ADVERTISEMENT

കാഞ്ഞങ്ങാട് ∙ കോവിഡ് പോസിറ്റീവായ ഇതര സംസ്ഥാന തൊഴിലാളിയെ കാത്തു പൊലീസും ആംബുലൻസും കാത്തു നിന്നത് 3 മണിക്കൂർ. ഒടുവിൽ തൊഴിലുടമ എത്തിയപ്പോൾ അങ്ങനെ ഒരാൾ തന്റെ കീഴിൽ ജോലി ചെയ്യുന്നില്ലെന്നു മറുപടി. ഇതോടെ പൊലീസും ആംബുലൻസും മടങ്ങി. എന്നാൽ കോവിഡ് പോസിറ്റീവായ രാജസ്ഥാൻ സ്വദേശി ദീപൻ സിങ് ആരെന്ന ആശങ്കയിലാണിപ്പോൾ നാട്ടുകാർ. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ സ്വകാര്യ ക്വാട്ടേഴ്സിനു മുൻപിലാണ് ഇന്നലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോവിഡ് പരിശോധന നടത്തിയ ഇതര സംസ്ഥാന തൊഴിലാളി കഴിഞ്ഞ ദിവസമാണ് കോവിഡ് പോസിറ്റീവായത്.

പരിശോധന സമയത്ത് ഇയാൾ നൽകിയ ഫോൺ നമ്പറിൽ ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഒടുവിൽ ഇയാൾ വിലാസമായി നൽകിയ ഒഴിഞ്ഞ വളപ്പിലെ ക്വാട്ടേഴ്സിലേക്ക് ആരോഗ്യ പ്രവർത്തകരെത്തി. ആളെ കണ്ടെത്താനായില്ലെങ്കിലും ഇയാളുടെ തൊഴിലുടമയായ രാജസ്ഥാൻ സ്വദേശി രാംസിങ്ങിന്റെ നമ്പർ കിട്ടി. ഈ നമ്പറിൽ വിളിച്ച് കാര്യം പറഞ്ഞു. വൈകിട്ടോടെ പോസിറ്റീവായ രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസും ആംബുലൻസുമെത്തി.വിവരമറിഞ്ഞു നാട്ടുകാരും കൂടി. സ്ഥലത്തെത്തിയെങ്കിലും ക്വാട്ടേഴ്സിൽ ആരെയും കണ്ടില്ല. രാംസിങ്ങിന്റെ ഫോണിൽ പലതവണ വിളിച്ചെങ്കിലും ഇയാളും ഫോണെടുത്തില്ല. 

രോഗിയെയും കാത്ത് പൊലീസും ആംബുലൻസും 3 മണിക്കൂറോളം കാത്തു നിന്നു. ഇതിനിടെ വൈകിട്ട് ഏഴോടെ രാംസിങ് ജോലി കഴിഞ്ഞെത്തി. ഇയാളോട് വിവരം തിരക്കിയപ്പോൾ ദീപൻ സിങ് എന്ന പേരിൽ തന്റെ കീഴിൽ ആരും പണിയെടുക്കുന്നില്ലെന്ന മറുപടിയാണു കിട്ടിയത്. തെളിവായി ഇവർ വന്ന വിമാന ടിക്കറ്റും കാണിച്ചു.ഇതോടെ യഥാർഥ രോഗിയെ തേടി പൊലീസ് ഇവിടെ നിന്നു മടങ്ങി. മറ്റു രോഗികളെ ആശുപത്രിയിലെത്തിക്കേണ്ടതിനാൽ ആംബുലൻസും മടങ്ങി. എന്നാൽ നാട്ടുകാരുടെ ആശങ്ക ഇരട്ടിയായി. ഇപ്പോൾ കോവിഡ് പോസിറ്റീവായ ദീപൻ സിങ് ആരാണെന്ന അന്വേഷണത്തിലാണ് പൊലീസും ആരോഗ്യ വകുപ്പും നാട്ടുകാരും. പെരിയ കമ്യൂണിറ്റി സെന്ററിൽ നടത്തിയ പരിശോധനയിൽ പങ്കെടുത്ത ഇതര സംസ്ഥാനതൊഴിലാളിയാണ് ഇയാൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com