ADVERTISEMENT

കാഞ്ഞങ്ങാട് ∙ ചട്ട‍ഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി പ്രവർത്തനം തുടങ്ങണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി കേരളപ്പിറവി ദിനമായ നവംബർ 1ന് അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കുന്നു. രാവിലെ 10ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നടക്കുന്ന ജീവൻ‍ രക്ഷാ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.

ആരോഗ്യ വകുപ്പ് ജില്ലയോടു കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് സമരമെന്നും ചട്ടംഞ്ചാലിലെ‍ ടാറ്റാ കോവിഡ് ആശുപത്രി പ്രവർത്തനം തുടങ്ങും വരെ സമരം തുടരുമെന്നും വേണ്ടി വന്നാൽ മരിക്കാനും തയാറാണെന്നും എംപി പറഞ്ഞു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് സർക്കാർ ഉദ്ഘാടന മാമാങ്കം നടത്തുകയാണ്. കോവിഡ് ആശുപത്രിയും ഇതിൽ പെടുന്നു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

കോവിഡ് ടാറ്റ ആശുപത്രി തുറക്കണമെന്ന് ആവശ്യപ്പെട്ട് ജനശ്രീ മിഷൻ ജില്ലാ കമ്മിറ്റി കാസർകോട് കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ജില്ലാ ചെയർമാൻ കെ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു.

ജില്ലയോടു സർക്കാർ ചിറ്റമ്മ നയമാണ് കാണിക്കുന്നത്. സർക്കാർ മനസ്സു വച്ചാൽ 90 ശതമാനം പ്രശ്നങ്ങൾക്കും പരിഹാരം കാണാം. ടാറ്റാ കോവിഡ് ആശുപത്രിയും ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജും പ്രവർത്തന സജ്ജമായാൽ മറ്റു ആശുപത്രികളെ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നത് ഒഴിവാക്കാം. 191 തസ്തികകൾ സർക്കാർ അനുവദിച്ചു. ആര് നിയമനം നടത്തുമെന്ന തർക്കമാണ് ഇപ്പോൾ നടക്കുന്നത്. ഡിഎച്ച്എസ് വഴി നിയമനം നടത്താനാണ് സർക്കാർ നിർദേശം.

തിരുവനന്തപുരത്ത് വച്ച് നിയമനം നടത്തിയാൽ ജില്ലയിലേക്ക് വരാൻ ആരും തയാറാവില്ല. ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫിസർ, എൻഎച്ച്എം പ്രോഗ്രാം മാനേജർ എന്നിവർ വഴി നിയമനം നടത്തി അടിയന്തരമായി ആശുപത്രി പ്രവർത്തനം തുടങ്ങണം. കോവിഡ് പ്രതിരോധത്തിൽ സർക്കാർ വരുത്തിയ വീഴ്ച പ്രതിപക്ഷത്തിന്റെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമമാണ് സർക്കാർ ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com