ADVERTISEMENT

കാസർകോട് ∙ ‌കോവിഡ് മുൻകരുതലിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കിയതിൽ പൊലീസുകാർക്ക് അതൃപ്തി. കോവിഡ് വ്യാപനം തടയാൻകഷ്ടപ്പെടുമ്പോൾ ആവശ്യത്തിനു വിശ്രമം പോലും ലഭിക്കാത്തത് പൊലീസുകാർക്കുണ്ടാക്കുന്ന മാനസിക സംഘർഷം കുറച്ചൊന്നുമല്ല.പൊലീസുകാർക്ക് കോവി‍ഡ് ബാധിച്ചാൽ സ്റ്റേഷനുകൾ അടച്ചിടേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാനും ആവശ്യത്തിനു വിശ്രമം അനുവദിക്കുന്നതിനും വേണ്ടിയാണ് കഴിഞ്ഞ മേയിൽ ഡിജിപി ലോക്നാഥ് ബെഹ്റ ഷിഫ്റ്റ് അനുവദിച്ച് ഉത്തരവിറക്കിയത്. ‌ഇതനുസരിച്ച് പകുതി പൊലീസുകാർ മാത്രമേ ഒരു സമയത്ത് ജോലി ചെയ്യേണ്ടതുള്ളൂ. ഒരാഴ്ച ജോലി ചെയ്ത ശേഷം ഇവർക്ക് ഒരാഴ്ച വിശ്രമം ലഭിക്കും. അപ്പോൾ ബാക്കി പകുതി പേർ ഡ്യൂട്ടിയിലുണ്ടാകും.

എന്നാൽ ആദ്യ ഒരാഴ്ച മാത്രമാണ് ഇത് ജില്ലയിൽ കൃത്യമായി നടപ്പിലാക്കിയത്. ക്രമേണ ഈ സംവിധാനം ഇല്ലാതായി.കോവിഡ് പോസിറ്റീവായവരുടെ സമ്പർക്കപട്ടികയിലുള്ളവരെ ക്വാറന്റീനിലാക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസുകാർക്ക് വിശ്രമമില്ലാത്ത നാളുകളാണു കടന്നു പോയിക്കൊണ്ടിരിക്കുന്നത്. . സ്റ്റേഷൻ പരിധിയിലെ പഞ്ചായത്തുകളിലെ വാർഡുകൾ ഓരോ പൊലീസുകാർക്കും വീതിച്ചു നൽകിയിട്ടുണ്ട്. സ്റ്റേഷനുകളിൽ ആവശ്യത്തിനു വാഹനങ്ങളില്ലാത്തതിനാൽ സ്വന്തം വാഹനങ്ങളാണ് അധികം പേരും ഉപയോഗിക്കുന്നത്. ഇത് അധിക സാമ്പത്തിക ചെലവും ഉണ്ടാക്കുന്നു. കോവിഡ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് പിപിഇ കിറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ അനുവദിക്കാത്തതിലും പരാതിയുണ്ട്. മാസ്കും സാനിറ്റൈസറും ഗ്ലൗസും മാത്രമാണു പൊലീസുകാർക്ക് നൽകിയിട്ടുള്ളത്.

ഇന്ധനത്തിന് പണം നൽകണം

കോവിഡ് ഡ്യൂട്ടിക്കു സ്വന്തം വാഹനം ഉപയോഗിക്കുന്ന പൊലീസുകാർക്ക് ഇന്ധനം നിറയ്ക്കാനുള്ള പണം മുൻകൂറായി നൽകണമെന്ന് ആവശ്യം. സ്റ്റേഷനുകളിൽ ആവശ്യത്തിനു വാഹനങ്ങളില്ലാത്തതിനാൽ ബൈക്ക് പട്രോളിങ്ങിന് അവരവരുടെ ബൈക്ക് ഉപയോഗിക്കാനാണ് ലഭിച്ച നിർദേശം. എന്നാൽ കഴിഞ്ഞ മാർച്ച് മാസം മുതൽ ഇങ്ങനെ ബൈക്ക് ഉപയോഗിക്കുന്നവർക്ക് ഒരു രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ല. അതിർത്തി സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവർക്ക് 3000 മുതൽ 5000 രൂപ വരെയാണ് മാസം ഇങ്ങനെ ചെലവാകുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com