ADVERTISEMENT

കൊട്ടിയൂർ∙ ദക്ഷയാഗഭൂമിക്കു മുകളിൽ അനുഗ്രഹവർഷം ചൊരിഞ്ഞ് മഴ മേഘങ്ങൾ നിരന്നു. ഇടിമുഴക്കം പെരുമ്പറ മുഴക്കി. നിയന്ത്രണങ്ങളുടെ പരിമിതിക്കിടെ വയനാട്ടിൽ നിന്ന് വാൾ വരവിന് പ്രകൃതി അകമ്പടിയൊരുക്കി. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയും പിന്നെ ചുരമിറങ്ങിയും യാത്ര. മുതിരേരിക്കാവ് മുതൽ കൊട്ടിയൂർ വരെ വഴിയോരത്ത് വീടുകൾക്കു മുന്നിൽ ഭക്തർ വാൾ വരവ് കാത്തുനിന്നു. 

വൈശാഖോത്സവത്തിന്റെ ഭാഗമായി കൊട്ടിയൂരിൽ ഇന്നലെ രാത്രി നടന്ന നെയ്യാട്ടം. ചിത്രം: ധനേഷ് അശോകൻ

നേർത്തൊരു മഴയിൽ കുതിർന്ന അന്തരീക്ഷം. പ്രകൃതിയുടെ മടിത്തട്ടിൽ കൊട്ടിയൂർ പെരുമാൾക്ക് ഇന്നു ഉത്സവം തുടങ്ങുകയാണ്. മാറ്റമില്ലാതെ എല്ലാം ഉണ്ട്. ഒന്നൊഴികെ. കൊട്ടിയൂർ പെരുമാളെയും ഭൂമിയെയും വിശ്വസിച്ച്, ആരാധിച്ച് ഒഴുകി എത്തിയിരുന്ന ഭക്ത ലക്ഷങ്ങൾ, വാൾ വരവിന് സാക്ഷിയാകാൻ ഉണ്ടായിരുന്നില്ല. പക്ഷേ അവരുടെ മനസും പ്രാർഥനകളും ഇന്നലെ കൊട്ടിയൂരിൽ ഉണ്ടായിരുന്നു. 

അക്കരെ കൊട്ടിയൂർ ക്ഷേത്രകവാടത്തിൽ ഭക്തജനങ്ങൾക്കു പ്രവേശനമില്ല ബോർഡ് സ്ഥാപിച്ചിരിക്കുന്നു. ചിത്രം: ധനേഷ് അശോകൻ

ഹരിഗോവിന്ദാ വിളികളിൽ ഭക്തി മുഖരിതമാകേണ്ടിയിരുന്ന കൊട്ടിയൂരിലെ വീഥികൾ ഇന്നലെ വിജനമായിരുന്നു. നെയ്യമൃതുമായെത്തിയ ഭക്തർ നിറഞ്ഞിരുന്ന ക്ഷേത്ര വീഥികളും ശൂന്യം. കൂട്ടത്തോടെ സാഷ്ടാംഗ പ്രണാമം നടത്തിയ വഴിയിൽ കൂപ്പുകൈകളുമായി ചുരുക്കം ഭക്തർ. മഴയിലും കണ്ണിമ ചിമ്മാതെ അവർ കാത്തിരുന്നു. പ്രതിബന്ധങ്ങൾ അവർക്ക് പ്രശ്നമായിരുന്നില്ല. 

പെരുമാളുടെ പ്രദക്ഷിണ വഴിയിൽ ഭക്തജന പ്രവാഹമില്ലായിരുന്നു. ഓടപ്പൂക്കൾ നിറഞ്ഞിരുന്ന വഴിയോരം ശൂന്യമായിരുന്നു. കൊട്ടിയൂർ പെരുമാളിനു മുന്നിലേക്ക് ഉയർത്തിപ്പിടിച്ച വാളുമായി നടന്നു കയറി. പുറത്ത് ഹരിഗോവിന്ദ വിളികൾ മുഴങ്ങി. 

പൂർത്തികരിക്കാത്ത കയ്യാലയിൽ ഇരുന്നു നെയ്യാട്ടം ചടങ്ങുകൾ വീക്ഷിക്കുന്ന വിശ്വാസി. ചിത്രം: ധനേഷ് അശോകൻ

വാൾ ക്ഷേത്രത്തിനുള്ളിലെത്തിച്ചതും കുറ്റ്യാടി ജാതിയൂർ മഠത്തിൽ നിന്നെത്തിച്ച ദീപം കെടാവിളക്കായി തെളിഞ്ഞു. അത്ര സമയം അനുഗ്രഹ വർഷം ചൊരിഞ്ഞ് നിന്ന മഴ പുറത്ത് തകർത്തു പെയ്തു. ഉടവാൾ പെരുമാളുടെ അടുത്തെത്താൻ കാത്തിരുന്ന പോലെ. രാശി അറിയിച്ച് ചോതി വിളക്ക് വച്ച് നാളം തുറന്ന് പെരുമാളുടെ സ്വയംഭൂവിൽ നറുനെയ്യഭിഷേകം. ലോകത്തിന്റെ എല്ലാ കോണിൽ നിന്നും ഭക്തർ മനസിൽ കൊട്ടിയൂരിലെ ചടങ്ങുകൾക്കൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com