ADVERTISEMENT

കാസർകോട് ∙ കോവിഡ് കാലമായിട്ടും ജില്ലയിൽ സർക്കാർ ആശുപത്രികളിൽ  നവജാതശിശുക്കൾ ഉൾപ്പെടെയുള്ള കുഞ്ഞുങ്ങൾക്കു തീവ്ര പരിചരണ സൗകര്യം ഇല്ല.  അത്യാസന്ന നിലയിലാകുന്ന കുഞ്ഞുങ്ങൾക്കു  ചില സ്വകാര്യ ആശുപത്രികൾ മാത്രമാണ് ആശ്രയം. അല്ലെങ്കിൽ ജില്ലയ്ക്കു പുറത്തു കടക്കണം. ദീർഘയാത്ര ചെയ്ത് കു‍ഞ്ഞിനെ ഇവിടങ്ങളിൽ എത്തിക്കുക എന്നത് മിക്കപ്പോഴും സുരക്ഷിതവുമല്ല. മാസം തികയും മുൻപ് പ്രസവിച്ചതും ശ്വാസ തടസ്സം ഉൾപ്പെടെ ഉള്ളതും ആയ കുഞ്ഞുങ്ങൾക്കാണ് തീവ്രപരിചരണം ആവശ്യം. 

ജില്ലയിൽ തന്നെ സർക്കാർ ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള തീവ്ര പരിചരണ സൗകര്യം ഇല്ലെങ്കിൽ നിർധന കുടുംബങ്ങളുടെ സ്ഥിതി ആശങ്കയിൽ തന്നെ പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്.  ജനറൽ ആശുപത്രിയിൽ ഉള്ള ഉപകരണങ്ങൾ തന്നെ ഉപയോഗിക്കാതെ മൂലയിൽ തള്ളുന്ന നിലയാണ്. കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിലേക്കു ട്യൂബ് ഇടാതെ ഓക്സിജൻ കയറ്റാവുന്ന ഉപകരണം ഉണ്ടായിട്ടും അത് പോലും ഉപയോഗിക്കാൻ കഴിയുന്നില്ല ഇവിടെ. ഒരു സാമൂഹിക സംഘടന ആശുപത്രിക്കു സൗജന്യമായി നൽകിയതാണ്  സി പാപ് ഉപകരണം. ട്യൂബ് ഇല്ലാത്തതാണ് ഇത് മൂലയിൽ ആയത്.

കഴിഞ്ഞ 15 നു കാസർകോട് ജനറൽ ആശുപത്രിയിൽ പ്രസവത്തിനു എത്തിയ ഉളിയത്തടുക്കയിലെ യുവതി അർധരാത്രി കഴിഞ്ഞ് ഒന്നരയോടെ ആണ് പ്രസവിച്ചത്. കന്നി പ്രസവം.  മാസം തികയും മുൻപ് പിറന്ന പെൺകുഞ്ഞ്. ശ്വാസ തടസ്സം ഉണ്ട്. കുഞ്ഞിനെ എങ്ങനെയും രക്ഷിക്കണമെന്ന മാതാവിന്റെയും ഓട്ടോ ഡ്രൈവർ ആയ പിതാവിന്റെയും അപേക്ഷ.

സാമ്പത്തികമായി കഴിവ് ഉണ്ടെങ്കിൽ നഗരത്തിനു അടുത്ത സ്വകാര്യ ആശുപത്രി, അല്ലെങ്കിൽ പരിയാരം മെഡിക്കൽ കോളജ് എന്നായി ആശുപത്രി അധികൃതർ. അവർക്കു ചെയ്യാവുന്ന പരിമിതി വിട്ട്് കുഞ്ഞിനെ രക്ഷിക്കാൻ അത് മാത്രം ആശ്രയം.  വാഹനാപകടത്തിൽ പരുക്കേറ്റ് തൊഴിൽ എടുക്കാൻ കഴിയാതെ  വീടിന്റെ വാടക പോലും കൊടുക്കാതെ കടം കയറിയ ഓട്ടോ ഡ്രൈവർ  ഗത്യന്തരം ഇല്ലാതെ  കു‍ഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ തന്നെ റഫർ ചെയ്യാൻ സമ്മതിച്ചു. 

കുഞ്ഞിനു സ്വകാര്യ ആശുപത്രിയിൽ മികച്ച പരിചരണം ലഭിച്ചു. എന്നാൽ അമ്മയും കുഞ്ഞുമായി 7 ാം ദിവസം ഡിസ്ചാർജ് ചെയ്യുമ്പോൾ അര ലക്ഷം രൂപ ബില്ല്. ബാങ്ക് വായ്പയെടുത്തു വാങ്ങിയ ഓട്ടോറിക്ഷ വിറ്റു. എന്നിട്ടും  ആശുപത്രി ബില്ല് കൊടുത്തു തീർക്കാൻ കഴിയാത്ത പിതാവ്. ആശുപത്രി കിടക്കയിൽ നിന്നു മാതാവിന്റെ ഫോണിലെ ദയനീയ അപേക്ഷ കേട്ട പൊലീസിന്റെ ഇടപെടൽ, കാരുണ്യ പ്രവർത്തകരുടെ സഹായം എല്ലാം ഒന്നു ചേർന്നായിരുന്നു ആശുപത്രിയിൽ ഇത് കൊടുത്തു തീർത്തത് .  കുഞ്ഞു സുഖം എന്നു അമ്മയും പിതാവും പറയുമ്പോഴും ഈ സഹായം കിട്ടിയില്ല എങ്കിൽ തങ്ങളുടെ ഗതി മറ്റൊന്ന് ആകുമായിരുന്നു എന്ന്  വേദനയോടെ ഓർമിപ്പിക്കുന്നു. 

" ജനറൽ ആശുപത്രിയിൽ കുഞ്ഞുങ്ങൾക്കു ഉള്ള തീവ്ര പരിചരണ യൂണിറ്റ്  നാലു മാസത്തിനകം നിലവിൽ വരും. ആശുപത്രിയുടെ രണ്ടാം നിലയിൽ  ഇതിനു ആവശ്യമായ വെന്റിലേറ്റർ സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്. മുതി‍ർന്നവർക്കു ആവശ്യമായ  5  വെന്റിലേറ്റർ സൗകര്യം ഉണ്ട്. അത് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്." - കെ. രാജാറാം, സൂപ്രണ്ട്, ജനറൽ ആശുപത്രി, കാസർകോട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com