ADVERTISEMENT

പാത്തിക്കര (വെള്ളരിക്കുണ്ട്) ∙ കൃഷി തന്നെ ജീവിതമാക്കിയ ബളാൽ പാത്തിക്കരയിലെ കെ.പി.ഡോളിക്ക് ജില്ലയിലെ മികച്ച വനിതാ പച്ചക്കറി കർഷകയ്ക്കുള്ള പുരസ്കാരം. കാർഷിക വികസന കർഷകക്ഷേമ വകുപ്പാണ് പുരസ്കാരം ഏർപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷമായി കാർഷിക രംഗത്ത് സജീവമായ ഡോളി, മഴമറ കൃഷിരീതിയിലൂടെയാണ് നേട്ടം കൊയ്യുന്നത്. 

അതിജീവനത്തിന്റെ മാതൃക

പാത്തിക്കരയിലെ 6 ഏക്കർ കൃഷിയിടത്തിലാണ് തടത്തിൽ കെ.പി.ഡോളിയെന്ന ഈ 59 കാരി പൊന്നുവിളയിക്കുന്നത്. ഇവരുടെ 28–ാം വയസ്സിലാണ് ഭർത്താവ് ജോസഫ് മരിച്ചത്. ഇതോടെ മാനസികമായും തളർന്നു. മൂന്നു മക്കളെ പോറ്റി വളർത്താനും ദുഃഖത്തിൽനിന്നു കരകയറാനും  ഇവർ കണ്ടെത്തിയ മാർഗം കൃഷിയായിരുന്നു. ഇന്ന് ഇവരുടെ കൃഷിയിടത്തിൽ ഇല്ലാത്ത വിളകൾ ഒന്നും തന്നെയില്ല.

തെങ്ങും, കമുകും, കുരുമുളകും, റബറും, വാഴയും, ഫലവൃക്ഷങ്ങളുമെല്ലാം ഇവിടെയുണ്ട്. ഇടവിളയായി നെല്ലും, കിഴങ്ങുവർഗങ്ങളും, പച്ചക്കറികളുമെല്ലാം വിളയിക്കുന്നു. ഇതിനു പുറമെ 3 പശുക്കളും കോഴിവളർത്തലുമുണ്ട്. മുൻകാലങ്ങളിൽ തെങ്ങുകയറ്റം ഉൾപ്പെടെ പറമ്പിലെ എല്ലാ ജോലികളും സ്വന്തമായിട്ടാണ് ചെയ്തിരുന്നത്.

എന്നാൽ തെങ്ങിലും കമുകിലും കയറുന്ന ജോലികൾക്കുമാത്രമാണ് ഇപ്പോൾ പുറമേനിന്നുള്ള തൊഴിലാളികളുടെ സഹായം തേടുന്നത്. റബർ ടാപ്പിങ്, മെഷീൻ ഉപയോഗിച്ചുള്ള കാടുവെട്ടൽ എന്നിവയുൾപ്പെടെയുള്ള പറമ്പിലെ മറ്റെല്ലാ തൊഴിലുകളും ഇപ്പോഴും സ്വന്തമായാണ് ചെയ്യുന്നത്. 

മഴമറയിലെ വേറിട്ട കൃഷി

വീടിന്റെ മട്ടുപ്പാവിലും വീട്ടുവളപ്പിലും പ്ലാസ്റ്റിക് ടെന്റിനുള്ളിൽ നടത്തുന്ന മഴമറ കൃഷിരീതിയിലൂടെയാണ് ഇവർ മഴക്കാലത്ത് പച്ചക്കറി വിളയിക്കുന്നത്. പച്ചമുളകുമുതൽ കാരറ്റ് വരെയുള്ള വിവിധയിനം പച്ചക്കറികൾ ഇവർ ഇതിലൂടെ വിളയിക്കുന്നു. പൂർണമായും ജൈവവളം ഉപയോഗിച്ചു കൃഷി ചെയ്യുന്ന ഇവർ, വിളകളിൽ സ്വന്തമായി തയാറാക്കിയ ജൈവ കീടനാശിനികളാണ് പ്രതിരോധ മരുന്നായി തളിക്കുന്നത്.

6 വർഷമായി തെങ്ങിന്റെ ഇടവിളയായി കരനെൽക്കൃഷി ചെയ്യുന്നു. 20 കിലോ ഗ്രാം നെൽവിത്ത് വിതച്ചാൽ 80 കിലോ ഗ്രാമോളം വിളവു ലഭിക്കാറുണ്ടെന്ന് ഇവർ പറയുന്നു. അടുക്കള മാലിന്യങ്ങൾ സംസ്കരിക്കാൻ വീട്ടുവളപ്പിൽ റിങ് കംപോസ്റ്റുകളും കുഴികളും സ്ഥാപിച്ചിട്ടുണ്ട്. കൃഷിഭവന്റെ ആഴ്ച ചന്തയിലും വെള്ളരിക്കുണ്ടിലെ ഇക്കോഷോപ്പിലുമാണ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്.  

കൃഷിയറിവുകളുമായി ഡോളിപച്ചക്കറി

കൃഷിയറിവുകൾ സമൂഹത്തിലേയ്ക്കു പങ്കുവയ്ക്കാൻ ഇവർ ഡോളി പച്ചക്കറി എന്നപേരിൽ സ്വന്തമായി യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. ജില്ലാതല പുരസ്കാരം നേടിയ ഡോളിയെ കഴിഞ്ഞദിവസം ബളാൽ പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമാണി ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷനായി. കൃഷി ഓഫിസർ അനിൽ സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com