ADVERTISEMENT

കാസർകോട് ∙ ‌‌‌പൈപ്പിലൂടെ അടുക്കളകളിലേക്കു പാചക വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മേയ് മാസത്തോടെ ജില്ലയിൽ പ്രവർത്തനക്ഷമമാകും. ‌കൊച്ചി - മംഗളൂരു ഗെയ്ൽ പ്രകൃതി വാതക പൈപ്പ്‌ലൈനിന്റെ അമ്പലത്തറ വാൽവ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണു തുടക്കത്തിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുന്നത്. അമ്പലത്തറ മുതൽ മാവുങ്കാൽ വരെയുള്ള അഞ്ഞൂറോളം വീടുകളിലാണ് ആദ്യ ഘട്ടത്തിൽ പാചകവാതകം എത്തുക. തുടർന്നു ചിത്താരി വരെ പൈപ്പ്‌ലൈൻ നീട്ടും. രണ്ടാം ഘട്ടത്തിൽ കെഎസ്ടിപി റോഡരികിലൂടെ കാസർകോട് നഗരത്തിലേക്കും പിന്നീട് നീലേശ്വരത്തേക്കും പദ്ധതി വ്യാപിപ്പിക്കും. ദേശീയപാത വികസനം കൂടി കണക്കിലെടുത്താകും പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന ഭാഗം തീരുമാനിക്കുന്നത്. കാഞ്ഞങ്ങാട് മൂലക്കണ്ടത്ത് ഒരു കിലോമീറ്റർ പൈപ്പ് ലൈനിന്റെ പണി പൂർത്തിയായി. നഗര പ്രദേശങ്ങളിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കുമാണ് തുടക്കത്തിൽ മുൻഗണന നൽകുക. അതു കഴിഞ്ഞ് ഗ്രാമീണ - മലയോര മേഖലകളിലേക്കും വ്യാപിപ്പിക്കും.

പൂർണമാകാൻ 8 വർഷം

മലയോര മേഖലയിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ പ്രയാസമുള്ള ഭാഗങ്ങളിലേക്കു ലോറിയിൽ ഗ്യാസ് എത്തിക്കുന്ന കാര്യവും അധികൃതർ പരിഗണിക്കുന്നുണ്ട്. മരാമത്ത് - തദ്ദേശ സ്ഥാപനങ്ങളുടെ റോഡരികിലൂടെ പൈപ്പ്‌ലൈൻ പോകുന്നതിനാൽ സ്ഥലം ഏറ്റെടുപ്പ് ആവശ്യമില്ല. അപേക്ഷ ലഭിച്ച് 21 ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിക്കുള്ള സാങ്കേതിക അനുമതി നൽകണമെന്ന് സർക്കാർ നിർദേശമുണ്ട്. ഇതു പദ്ധതി വേഗത്തിലാക്കാൻ സഹായിക്കും. ഇന്ത്യൻ ഓയിൽ കോർപറേഷനും അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും (ഐഒഎജിപിഎൽ) ചേർന്നാണു പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ പൂർണമായി പദ്ധതി നടപ്പിലാക്കാൻ 8 വർഷമെങ്കിലും വേണ്ടി വരുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

വില നിർണയം

പ്രകൃതി വാതക റെഗുലേറ്ററി ബോർഡിന്റെ മേൽനോട്ടത്തിലാകും ഇതിന്റെ വില നിർണയം. ഗാർഹിക കണക്ഷനുകൾക്ക് സെക്യൂരിറ്റി തുകയായി 5000 രൂപയാണു നിശ്ചയിച്ചത്. ഇതു തവണകളായി അടയ്ക്കാവുന്ന സൗകര്യം ഉൾപ്പെടെ നടപ്പിലാക്കും.

ഒറ്റനോട്ടത്തിൽ
∙ ജില്ലയിൽ ഗെയ്ൽ പൈപ്പ് ലൈനിന്റെ നീളം: 80 കിലോമീറ്റർ.
∙ പേരാൽ (നീലേശ്വരം), അമ്പലത്തറ (പുല്ലൂർ പെരിയ), ചെങ്കള (ചെങ്കള), കൊടലമുഗറു (പൈവളിഗെ) എന്നിവയാണ് വാൽവ് സ്റ്റേഷനുകൾ. ഇവ കേന്ദ്രീകരിച്ചാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുക. 16 കിലോമീറ്റർ വ്യത്യാസത്തിലാണ് വാൽവ് സ്റ്റേഷനുകൾ.
∙ കുമ്പള ഇച്ചിലംപാടിയിലാണ് ജില്ലയിലെ ഐപി സ്റ്റേഷൻ. പൈപ്പ് ലൈനിന്റെ ഉൾവശം ശുചീകരിക്കുകയാണ് ഐപി സ്റ്റേഷന്റെ ഉദ്ദേശ്യം. പൈപ്പ് ഇൻസ്പെക്ഷൻ ഗേജ് സംവിധാനം ഉപയോഗിച്ചാകും ശുചീകരണം. ആളില്ലാതെ പ്രവർത്തിപ്പിക്കുന്ന സ്റ്റേഷനുകളായാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com