ADVERTISEMENT

കുണ്ടംകുഴി ∙ ‌‌‌‌‌ കോവിഡ് കാലത്ത് തൊഴിലും കൂലിയും ഇല്ലാതെ  ബേഡഡുക്ക ക്ലേ വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളികൾ. ഇവിടെ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന 16 തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. 

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണിത്. പ്രശ്നത്തിനു പരിഹാരം ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിനും കലക്ടർക്കും പരാതി നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. 

സെക്രട്ടറിയും ഫോർമാനും 14 തൊഴിലാളികളുമാണ് ഇവിടെയുള്ളത്. 1984 ൽ ആണ് കുണ്ടംകുഴി കേന്ദ്രീകരിച്ച് സൊസൈറ്റി പ്രവർത്തനം തുടങ്ങിയത്. വ്യവസായ മന്ത്രി ആയിരുന്ന കെ.ആർ. ഗൗരിയമ്മയാണ് ഉദ്ഘാടനം ചെയ്തത്. വീടിന്റെ മേൽക്കൂരയിൽ പാകുന്ന ഓട്, ചുടുകട്ട, പൂച്ചട്ടി തുടങ്ങിയവയാണ് ഇവിടെ നിർമിച്ചിരുന്നത്. എന്നാൽ കോൺക്രീറ്റ് കെട്ടിടങ്ങൾ തലപൊക്കാൻ തുടങ്ങിയതോടെ ഓടിനുള്ള ആവശ്യക്കാർ കുറഞ്ഞു. ക്രമേണ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതായി. 

കുണ്ടംകുഴിയിൽ സ്വന്തമായി ഓഫിസും രണ്ടേക്കർ സ്ഥലവും സൊസൈറ്റിക്കുണ്ട്. കൂടാതെ കളിമണ്ണ് എടുക്കാൻ കൊളത്തൂരിലും കുണ്ടംകുഴി കോട്ടവയലിലും വേറെ സ്ഥലവും. പ്രതിസന്ധിയിലായതോടെ കണ്ണൂർ പിലാത്തറയിലെ സ്വകാര്യ ഓട് നിർമാണ ഫാക്ടറി ഇവിടെ നിന്ന് കളിമണ്ണ് എടുക്കാൻ ധാരണയായി. സ്വന്തം സ്ഥലത്ത് നിന്ന് സൊസൈറ്റി തൊഴിലാളികൾ എടുത്ത് പാകപ്പെടുത്തിയ കളിമണ്ണ് അവർ കൊണ്ടുപോകാൻ തുടങ്ങി. തൊഴിലാളികളുടെ ശമ്പളവും കളിമണ്ണിന് നിശ്ചിത വിലയും അവർ നൽകി. എന്നാൽ കളിമണ്ണ് കുഴിച്ചെടുക്കുന്നതിനെതിരെ രണ്ട് സ്ഥലത്തും നാട്ടുകാർ പ്രതിഷേധിച്ചതോടെ 2018 ൽ മണ്ണെടുപ്പ്  നിർത്തിവച്ചു. ഇതോടെ സ്വകാര്യ ഫാക്ടറി വിട്ടുപോയി.

ആ സമയത്താണ് തെക്കിൽ-ആലട്ടി റോഡ് നിർമാണത്തിന്റെ കരാർ ചെർക്കളയിലെ ഒരു കമ്പനി ഏറ്റെടുത്തത്. റോഡിന്റെ അരികിൽ പാകാനുള്ള ഇന്റർലോക്ക് കട്ടകൾ ഇവിടെ നിർമിക്കാൻ സൊസൈറ്റിയുമായി ധാരണയാവുകയും ചെയ്തു. എന്നാൽ ഇന്റർലോക്ക് കട്ടകൾ റോഡിന് ഉപയോഗിക്കാൻ പാടില്ലെന്ന നിർദേശം വന്നതോടെ ഇതു മുടങ്ങി.  കഴിഞ്ഞ ജനുവരി മാസം മുതൽ തൊഴിലാളികൾക്ക് പണിയില്ല; വരുമാനവും.  30 വർഷം വരെ സൊസൈറ്റിയിൽ പണിയെടുത്തവർ ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടുകയാണ്. ഇനി മറ്റൊരു ജോലിക്ക് പോകാനുള്ള ശാരീരിക ശേഷി പലർക്കുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com