ADVERTISEMENT

നീലേശ്വരം ∙ ആൾത്താമസമില്ലാത്ത വീട് പൊളിക്കുന്നതിനിടെ കണ്ടെത്തിയ സ്റ്റീൽ ബോംബിനോടു സാമ്യമുള്ള വസ്തു ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാലിൽ 25 വർഷമായി ആൾത്താമസമില്ലാത്ത വീട് പൊളിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. രാവിലെ പതിനൊന്നേ കാലോടോയായിരുന്നു സംഭവം.

ആവശ്യമില്ലാത്ത സാധനങ്ങൾ വലിച്ചെറിയുന്നതിനിടെ സ്റ്റീൽ ബോംബെന്നു കരുതുന്ന വസ്തു സമീപത്തെ തെങ്ങിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ചീള് തെറിച്ച് തൊഴിലാളി സംഘത്തിലുണ്ടായിരുന്ന പള്ളിക്കരയിലെ നാരായണന് പരുക്കേറ്റു. ഇദ്ദേഹം തേജസ്വിനി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി വീട്ടിലേക്കു മടങ്ങി. 

വൈകിട്ടോടെയാണ് ഇക്കാര്യം പൊലീസ് അറിഞ്ഞത്. ഇതിനിടയിലും ജോലി തുടർന്നതായും പറയുന്നു. വിവരമറിഞ്ഞ് നീലേശ്വരം സിഐ, പി.സുനിൽകുമാർ, ഗ്രേഡ് എസ്ഐ, വി.മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. ബോംബ് സ്ക്വാഡിനും കണ്ണൂർ ഫൊറൻസിക് വിഭാഗത്തിലെ സയന്റിഫിക് അസിസ്റ്റന്റിനും വിവരം കൈമാറിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ നീലേശ്വരം പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. 

നീലേശ്വരം ∙ പള്ളിക്കര കുഞ്ഞിപ്പുളിക്കാലിൽ പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടെ സ്ഫോടനമുണ്ടായ സംഭവത്തിലെ ദുരൂഹത നീക്കണമെന്നു യുഡിഎഫ് നീലേശ്വരം നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ എറുവാട്ട് മോഹനൻ ആവശ്യപ്പെട്ടു. നീലേശ്വരത്ത് ഇത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. സ്ഫോടനം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പൊലീസ് നിക്ഷ്പക്ഷമായ അന്വേഷണം നടത്തി ആശങ്കയകറ്റണണെന്നും കൂട്ടിച്ചേർത്തു.

നീലേശ്വരം ∙ സിപിഎം ശക്തികേന്ദ്രമായ നീലേശ്വരം കുഞ്ഞിപ്പുളിക്കാലിൽ ആൾത്താസമില്ലാത്ത വീട് പൊളിച്ചു മാറ്റുന്നതിനിടെയുണ്ടായ സ്ഫോടനം ഗൗരവത്തോടെ കാണണമെന്നു യുവമോർച്ച ജില്ലാ സെക്രട്ടറി ടി.ടി.സാഗർ ചാത്തമത്ത് ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പു പരാജയം മുന്നിൽക്കണ്ടു കൊണ്ടുള്ള സിപിഎം കോപ്പുകൂട്ടലാണിതെന്നും സാഗർ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com