ADVERTISEMENT

ചീമേനി∙ പുഴകളിലെ മത്സ്യ സമ്പത്ത് കാര്യമായി കുറയുന്നു. പരമ്പരാഗത മത്സ്യ ബന്ധനം പൂർണമായും ഇല്ലാതായി. പുഴകളിൽ കണ്ടു വരുന്ന പ്രധാനപ്പെട്ട പല മത്സ്യങ്ങളും ഇപ്പോൾ കാണാറില്ലെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. മാർക്കറ്റുകളിൽ എത്തുന്ന പുഴ മീനുകൾ ഏറെയും വരുന്നത് അന്യ ജില്ലകളിൽ നിന്ന്. വിലയുടെ കാര്യത്തിലാവട്ടെ വൻ കുതിപ്പാണ് പുഴ മത്സ്യത്തിനുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ പുഴ മത്സ്യം ലഭിച്ചിരുന്നത് ഏറ്റവും വലിയ നദിയായ കാര്യങ്കോട് പുഴയിൽ നിന്നായിരുന്നു. പഴയ കാലത്ത് ഉൾനാടൻ മത്സ്യ തൊഴിലാളികൾ പിടിക്കുന്ന മത്സ്യങ്ങൾ കാര്യങ്കോട് പാലത്തിന് മുകളിൽ നിന്ന് വാഹനങ്ങളുടെ മുൻപിലേക്ക് നീട്ടി വിൽപന നടത്തുന്ന കാഴ്ച പഴയതലമുറയുടെ മനസ്സിൽ ഇന്നും ഓർമച്ചിത്രമാണ്.

കടൽ മത്സ്യത്തെ അപേക്ഷിച്ച് രുചിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മത്സ്യങ്ങളാണ് പുഴയിലേത്ത്. ചെമ്പല്ലി, കൊളോൻ, മാലൻ, തിരുത, കരിമീൻ, നേങ്ങോൽ തുടങ്ങിയ പുഴയിൽ നിറഞ്ഞ് നിന്ന മത്സ്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഇവയുടെ ലഭ്യത തീരെ കുറവാണെന്നാണ് തൊഴിലാളികൾ പറയുന്നത്. കരയോട് ചേർന്ന് സഞ്ചരിക്കുകയും മുട്ടയിടുകയും ചെയ്യുന്ന കരിമീൻ പുഴയിലെ നിത്യ സാന്നിധ്യമാണ്. എന്നാൽ മത്സ്യങ്ങളുടെ വളർച്ചയെ പോലും ഇല്ലാതാക്കുന്ന മത്സ്യബന്ധന രീതിയുമായി മത്സ്യത്തൊഴിലാളികൾ അല്ലാത്തവർ ഈ രംഗത്ത് ഇറങ്ങിയതോടെയാണ് കരിമീൻ പോലുള്ളവ പുഴയിൽ കുറയാനിടയായതെന്നാണ് തൊഴിലാളികൾ പറയുന്നത്. മുട്ടയിടാൻ വേണ്ടി തീരത്തോട് ചേർന്ന് എത്തുന്ന കരിമീനുകളെ  കോര് വല കൊണ്ട് പിടിക്കുന്ന രീതി വർധിച്ചതാണ്  കരിമീൻ കുറയാനിടയായത്.

 കാര്യങ്കോട് പുഴയിൽ നിന്ന് ചൂണ്ടയിട്ട് പിടിച്ച കൊളോൻ മൽസ്യം.
കാര്യങ്കോട് പുഴയിൽ നിന്ന് ചൂണ്ടയിട്ട് പിടിച്ച കൊളോൻ മൽസ്യം.

പരമ്പരാഗത രീതി മാറി, മത്സ്യം പിടിക്കാൻ പൊരിച്ച കോഴി!

വർഷങ്ങൾക്ക് മുമ്പ് ചെമ്പല്ലി പോലുള്ള വലിയ മത്സ്യങ്ങളെ പിടിച്ചിരുന്നത് പുഴയിൽ കൂട് വച്ചിട്ടായിരുന്നു. മുളകൊണ്ട് ഉണ്ടാക്കിയ കൂട് സന്ധ്യാ സമയത്ത് പുഴയിൽ കല്ല് കെട്ടി താഴ്ത്തിവയ്ക്കും. 2 ദിവസം കഴിഞ്ഞാണ് എടുക്കുക. തീരദേശ ഗ്രാമങ്ങളിലെ അധിക വീടുകളിലും ചെമ്പല്ലിക്കൂട് കാണാം. എന്നാൽ ചെമ്പല്ലി പോലുള്ളവ കുറഞ്ഞതോടെ പരമ്പരാഗതമായ ഈ രീതി ഇല്ലാതായി. അതേസമയം പൊരിച്ച കോഴിയുടെ കഷണങ്ങൾ ചൂണ്ടയിൽ കോർത്ത് മത്സ്യം പിടിക്കുന്നതാണ് പുതിയ ശൈലി.

  പുഴയിൽ ഇല്ലാതാവുന്ന കച്ചായി മൽസ്യവും കരിമീനും
പുഴയിൽ ഇല്ലാതാവുന്ന കച്ചായി മൽസ്യവും കരിമീനും

കോളോൻ മത്സ്യത്തെ കാണാനില്ല, നേങ്ങോലും മഞ്ഞളേട്ടയും ഇല്ലാതായി

ഒരു കാലത്ത് പുഴയിലെ രാജാവായിരുന്നു കൊളോൻ. ഇന്ന് കളാഞ്ചിയെന്ന പേരിൽ വളർത്തുന്ന മത്സ്യമാണിത്. ഏറെ വലിപ്പമുള്ള ഈ മത്സ്യം രുചിയുടെ കാര്യത്തിൽ മുന്നിലാണ്. അത് കൊണ്ട് തന്നെ ഇതിന് ആവശ്യക്കാർ ഏറെയായിരുന്നു. എന്നാൽ ഈ ഇനം ഇപ്പോൾ അധികം കാണാറില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. നേങ്ങോൽ എന്ന മത്സ്യത്തിന്റെ  സ്ഥിതിയും വിഭിന്നമല്ല. മലവെള്ളം വന്ന് പുഴയിൽ വെള്ളം കലങ്ങിയാൽ പുഴയിൽ ഏറെ കാണുന്നതാണ് മഞ്ഞളേട്ട. കഴിഞ്ഞ 2 വർഷമായി ഈ മത്സ്യം പുഴയിൽ ഇല്ലെന്നാണ് മത്സ്യ തൊഴിലാളിയായ മയിച്ചയിലെ കെ.ടി സതീശൻ പറയുന്നത്. ഏരി, കച്ചായി ​എ​ന്നീ മത്സ്യങ്ങളും പുഴകളിൽ കുറയുകയാണ്.

  ചെമ്പല്ലി മൽസ്യത്തെ പിടിക്കാൻ ഉപയോഗിക്കുന്ന ചെമ്പല്ലി കൂട്
ചെമ്പല്ലി മൽസ്യത്തെ പിടിക്കാൻ ഉപയോഗിക്കുന്ന ചെമ്പല്ലി കൂട്

പുഴ മത്സ്യത്തിന്റെ രുചിയറിയാൻ ഹോട്ടലുകളും

കാര്യങ്കോട് പുഴയുടെ തീരത്തുള്ള മയിച്ച ഗ്രാമത്തിൽ ഊണിനോടൊപ്പം പുഴ മത്സ്യം പൊരിച്ചു നൽകുന്ന ഹോട്ടലുകളുണ്ട്.. എന്നാൽ വലിയ വില കൊടുത്ത് മത്സ്യം വാങ്ങി, ചെറിയ വിലയ്ക്ക് കൊടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഹോട്ടലുകാർ പറയുന്നത്.

ചെമ്പല്ലിയുമില്ല തിരുതയുമില്ല, പകരം എത്തുന്നത് മത്തിയും അയലയും

കാലാവസ്ഥ മാറുമ്പോൾ പുഴയിൽ ഏറെ കാണുന്ന ചെമ്പല്ലി അപൂർവ്വമായിട്ടാണ് ഇപ്പോൾ പുഴയിൽ നിന്ന് ലഭിക്കുന്നത്.  ചെമ്പല്ലിയെ പോലെ തന്നെ ഏറെ വലിപ്പമുള്ള തിരുത പുഴയിൽ നിന്ന് അപ്രത്യക്ഷമാവുകയാണ്. വേലിയേറ്റ സമയത്ത് പുഴയിൽ നിന്ന് മുകളിലേക്ക് തുള്ളുന്ന ഇവ അധികവും കാണാറില്ലെന്ന് മത്സ്യത്തൊഴിലാളിയായ അനൂപ് പറഞ്ഞു. അതെ സമയം കടൽ മത്സ്യമായ അയലയും മത്തിയും പുഴയിൽ നിന്ന് ലഭിക്കാറുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.

പൊന്നും വിലയ്ക്ക് പുഴ മീനെത്തുന്നു

ജില്ലയിലെ പുഴകളിൽ മത്സ്യ സമ്പത്ത് കുറയുമ്പോഴും മാർക്കറ്റുകളിൽ പുഴ മത്സ്യം യഥേഷ്ടം ലഭിക്കുന്നു. ഇതിനാവട്ടെ പൊന്നും വിലയാണ് ഈടാക്കുന്നത്. അന്യ ജില്ലകളിൽ നിന്നാണ് കരിമീൻ പോലുള്ളവ അധികവും എത്തുന്നത്. മംഗലാപുരത്ത് നിന്നു മാർക്കറ്റുകളിലേക്ക് മത്സ്യം എത്തുന്നുണ്ട്. കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില. വില വിൽപ്പനക്കാർക്ക് തോന്നിയ പോലെയാണ് ഈടാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com