ADVERTISEMENT

കാഞ്ഞങ്ങാട് ∙ നാലുമാസത്തിനുള്ളില്‍ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 300 കടന്നു. ഇന്നലെ 3 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 302 ആയി. മൂന്നു ഘട്ടങ്ങളിലായാണ് ഇത്രയും രോഗബാധിതരുണ്ടാകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ജില്ലയും കാസർകോടാണ്. ഫെബ്രുവരി 3 നാണ് ജില്ലയിൽ ആദ്യ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിയായിരുന്നു രോഗി. ഫെബ്രുവരി 16 നു പരിശോധന ഫലം നെഗറ്റീവായതോടെ ഇദ്ദേഹം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. 

മാർച്ച് 14 നാണ് ജില്ലയിൽ രണ്ടാം ഘട്ട രോഗ വ്യാപനം റിപ്പോർട്ട് ചെയ്തത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി ഗൾഫിൽ നിന്നെത്തിയ കളനാട് സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് മാർച്ച് 23 നു 19 പേരിലും 27 നു 33 പേരിലും കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. ഒരു തവണ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള 10 ജില്ലകളിൽ ഒന്നായി കാസർകോടും ഇടം നേടി. രണ്ടാം ഘട്ടത്തിൽ രോഗികളുടെ എണ്ണം 100 കടന്നു. സമ്പർക്കത്തിലൂടെ കൂടുതൽ രോഗബാധ സ്ഥിരീകരിച്ചതും ഈ ഘട്ടത്തിലാണ്. 

കളനാട് സ്വദേശിയിൽ നിന്നു മാത്രം സമ്പർക്കം വഴി 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. മേയ് 10 നു രോഗം സ്ഥിരീകരിച്ച 178 പേരും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതോടെ ജില്ല കോവിഡ് മുക്തമായി. എന്നാൽ ഇതിന് ഒരു ദിവസം മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. 11 നു ജില്ലയിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തതോടെ മൂന്നാം ഘട്ട രോഗ വ്യാപനത്തിന് തുടക്കമായി. 

ഇന്നലെ വരെ 124 പേർക്കാണ് മൂന്നാം ഘട്ടത്തിൽ രോഗബാധ സ്ഥിരീകരിച്ചത്. രണ്ടാം ഘട്ടത്തിൽ വിദേശത്തു നിന്നെത്തിയവരിലാണ് കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിച്ചതെങ്കിൽ മൂന്നാം ഘട്ടത്തിൽ മഹാരാഷ്ട്രയിൽ നിന്നു വന്നവരിലാണ് ഏറെ രോഗബാധ സ്ഥിരീകരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com