ADVERTISEMENT

കാസർകോട് ∙ കോടതി ജീവനക്കാർ സഞ്ചരിച്ച വാഹനം മോട്ടർ വാഹനവകുപ്പ് അധികൃതർ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് 4 ആർടി ഓഫിസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതോടെ കോടതി ജീവനക്കാരും മോട്ടർ വാഹന വകുപ്പുമായി തുടരുന്ന തർക്കം നിയമ സങ്കീർണതകളിലേക്ക്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെന്നിരിക്കെ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമാണ്.

കോവിഡ് കാരണം പൊതുഗതാഗത സംവിധാനം കുറവായതിനാൽ ടൂറിസ്റ്റ് യാത്രകൾക്ക് ഉപയോഗിക്കുന്ന കോൺട്രാക്ട് കാര്യേജ് ബസിലാണ് പയ്യന്നൂർ അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് കോടതി ജീവനക്കാർ ഏതാനും മാസങ്ങളായി എത്തിയിരുന്നത്. ഇതു നിയമവിരുദ്ധമാണെന്നു പറ‍ഞ്ഞാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം വാഹനം തടഞ്ഞത്.  കെഎസ്ആർടിസി അധികൃതർ കലക്ടർക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പരിശോധനാ സമയത്ത് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു പറഞ്ഞ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ 18 കോടതി ജീവനക്കാർക്കെതിരെ കേസെടുത്തതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ഇതേത്തുടർന്ന് അലക്ഷ്യമായും വേഗത്തിലും വാഹനം ഓടിച്ചെന്നും സ്ത്രീകൾ ഉൾപ്പെടെയുള്ളവരോട് അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് 60 കോടതി ജീവനക്കാർ നൽകിയ പരാതിയില്‍ കാസർകോട് ആർടി ഓഫിസിലെ ഉദ്യോഗസ്ഥരായ 4 പേർക്കെതിരെയും പൊലീസ് കേസെടുത്തു.

കോടതി ജീവനക്കാർ 20 പരാതികളാണു നൽകിയത്. ഇതോടെ ഓരോ കേസിലും വെവ്വേറെ നിയമനടപടി വേണ്ടി വരും. മാത്രമല്ല കേസിലെ വകുപ്പുകൾ ഓരോന്നും വെവ്വേറെ ജ‍ഡ്ജിമാർക്കു കീഴിൽ കൈകാര്യം ചെയ്യേണ്ടതാണ്. ജില്ലാ കോടതി, സിജെഎം കോടതി, മുൻസിഫ് കോടതി, അ‍ഡീഷനൽ ജില്ലാ കോടതി, ഫസ്റ്റ് ക്ലാസ് ജില്ലാ മജിസ്ട്രേട്ട് കോടതി തുടങ്ങി പല കോടതികളിലെ ജീവനക്കാരാണു പരാതിക്കാർ.

അതിനാൽ ഇനി എഫ്ഐആർ റദ്ദാക്കി പ്രശ്നപരിഹാരം പുറത്തു വച്ചു നടത്തണമെങ്കിലും എല്ലാ കോടതി ജീവനക്കാരെയും ഒന്നിച്ചിരുത്തി ചർച്ച ചെയ്യേണ്ടി വരും. അല്ലാത്തപക്ഷം നിയമപരമായി തന്നെ മുന്നോട്ടു പോകും.മോട്ടർ വാഹനവകുപ്പ് തട‍ഞ്ഞ അതേ വാഹനത്തിൽ ഇന്നും ജോലിക്ക് എത്തുമെന്നും നിയമവിരുദ്ധമായി ഒന്നുമില്ലെന്നുമാണു കോടതി ജീവനക്കാരുടെ നിലപാട്.

എന്താണ് തർക്കം?

കോവിഡ് കാരണം പൊതുഗതാഗത സംവിധാനം കുറഞ്ഞതോടെ കോടതിയിലെയും കലക്ടറേറ്റിലെയും ജീവനക്കാർക്കു ജോലിക്ക് എത്താൻ ജില്ലാ ഭരണകൂടം ഇടപെട്ട് കെഎസ്ആർടിസി ബസ് ഏർപ്പെടുത്തിയിരുന്നു. ഇതിൽ നിരക്കു കൂടുതലാണെന്നും വേണ്ട സൗകര്യങ്ങളില്ലെന്നും പറഞ്ഞ് കോടതി ജീവനക്കാർ സ്വന്തമായി ഏർപ്പെടുത്തിയ കോൺട്രാക്ട് കാര്യേജ് ലൈസൻസുള്ള വാഹനത്തിലാണു ജോലിക്ക് എത്തിയിരുന്നത്.

ഇതിനെതിരെ കെഎസ്ആർടിസി അധികൃതർ രേഖാമൂലം പരാതി നൽകി. കോൺട്രാക്ട് കാര്യേജ് വാഹനത്തിൽ കോടതി ജീവനക്കാർ വഴിയിൽ നിന്ന് ആളെ കയറ്റി എന്നാണ് മോട്ടർ വാഹനവകുപ്പിന്റെ ആരോപണം. എന്നാൽ, നേരത്തേ ബസ് ബുക്ക് ചെയ്ത ആളുകൾ വഴിയിൽ നിന്നു കയറിയതാണെന്നും അല്ലാതെ ആരെയും കയറ്റിയിട്ടില്ലെന്നും കോടതി ജീവനക്കാർ പറയുന്നു.

മാത്രമല്ല, കോൺട്രാക്ട് കാര്യേജ് വാഹനത്തിൽ നേരത്തേ ബുക്ക് ചെയ്ത ആളുകളെ വഴിയിൽ നിന്നു കയറ്റുന്നതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കോടതി ജീവനക്കാർ വാദിക്കുന്നു. ഇക്കാര്യത്തിൽ നിയമപരമായ അന്തിമ തീരുമാനം ഉണ്ടായാൽ മാത്രമേ തർക്കം പരിഹരിക്കപ്പെടുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com