പുഴയുടെ അടിത്തട്ട് തുരന്നു വരെ പൈപ്പിട്ടു; ഗെയ്ൽ വാതക പൈപ് ലൈൻ പൂർത്തിയാകുന്നു

HIGHLIGHTS
  • ഈ മാസം പകുതിയോടെ പദ്ധതി കമ്മിഷൻ ചെയ്യും.
gail pipeline
SHARE

കാസർകോട് ∙ ‌‌‌‌‌പൈപ്‌ ലൈൻ വഴി പാചകവാതകം എത്തിക്കുന്ന കൊച്ചി- മംഗളൂരു ഗെയ്ൽ പ്രകൃതി വാതക പൈപ്‌ലൈൻ നിർമാണം 3 ദിവസത്തിനുള്ളിൽ പൂർത്തിയാകും. 380 കിലോമീറ്റർ ലൈനിൽ അവശേഷിക്കുന്ന ചന്ദ്രഗിരി പുഴയ്ക്കു കുറുകെയുള്ള പൈപ്പിടൽ ജോലി അന്തിമ ഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആദ്യഘട്ടത്തിൽ ചിലയിടങ്ങളിൽ ഉണ്ടായ പ്രതിഷേധങ്ങളും അതിജീവിച്ചാണു പദ്ധതി യാഥാർഥ്യമാകുന്നത്. 3226 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. കൊച്ചി-കൂറ്റനാട്-ബെംഗളൂരു-മംഗളൂരു പൈപ്‌ലൈൻ (കെകെബിഎംപിഎൽ) പദ്ധതിയുടെ ഭാഗമാണ് കൊച്ചി മുതൽ മംഗളൂരു വരെ പൈപ്‌ലൈൻ സ്ഥാപിക്കുന്നത്.

ഇതിൽ കൊച്ചി മുതൽ പാലക്കാട് കൂറ്റനാട് വരെയുള്ള ഭാഗം നേരത്തെ കമ്മിഷൻ ചെയ്തിരുന്നു. കൂറ്റനാട് മുതൽ മംഗളൂരു വരെ ബാക്കിയുള്ള ഭാഗം ഈ മാസം പകുതിയോടെ കമ്മിഷൻ ചെയ്യും. ‌ചന്ദ്രഗിരിപ്പുഴ ഒഴിച്ചുള്ള ഭാഗത്തെ പൈപ്പിടൽ 6 മാസം മുൻപേ പൂർത്തിയായിരുന്നു. ‌പുഴയുടെ രണ്ടു ഭാഗത്തും വലിയ കുന്നുകളായതിനാൽ‌ പുഴയുടെ അടിത്തട്ട് തുരന്ന് പൈപ്പിടുക വെല്ലുവിളിയായിരുന്നു. രാജ്യത്ത് തന്നെ ഇങ്ങനെയൊരു പൈപ്പിടൽ ആദ്യമെന്നാണു ഗെയ്ൽ അധികൃതർ പറഞ്ഞത്. പൈപ്‌ലൈൻ കമ്മിഷൻ ചെയ്താലും സിറ്റി ഗ്യാസ് പദ്ധതി പൂർത്തിയാകാത്തതിനാൽ വീടുകളിലേക്കുള്ള ഗ്യാസ് വിതരണം വൈകാനാണ് സാധ്യത.

7 വർഷത്തെ പരിശ്രമം

2012ലാണു കണ്ണൂരിൽ ഗെയ്ൽ ഔദ്യോഗിക സർവേ തുടങ്ങിയത്. എന്നാൽ 2013ൽ ഇതു നിലച്ചു. 2015ൽ പുനരാരംഭിച്ചു. 2017ൽ ജോലികൾ കരാർ നൽകി. പൈപ്പ് ലൈൻ സ്ഥാപിച്ചു തുടങ്ങിയതു 2017 ജൂണിലാണ്. 

∙ മാഹി, എരഞ്ഞോളി, വളപട്ടണം, കുപ്പം, പെരുമ്പ എന്നീ അഞ്ചു പുഴകൾക്കു കുറുകേയാണു പൈപ്പ് സ്ഥാപിക്കേണ്ടി വന്നത്.
∙ മൂന്നു ഗെയ്ൽ ഉദ്യോഗസ്ഥരും റവന്യു വകുപ്പിൽനിന്നു വിരമിച്ച നാലു ഉദ്യോഗസ്ഥരും അടങ്ങുന്ന ടീമാണു പദ്ധതി നടപ്പാക്കിയത്.‍

കൊച്ചി–കൂറ്റനാട്–ബെംഗളൂരു–മംഗളൂരു പൈപ് ലൈൻ കെകെബിഎംപിഎൽ) പദ്ധതി

∙ കൂറ്റനാട് മുതൽ കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ, കുറുമാത്തൂർ മുതൽ നീലേശ്വരം പേരോൽ വരെയുള്ള ഭാഗത്തെ പൈപ്പിടൽ പൂർത്തിയായിട്ടുണ്ട്.

∙ കണ്ണൂർ ജില്ലയിൽ 112 കിലോമീറ്ററും കാസർകോട് 80 കിലോമീറ്ററുമാണു പദ്ധതിയിലുള്ളത്.

∙ 100 കിലോമീറ്ററിൽ ഒരു ഐപി സ്റ്റേഷൻ(ഇന്റർമീഡിയറ്റ് പിഗ്ഗബിൾ) സ്റ്റേഷനുണ്ട്. കണ്ണൂർ ജില്ലയിലേതു കുറുമാത്തൂരിലെ ബാവുപ്പറമ്പിലാണ്. ഇവ അൺമാൻഡ് (ആളില്ലാത്ത) സ്റ്റേഷനുകളാണ്.

∙ കണ്ണൂരിൽ ആറും കാസർകോട്ട് നാലും വാൽവ് സ്റ്റേഷൻ ഓരോ 16 കിലോമീറ്ററിലുമാണു വാൽവ് സ്റ്റേഷനുകൾ. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എൽഎൻജി എത്തിക്കുക ഈ സ്റ്റേഷൻ വഴിയാണ്. ഐപി സ്റ്റേഷനായ കുറുമാത്തൂർ ഉൾപ്പെടെ കണ്ണൂർ ജില്ലയിൽ 6 വാൽവ് സ്റ്റേഷനുകളാണുള്ളത്.

1. കടവത്തൂർ (തൃപ്പങ്ങോട്ടൂർ പഞ്ചായത്ത്)
2. ഓലായിക്കര (പിണറായി പഞ്ചായത്ത്)
3. കൂടാളി (കൂടാളി പഞ്ചായത്ത്)
4. കുറുമാത്തൂർ ഐപി സ്റ്റേഷൻ
5. അമ്മാനപ്പാറ (പരിയാരം പഞ്ചായത്ത്)
6. മാത്തിൽ (കാങ്കോൽ–ആലപ്പടമ്പ് പഞ്ചായത്ത്)

കൊച്ചി മുതൽ മംഗളൂരു വരെയുള്ള വാതക പാത ഇങ്ങനെ:

പുതുവൈപ്പിൻ എൽഎൻജി പെട്രോനെറ്റ്– പുതുവൈപ്പ് ഗെയ്ൽ ഡെസ്പാച്ച് കേന്ദ്രം– കളമശ്ശേരി ഏലൂർ ഐപി സ്റ്റേഷൻ– കൂറ്റനാട് ഐപി സ്റ്റേഷൻ– ഉണ്ണികുളം ഐപി സ്റ്റേഷൻ– കുറുമാത്തൂർ ഐപി സ്റ്റേഷൻ– കാസർകോട് ഇച്ചിലംപാടി ഐപി സ്റ്റേഷൻ– എംസിഎഫ് പ്ലാന്റ്.

അംഗീകരിക്കപ്പെട്ട കണ്ണൂർ മോഡൽ

∙ നഷ്ടപരിഹാര പാക്കേജിലെ കണ്ണൂർ മാതൃക, പിന്നീട് കേരള മാതൃക തന്നെയായി.
∙ നഷ്ടം കൂടി കണക്കിലെടുത്താണ് വയൽ സെന്റ് ഒന്നിന് 3761 രൂപ നഷ്ടപരിഹാരം നിശ്ചയിച്ചത്.
∙ തമിഴ്നാടും ഈ പാക്കേജാണു സ്വീകരിക്കാൻ പോകുന്നത്. ‍

നേട്ടങ്ങൾ

∙ 53 രൂപയുടെ പ്രകൃതി വാതകം ഉപയോഗിച്ച് ഒരു ഓട്ടോറിക്ഷയ്ക്ക് 50 കിലോമീറ്റർ സഞ്ചരിക്കാനാകും.
∙ പാചകവാതകമായി ഉപയോഗിക്കുമ്പോൾ ഇപ്പോഴുള്ളതിനെക്കാൾ 40 ശതമാനം അധികം ലഭിക്കും.
∙ പ്രകൃതിവാതകം ഉപയോഗിക്കുന്ന വാഹനം വഴിയുള്ള മലിനീകരണം മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് 25 ശതമാനം കുറവാണ്.

സിറ്റി ഗ്യാസ് പദ്ധതി

∙ വാൽവ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു സിറ്റി ഗ്യാസ് പദ്ധതി
∙ ഐഒസിയും അദാനി ഗ്രൂപ്പും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.
∙ ആദ്യഘട്ടത്തിൽ കൂടാളി വാൽവ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണു പദ്ധതി.

തമിഴ്നാട് കടന്നാൽ കേരളം  ദേശീയ വാതക ഗ്രിഡിൽ

കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്കായി 4915 കോടി രൂപയുടെ പൈപ് ലൈൻ പദ്ധതിയാണു ഗെയ്ൽ ഈ ഘട്ടത്തിൽ നടപ്പാക്കുന്നത്. കേരളം– 3620 കോടി, കർണാടക 402 കോടി, തമിഴ്നാട്– 893 കോടി എന്നിങ്ങനെയാണു പദ്ധതിത്തുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kasargod
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA