ADVERTISEMENT

കാസർകോട് ∙ കോവിഡിനെ തുടർന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായകമാകും. ലോക്ഡൗണിനു ശേഷം ജില്ലയിൽ കാൽ ലക്ഷത്തിലേറെ പേരാണ് പ്രവാസ ജീവിതത്തിൽ നിന്ന് താൽക്കാലിക അവധിയെടുത്ത് നാട്ടിലെത്തിയിട്ടുള്ളത്. ഇതിൽ പലരും ആദ്യമായി വോട്ട് ചെയ്യാൻ ഒരുങ്ങുകയാണ്. 1990ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം വോട്ട് ചെയ്യാൻ പറ്റാത്തവരുമുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് നാട്ടിൽ ഇല്ലാത്തതും ഉണ്ടെങ്കിൽ തന്നെ വോട്ടർ പട്ടികയിൽ പേരില്ലാത്തതുകൊണ്ടുമാണ് പലർക്കും വോട്ട് ചെയ്യാൻ കഴിയാതിരുന്നത്.എന്നാൽ കോവിഡ് കാരണം മാസങ്ങൾക്കു മുൻപ് തന്നെ നാട്ടിലെത്തിയതിനാൽ ഇത്തവണ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ പറ്റി.

വിവിധ പഞ്ചായത്തുകളിൽ മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം

കോവിഡ് ജാഗ്രത പോർട്ടലിലെ കണക്കനുസരിച്ച് 28755 പ്രവാസികളാണ് ഇതുവരെ നാട്ടിലെത്തിയത്. കാഞ്ഞങ്ങാട് (2123), കാസർകോട് (2048) നഗരസഭകളിലും ചെമ്മനാട് പഞ്ചായത്തിലു(2089) മാണ് ഏറ്റവും കൂടുതൽ പ്രവാസികൾ എത്തിയത്. ചെങ്കള(1812), പള്ളിക്കര(1778), അജാനൂർ(1738) പഞ്ചായത്തുകളിലും ഒട്ടേറെ പേർ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയിട്ടുണ്ട്.

ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഫലം വന്ന വാർഡുകളിൽ നിർണായകം

flight-1

അഞ്ഞൂറിൽ കൂടുതൽ പ്രവാസികൾ തിരിച്ചെത്തിയ 19 തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിലുണ്ട്.‌ ഇതിൽ വളരെ കുറച്ച് പേർ മാത്രമേ തിരിച്ച് പോയിട്ടുള്ളൂ.  ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ഒട്ടേറെ പേരും ഈ തിരഞ്ഞെടുപ്പിന് നാട്ടിലുണ്ടാകും. ശക്തമായ മത്സരം നടക്കുന്ന തദ്ദേശ സ്ഥാപന വാർഡുകളുടെ ഇത്തരം വോട്ടുകൾ നിർണായകമാണ്. കാസർകോട് നഗരസഭയിലെ പള്ളം വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി പരാജയപ്പെട്ടത് വെറും ഒരു വോട്ടിനാണ്.

50 ൽ താഴെ വോട്ടുകൾക്ക് പരാജയപ്പെട്ട ഒട്ടേറെ സ്ഥാനാർഥികൾ പല പഞ്ചായത്തുകളിലും നഗരസഭകളിലുമുണ്ട്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ പോലും 200 ൽ താഴെ വോട്ടുകൾക്ക് ജയപരാജയങ്ങൾ നിർണയിച്ച അനുഭവം കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. ഇതുമായി തട്ടിച്ച് നോക്കുമ്പോൾ മടങ്ങിയെത്തിയ പ്രവാസികളുടെ കണക്ക് മുന്നണികളുടെ കണക്ക് കൂട്ടലുകൾ തെറ്റിക്കുമെന്നതിൽ തർക്കമില്ല. പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും മറ്റും ഇവരുടെ വോട്ടിനെ സ്വാധീനിക്കുമോ എന്നാണ് അറിയേണ്ടത്.

20 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നു. ഈ കാലയളവിലൊന്നും വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല. കോവിഡിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയതോടെ വോട്ടർ പട്ടികയിൽ പേരു ചേർക്കാനും വോട്ടു ചെയ്യാനുമുള്ള അവസരം ലഭിച്ചു. ഇതിൽ സന്തോഷമുണ്ട്. രാജഗോപാലൻ പുത്തൻ പുരയിൽ (പ്രവാസി, നർക്കിലക്കാട്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com