ADVERTISEMENT

കാസർകോട് ∙ കാസർകോട് കുള്ളൻ പശുക്കളിൽ പ്രസവ ശസ്ത്രക്രിയകൾ വർധിക്കുന്നു. ബീജ സങ്കലന സമയത്ത് സ്വന്തം ഇനത്തിൽപ്പെട്ട കാളകളെ കിട്ടാതാവുന്ന സമയത്ത് മുന്തിയ ഇനത്തിൽപ്പെട്ട (എച്ച്എഫ്, ജേഴ്സി) കാളകളുടെ ബീജം ഉപയോഗിക്കുന്നതാണ് ഇതിനു കാരണമെന്ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വെറ്ററിനറി സർജൻ ഡോ.എം.ഫബിൻ പൈലി പറയുന്നു. 

ഡോ. എം.ഫബിൻ പൈലി
ഡോ. എം.ഫബിൻ പൈലി

കൃത്രിമ ബീജദാന കേന്ദ്രങ്ങളിൽ നിന്ന് മറ്റു കാളകളുടെ ബീജം ഉപയോഗിക്കുന്നതിന്റെ പരിണിത ഫലം അനുഭവിക്കുന്നത് പലപ്പോലും കുള്ളൻ പശുക്കൾ തന്നെയാണ്. പ്രസവ സമയത്ത് കുട്ടി താരതമ്യേന വലുപ്പം കൂടിയത് ആകുന്നതു മൂലം പശു അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. ഇത് പ്രസവ ശസ്ത്രക്രിയ നടത്താൻ നിർബന്ധിക്കുന്ന സാഹചര്യത്തിലെത്തിക്കുന്നു. 

കാസർകോട് ജില്ലയിൽ തന്നെ കഴിഞ്ഞ 2 വർഷ കാലയളവിൽ ഇത്തരം 20 പ്രസവ ശസ്ത്രക്രിയകളാണ് നടത്തപ്പെട്ടത്. ഇങ്ങിനെ ലഭിക്കുന്ന ഭൂരിഭാഗം എച്ച്എഫ് ഇനത്തിലെ സങ്കരയിനം പശുകുട്ടികളെയാണ് കാണാൻ സാധിച്ചത്. സർജറി എന്ന് കേൾക്കുമ്പോൾ പേടിക്കേണ്ടതായി ഒന്നുമില്ല എങ്കിലും ഒഴിവാക്കാപ്പെടാമായിരുന്ന സർജറികളാണ് ഇവയിൽ ഒട്ടുമിക്കതുമെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നു.

കാസർകോട് കുള്ളൻ കാളകളുടെ ബീജം തന്നെ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്.  ശസ്ത്രക്രിയ മൂലമുള്ള മുറിവ് ഭേദമാകുവാൻ  സാധാരണ പശുക്കളിൽ 20 മുതൽ 25 ദിവസം വരെ വേണ്ടി  വരുമ്പോൾ ഇവയിൽ 12 മുതൽ 20 ദിവസത്തിൽ ഉണങ്ങുന്നു എന്നത് സവിശേഷതയാണ്. കാസർകോട് കുള്ളൻ പശുക്കളുടെ കൂടിയ പ്രതിരോധ ശേഷിയാണ് ഇതിനു കാരണം. ശസ്ത്രക്രിയക്ക് ശേഷമുള്ള ആന്റിബയോട്ടിക്കുകളുടെ ഉപയോഗം 3 നാൾ മാത്രം മതിയെന്നതും പ്രത്യേകതയാണ്. 

ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി 6 മാസത്തെ  വിശ്രമം കഴിഞ്ഞാൽ ഇവ വീണ്ടും ബീജാദാനത്തിന് തയാറാകും. മയക്കുവാനായി  നൽകുന്ന മരുന്നുകളിൽ നിന്ന് ഉണരുന്ന വേഗതയിലും ഇവ ഒന്നാമത് തന്നെ. ചുരുക്കത്തിൽ മറ്റു വിദേശ, സ്വദേശ പശുക്കളിൽ നിന്ന് എന്തുകൊണ്ടും മികവിൽ ഒരുപിടി മുന്നിലാണ്  കുള്ളൻ പശുക്കൾ. അതിനാൽ കൃത്രിമ ബീജാദാന സമയത്ത്  തനത് കാളകളുടെ ബീജം ഉപയോഗിക്കുന്നതിലൂടെ നമ്മുടെ കുള്ളൻ പശുക്കളുടെ ആരോഗ്യവും നിലനിൽപ്പും മെച്ചപ്പെടുത്താൻ കർഷകർക്ക് സാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com