ADVERTISEMENT

കാസർകോട് ∙ കോവിഡ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ട് നാളേക്ക് 6 മാസം. കഴിഞ്ഞ ഫെബ്രുവരി 3 നാണ് ജില്ലയിൽ ആദ്യമായി കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിക്കായിരുന്നു കോവിഡ് പോസിറ്റീവായത്. മാർച്ച് 17 നാണ് ജില്ലയിൽ രണ്ടാം ഘട്ട രോഗ വ്യാപനം റിപ്പോർട്ട് ചെയ്തത്. 

ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ  പങ്കെടുക്കാനായി ഗൾഫിൽ നിന്നെത്തിയ കളനാട് സ്വദേശിക്കാണ് അന്നു രോഗം സ്ഥിരീകരിച്ചത്. മേയ് 10 നു രോഗം സ്ഥിരീകരിച്ച 178 പേരും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതോടെ ജില്ല കോവിഡ് മുക്തമായി. ഒറ്റ ദിവസത്തെ ആശ്വാസത്തിന് ശേഷം പിറ്റേന്ന് തന്നെ ജില്ലയിൽ മൂന്നാം ഘട്ട രോഗ വ്യാപനത്തിന് തുടക്കമായി. മൂന്നാം ഘട്ടത്തിൽ രോഗം വ്യാപനം അതിവേഗത്തിലാണ്. ആദ്യ 500 രോഗികളിലെത്താൻ 5 മാസമെടുത്തപ്പോൾ 25 ദിവസം കൊണ്ടാണ് 800 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 

അവസാന ഒരാഴ്ചയിൽ മാത്രം 500 ലേറെ രോഗികൾ. ജാഗ്രത കുറഞ്ഞാൽ സമൂഹ വ്യാപനമെന്ന ഭീതിയാണ് നമ്മളെ കാത്തിരിക്കുന്നത്.  ജില്ലയിൽ 9 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. എന്നാൽ ഇതിൽ 6 പേരുടെ മരണം മാത്രമാണ്  ആരോഗ്യവകുപ്പിന്റെ പട്ടികയിലുള്ളത്. കഴിഞ്ഞ മാസം മാത്രം 1193 പേരാണ് കോവിഡ് ബാധിരായത്.

ഡോക്ടർമാരുടെ കുറവ് പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുന്നു

ജില്ലയിൽ അനുവദിച്ചതിൽ 98 ഡോക്ടർമാരുടെ തസ്തിക ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. നിലവിൽ ഒഴിവുള്ള 64 സ്ഥിരം പോസ്റ്റുകളിലും 24 എൻഎച്ച്എം പോസ്റ്റുകളിലും ഇതുവരെ നിയമനം നടന്നിട്ടില്ല. ഇതിനിടയിൽ നിലവിലുള്ള 3 സ്പെഷലിസ്റ്റ് ഡോക്ടർമാരെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി സ്ഥലം മാറ്റിയിരിക്കുകയാണ്. 

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ പോലും ഡോക്ടർമാരെ നിയമിക്കാൻ കിട്ടാത്ത സ്ഥിതിയാണ്. 5 തവണ ജില്ലാ മെഡിക്കൽ ഓഫിസിൽ ഡോക്ടർമാർക്കായി കൂടിക്കാഴ്ച സംഘടിപ്പിച്ചെങ്കിലും ഒരാളുമെത്തിയില്ല. എംബിബിഎസ് കഴിഞ്ഞവർക്കുള്ള റൂറൽ പോസ്റ്റിങ്ങിന്റെ ഭാഗമായി 16 പേരെയാണ് ജില്ലയിലേക്ക് അനുവദിച്ചത്. എന്നാൽ ഇതിൽ 14 പേർ മാത്രമേ ഇതിനകം ജോലിയിൽ പ്രവേശിച്ചിട്ടുള്ളൂ.

രോഗബാധിതർ

∙ഫെബ്രുവരി-1

∙മാർച്ച് 108

∙ഏപ്രിൽ 69

∙മേയ് 98

∙ജൂൺ-175

∙ജൂലൈ-1193

രോഗമുക്തർ

∙ഫെബ്രുവരി-1

∙മാർച്ച് -0

∙ഏപ്രിൽ 166

∙മേയ് 27

∙ജൂൺ-127

∙ജൂലൈ-690

മരണം

ജൂലൈയിൽ -9

(ഇതിൽ 6 എണ്ണം മാത്രമാണ് ആരോഗ്യവകുപ്പ് ഔദ്യോഗികമായി  പ്രഖ്യാപിച്ചിട്ടുള്ളു)

കോവിഡ് കാലത്ത് അതിഥി തൊഴിലാളികൾക്കു സർക്കാർ സൗജന്യ കിറ്റ് നൽകിയ പരിഗണന പോലും കിട്ടാത്ത വിഭാഗം ആണ് ബസ് ഉടമകൾ. ആത്മഹത്യ ചെയ്യാൻ പോലും പ്രേരിപ്പിക്കുന്ന സാമ്പത്തിക തകർച്ചയിലാണ് ബസ് ഉടമകൾ, ബസ് സമയം വിളിച്ചു പറയുന്നവർ ഉൾപ്പെടെയുള്ള തൊഴിലാളികൾ, ഗാരിജ്, ടയർ റിസോളിങ്, ബസ് ബോഡി സ്ഥാപനങ്ങൾ, ലോട്ടറി വിൽപന തുടങ്ങിയ മേഖലകളിൽ ഉള്ളവർ. ജില്ലയിൽ നാന്നൂറ്റിഇരുപത് സ്വകാര്യ ബസുകളുണ്ട്. കോവിഡ് ലോക് ഡൗൺ പിൻവലിച്ചിട്ടും  അൻപതോളം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.

കോവിഡ് കാരണം യാത്രക്കാർ റോഡിൽ ഇറങ്ങുന്നില്ല. 30 ശതമാനത്തോളം യാത്രക്കാർ അതിഥി തൊഴിലാളികൾ ആയിരുന്നു. അവർ നാടുകളിലേക്കു മടങ്ങിയതോടെ അതും ഇല്ലാതായി.  ബസ് ചാർജ് കൂട്ടിയാലും നടു നിവരാത്ത വിധം  തളർന്നിരിക്കുന്നു ഉടമകൾ. ബസ് ചാർജ് ഇനിയും വർധിപ്പിച്ചാൽ ഈ യാത്രക്കാരെ പോലും നഷ്ടമാകും. 30 ലക്ഷത്തോളം മുടക്കി ബസ് സർവീസ് നടത്തുന്നവർ വായ്പ തിരിച്ചടവിനു പോലും ഗതിയില്ലാതെ ഉഴലുകയാണ്. - സത്യൻ പൂച്ചക്കാട് ( ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി

പരിഹാര നിർദേശങ്ങൾ

ഡീസലിനു അടിസ്ഥാന വിലയേക്കാൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ 200 ഇരട്ടി ഈടാക്കുന്ന നികുതിയിൽ ഇളവ് ചെയ്ത് ഡീസൽ വില കുറക്കുക, വിദ്യാലയങ്ങൾ തുറക്കുമ്പോൾ വിദ്യാർഥികളുടെ ബസ് ചാർജ് മിനിമം 5 രൂപയാക്കുക, ഇൻഷൂറൻസ് പ്രീമിയം കുറയ്ക്കുക, വൻ നഷ്ടത്തിലായ ബസ് ഉടമകളെ സഹായിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക. വിഷു, ഈസ്റ്റർ, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങൾക്കായി സ്റ്റോക്ക് ചെയ്ത ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ വിൽക്കാനാകാതെ കടുത്ത സാമ്പത്തിക ദുരിതത്തിലാണ് ജില്ലയിലെ വ്യാപാര സമൂഹം.

സിവിൽ സപ്ലൈസ് കോർപറേഷൻ വിൽപന സ്റ്റാളുകൾ, മാവേലി സ്റ്റോറുകൾ ,ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം തുറന്നു പ്രവർത്തിക്കുമ്പോ‍ൾ അവശ്യ സാധനങൾ വിൽക്കാൻ പോലും വ്യാപാരികൾക്കു അനുമതി കിട്ടുന്നില്ല. ജില്ലാ ഭരണകൂടവും പൊലീസ് മേധാവികളും പ്രഖ്യാപിച്ച ഇളവുകൾ ചില പൊലീസുകാർ അട്ടിമറിക്കുകയാണ്.

കോവിഡ് ക്ലസ്റ്റർ പ്രഖ്യാപനം കഴിഞ്ഞു ഇരുപതിലധികം ദിവസം കഴിഞ്ഞിട്ടും ഒരു പോസിറ്റീവ് കേസും റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളിൽ കട തുറക്കാൻ അനുമതി ലഭിച്ചില്ല. കണ്ടെയ്ൻമെന്റ് സോണിലും പോസിറ്റീവ് കേസ് നെഗറ്റീവ് ആയി പതിനാലു ദിവസം കഴിഞ്ഞിട്ടും ഇളവുകൾ അനുവദിക്കുന്നില്ല. ഈ അവസ്ഥ തുടരുകയാണെങ്കിൽ അനിശ്ചിതകാലത്തേക്കു കടകൾ അടച്ചിടേണ്ടി വരും. - കെ.അഹമ്മദ് ഷെരീഫ്, ജില്ലാ പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

പരിഹാര നിർദേശങ്ങൾ

വിദേശരാജ്യങ്ങളിലുള്ളതു പോലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനു കോവിഡ് മാനദണ്ഡം പാലിച്ച് സമയ പരിധിയില്ലാതെ അനുമതി നൽകുക,പല വാർഡുകളുടെ സംഗമസ്ഥാനം ടൗണുകൾ ആയതിനാൽ പോസിറ്റീവ് കേസ്   റിപ്പോർട്ട് ചെയ്ത വീടിന്റെ 100 മീറ്ററിനകത്ത് മാത്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുക, ടൗണുകളെ ഒഴിവാക്കുക, ഭീകരാന്തരീക്ഷം ഉണ്ടാക്കാതെ കട അടയ്ക്കുന്നതിനു സാവകാശം നൽകുക, ഒരു മാസമായി കടുത്ത നിയന്ത്രണത്തിലുള്ള കാസർകോട്, കുമ്പള, ഉപ്പള, മ‍ഞ്ചേശ്വരം,ചെർക്കള, പൊയിനാച്ചി എന്നിവിടങ്ങളിലെ കടകൾ സമയബന്ധിതമായി എല്ലാ ദിവസവും കണ്ടെയ്ൻമെന്റ് സോണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഒന്നിടവിട്ട ദിവസങ്ങളിലും തുറക്കാൻ അനുവദിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com