ADVERTISEMENT

കാസർകോട് ∙ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും തിരഞ്ഞെടുപ്പ് ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങിയവയിൽ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേൽവിലാസവും നൽകണമെന്ന് കലക്ടർ ഡി.സജിത് ബാബു അറിയിച്ചു.അച്ചടിക്കുന്നതിനു മുൻപേ പ്രസാധകനെ തിരിച്ചറിയുന്നതിനു 2 ആളുകൾ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോമിലുള്ള  പ്രഖ്യാപനം പ്രസ് ഉടമ നൽകണം. അച്ചടിച്ച ശേഷം അച്ചടി രേഖയുടെ പകർപ്പ് സഹിതം പ്രസ് ഉടമ ഫോംം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചു നൽകണം. വ്യവസ്ഥ ലംഘിച്ചാൽ 6 മാസം തടവും 2000 രൂപ പിഴയും ലഭിക്കും. 

സ്ഥലം കയ്യേറി പ്രചാരണം വേണ്ട

വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ അവരുടെ അനുവാദമില്ലാതെ കൊടിമരം നാട്ടുന്നതിനും ബാനറുകൾ കെട്ടുന്നതിനും  പരസ്യം പതിക്കുന്നതിനും മുദ്രാവാക്യം എഴുതുന്നതിനും ഉപയോഗിക്കാൻ പാടില്ല. സർക്കാർ ഓഫിസുകളിലും പരിസരത്തും ചുവർ എഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങളും ബോർഡുകളും മറ്റു പ്രചാരണോപാധികളും സ്ഥാപിക്കുന്നതിനു തടസ്സമില്ലെങ്കിൽ അവിടെ പരസ്യങ്ങൾ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർഥികൾക്കും തുല്യ അവസരം നൽകണം. ഏതെങ്കിലും പ്രത്യേക കക്ഷിക്കോ സ്ഥാനാർഥിക്കോ മാത്രമായി പൊതുസ്ഥലംം നീക്കി വച്ചിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഉറപ്പു വരുത്തും.

പൊതുജനങ്ങൾക്ക്,ശല്യമാകരുത്

പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തിൽ പ്രചാരണ സാമഗ്രികൾ (കൊടി, ബാനർ, പോസ്റ്റർ, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാൻ പാടില്ല. പരസ്യങ്ങൾക്കുള്ള ചെലവ് സ്ഥാനാർഥിയുടെ കണക്കിൽ ഉൾപ്പെടുത്തും.രാഷ്ട്രീയ കക്ഷികളോ സ്ഥാനാർഥികളോ എതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങൾ സ്ഥാപിച്ചോ മുദ്രാവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ അവ ഉടൻ നീക്കം ചെയ്യാൻ നോട്ടിസ് നൽകണം. ഇവ നൽകിയിട്ടും നീക്കിയില്ലെങ്കിൽ അതു നീക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നടപടിയെടുക്കും. അതിനുള്ള ചെലവ് സ്ഥാനാർഥികൾ നൽകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണങ്ങൾക്കോ റാലികൾക്കോ ഉപയോഗിക്കാൻ പാടില്ല.

മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പാക്കാൻ എംസിസി

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്താൻ എംസിസി രൂപീകരിച്ചു. കലക്ടർ ഡി.സജിത് ബാബു ചെയർമാനും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ജയ്‌സൺ മാത്യു കൺവീനറും ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ എ.കെ.രമേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ എന്നിവർ അംഗങ്ങളുമായുള്ളതാണ് കമ്മിറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com