ADVERTISEMENT

കാസർകോട് ∙ ജില്ലയിൽ മലയോര ഹൈവേയുടെ ആദ്യ റീച്ചിന്റെ നിർമാണം അന്തിമ ഘട്ടത്തിലെത്തിയിട്ടും രണ്ടാം റീച്ചിന്റെ ടെൻഡറിലേക്ക് പോലും കടക്കാതെ അധികൃതർ. പൈവളിഗെ ചേവാർ‌ മുതൽ ദേലംപാടി പഞ്ചായത്തിലെ എടപ്പറമ്പ് വരെയുള്ള രണ്ടാം റീച്ചിന്റെ നിർമാണ നടപടികളാണ് എങ്ങുമെത്താതെ കിടക്കുന്നത്.49.36 കിലോമീറ്റർ നീളമുള്ള റോഡ് നിർമാണത്തിന് 83 കോടി രൂപയുടെ എസ്റ്റിമേറ്റാണ് മരാമത്ത് വകുപ്പ് തയാറാക്കിയത്. 

കിഫ്ബിയിൽ നിന്നു പണം അനുവദിക്കുകയും ചെയ്തതാണ്. 2018 മാർച്ച് മാസത്തിൽ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകിയെങ്കിലും സാങ്കേതിക അനുമതി ഇനിയും കിട്ടിയിട്ടില്ല. കിഫ്ബിയുടെ പുതിയ നിയമ പ്രകാരം, റോഡിലെ വൈദ്യുതി തൂണുകൾ മാറ്റാനുള്ള കെഎസ്ഇബിയുടെ എസ്റ്റിമേറ്റ് കൂടി സമർപ്പിച്ചാൽ മാത്രമേ പദ്ധതിക്ക് സാങ്കേതിക അനുമതി നൽകുകയുള്ളൂ.

കെഎസ്ഇബിയുടെ എസ്റ്റിമേറ്റ് ലഭിക്കാത്തതാണ് സാങ്കേതിക അനുമതി വൈകാൻ കാരണമെന്ന് മരാമത്ത് അധികൃതർ പറയുന്നു. എന്നാൽ കിഫ്ബിയുടെ ഈ തീരുമാനം വന്നത് കഴിഞ്ഞ വർഷമാണ്. ഭരണാനുമതി ലഭിച്ച ശേഷം മരാമത്ത് ഉദ്യോഗസ്ഥർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയിരുന്നെങ്കിൽ ഈ തീരുമാനം വരുന്നതിനു മുൻപേ സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടത്താൻ സാധിക്കുമായിരുന്നു. 

കെഎസ്ഇബിയുടെ എസ്റ്റിമേറ്റ് പെട്ടെന്ന് തയാറാകുമെന്നും ഒരു മാസത്തിനുള്ളിൽ ടെൻഡർ നടത്താൻ കഴിയുമെന്നും മരാമത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും കോവിഡ് കാലത്ത് അതിനു സാധിക്കുമോ എന്ന് കണ്ടറിയണം. ജില്ലയിൽ 127.8 കിലോമീറ്ററാണ് മലയോര ഹൈവേയുടെ നീളം. 4 റീച്ചുകളായാണ് ഇതിന്റെ നിർമാണം. 

നന്ദാരപദവ് മുതൽ ചേവാർ വരെയുള്ള ആദ്യ റീച്ചിന്റെ പണി ഏതാണ്ട് പൂർത്തിയാകാറായി. എടപ്പറമ്പ് മുതൽ കോളിച്ചാൽ വരെയുള്ള മൂന്നാം റീച്ചിന്റെയും കോളിച്ചാൽ മുതൽ ചെറുപുഴ വരെയുള്ള നാലാം റീച്ചിന്റെയും പണി പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com