെയ്യങ്ങളിൽ 3 എണ്ണം മാത്രമേ നടത്താൻ കഴിഞ്ഞുള്ളൂ. കൂവം അളക്കൽ ചടങ്ങ് നടത്തിയവ പോലും മാറ്റിവയ്ക്കേണ്ടി വന്നു. 

ഇത് കമ്മിറ്റികൾക്കും വലിയ നഷ്ടമുണ്ടാക്കി. മറ്റുള്ളവർക്ക് ഐശ്വര്യവും അനുഗ്രഹവും ചൊരിയുമ്പോഴും തെയ്യം കലാകാരന്മാരുടെ ജീവിതം എപ്പോഴും സങ്കടക്കടലിലാണ്.  ഇവർക്കു ലഭിക്കുന്നത് തുച്ഛമായ വരുമാനം മാത്രം. നിർമാണ മേഖലയിൽ കിട്ടുന്ന വേതനം പോലും തെയ്യം രംഗത്ത് പ്രവർത്തിക്കുന്നവർക്കു കിട്ടുന്നില്ലെന്ന് ഉത്തര കേരള മലയൻ സമുദായോദ്ധാരണ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജൻ പണിക്കർ പയം പറഞ്ഞു. 

കുട്ടിക്കാലം മുതൽ തെയ്യം കെട്ടാനിറങ്ങി, പണിക്കറും, കലയപ്പാടിയും, നേണിക്കവുമെല്ലാമായി പെരുമ നേടിയ കലാകാരനായാലും ഇവരുടെ സമ്പാദ്യം അവസാന കാലത്ത് കിട്ടുന്ന രോഗ പീഢകളാണ്. കുറച്ചു പ്രായമായൽ വാത രോഗം ഇല്ലാത്തവർ ചുരുക്കം. ഉടയാടകൾ സന്ധികൾ തോറും കെട്ടുമ്പോൾ രക്തഓട്ടം കൃത്യമായി നടക്കാത്തതാണ് കാരണം. സാമ്പത്തികമായി ഒരു ഗുണവും ഇല്ലാതിരുന്നിട്ടും പരമ്പരാഗതമായി ചെയ്തു വരുന്ന പ്രവൃത്തി എന്ന നിലയിൽ മിക്കവരും ഇതു തുടരുന്നു എന്നു മാത്രം. 

ലോക്ഡൗൺ മൂലം പ്രതിസന്ധി അനുഭവിക്കുന്ന ഇവർക്കു ഫോക്‌ലോർ അക്കാദമി വഴി സർക്കാർ 2000 രൂപ ധനസഹായം അനുവദിച്ചതാണ് ലഭിച്ച ഏക സഹായം. ‌കോട്ടപുറം മഹാവിഷ്ണു ക്ഷേത്രം, ചില തറവാടുകൾ മുതലായവർ കോലധാരികൾക്ക് ധനസഹായം നൽകിയിരുന്നു. ഇത് കൂടുതൽ തറവാടുകളും ക്ഷേത്രങ്ങളും പിന്തുടർന്നാൽ കഷ്ടപ്പെടുന്ന തെയ്യം കലാകാരന്മാർക്ക് ചെറിയൊരു ആശ്വാസമാകുമെന്ന് ഇവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com