ADVERTISEMENT

കാഞ്ഞങ്ങാട് ∙ സത്യസായി ഓർഫനേജ് ട്രസ്റ്റ് എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിർമിച്ച വീടുകൾ സർക്കാർ പട്ടയം അനുവദിച്ച ഭൂമിയിൽ അല്ലെന്നു കലക്ടർ. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതും റവന്യു മന്ത്രി പട്ടയം നൽകിയതും പിന്നെ ഏത് ഭൂമിയിലാണെന്ന് എങ്കിൽ വ്യക്തമാക്കണമെന്ന് സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ. സർക്കാർ പട്ടയം അനുവദിച്ച ഭൂമിയിൽ അല്ലെന്ന് റവന്യു വകുപ്പ് പുനഃപരിശോധനയിൽ കണ്ടെത്തിയെന്നാണ് കലക്ടർ ഡോ. ഡി.സജിത്ബാബു അറിയിച്ചത്. 2015ൽ പുല്ലൂർ വില്ലേജിലെ 492/1 സർവേ നമ്പറിൽ അർഹരായ 30 പേർക്ക് 10 സെന്റ് വീതം പട്ടയം അനുവദിച്ച് നൽകിയിരുന്നു.

പട്ടയം അനുവദിച്ച ഭൂമിയിൽ സ്‌പോൺസർഷിപ് വഴി വീടുകൾ നിർമിച്ച് നൽകുമെന്ന ട്രസ്റ്റിന്റെ ഉറപ്പിലാണ് പട്ടയം നൽകിയത്. എന്നാൽ  റവന്യു വകുപ്പ് നടത്തിയ പുന:പരിശോധനയിൽ ട്രസ്റ്റ് വീട് നിർമിച്ച് നൽകിയത് ദുരിതബാധിതർക്ക് പട്ടയം അനുവദിച്ച ഭൂമിയിൽ അല്ലെന്ന് കണ്ടെത്തിയെന്നാണ് കലക്ടർ വിശദമാക്കുന്നത്.  എന്നാൽ സർക്കാർ അനുവദിച്ച സ്ഥലത്താണ് വീടുകൾ നിർമിച്ചതെന്നും സ്ഥലം അളന്നു തിരിച്ച് തന്നത് അന്നത്തെ റവന്യു ഉദ്യോഗസ്ഥരാണെന്നും ട്രസ്റ്റ് ഭാരവാഹികൾ പറയുന്നു. കെ.കുഞ്ഞിരാമൻ എംഎൽഎയുടെ അധ്യക്ഷതയിൽ മന്ത്രി ഇ.ചന്ദ്രശേഖരനാണ് വീട് നിർമാണത്തിന് തറക്കല്ലിട്ടത്. 22 വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.‌ പട്ടയം കൊടുത്തത് മന്ത്രി ഇ.ചന്ദ്രശേഖരനാണ്. 

പട്ടയം തയാറാക്കിയത് അന്നത്തെ ഡപ്യൂട്ടി കലക്ടർ ആയിരുന്ന എച്ച്.ദിനേശനാണ്. അന്നൊന്നും വീട് നിർമിച്ച് നൽകിയത് പട്ടയം നൽകാത്ത ഭൂമിയിൽ ആണെന്ന് ആരും കണ്ടെത്തിയിട്ടില്ല. പുതിയ കണ്ടെത്തൽ അത്ഭുതപ്പെടുത്തുന്നുവെന്നും ആനന്ദ കുമാർ പറഞ്ഞു. നിലവിൽ വീട് നിർമിക്കപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വീട്ടുനമ്പരും കുടിവെള്ളവും വൈദ്യുതിയും അനുവദിക്കണമെങ്കിൽ അവരുടെ പേരിൽ ഭൂമി പതിച്ചു നൽകേണ്ടതുണ്ട്. ഒരിക്കൽ പതിച്ച് നൽകിയാൽ അവർക്ക് വീണ്ടും ഭൂമി പതിച്ചു നൽകാൻ നിയമപ്രകാരം കഴിയുകയില്ലെന്ന് കലക്ടർ പറയുന്നു. അതിനാൽ നേരത്തേ അനുവദിച്ച പട്ടയങ്ങൾ റദ്ദ് ചെയ്യണം. പട്ടയങ്ങൾ റദ്ദ് ചെയ്ത ശേഷം പുതുതായി നിർമിച്ച വീടുകൾ ഉൾപ്പെടുന്ന സ്ഥലത്തിന് പട്ടയം നൽകുന്ന നടപടി ആരംഭിച്ചിരിക്കുകയാണെന്ന് കലക്ടർ പറയുന്നു. 

എൻഡോസൾഫാൻ ദുരിതബാധിതരിൽ അർഹരായ 42 കുടുംബങ്ങൾക്ക് 2020 ജൂൺ 10 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നറുക്കെടുപ്പ് നടത്തി ഭൂമി അനുവദിച്ചിരുന്നു. പുല്ലൂർ വില്ലേജിലെ 9 കുടുംബങ്ങൾക്ക് ഉൾപ്പെടെയാണിത്. ഇതിൽ പുല്ലൂർ വില്ലേജിൽ ഏഴു കുടുംബങ്ങൾ മാത്രമാണ് വീട് ഏറ്റെടുക്കാൻ തയാറായത്. 2020 ജൂലൈ മൂന്നിന് ചേർന്ന എൻഡോസൾഫാൻ സ്‌പെഷൽ സെൽ യോഗം ഇത് അംഗീകരിച്ചിട്ടുള്ളതാണെന്നും കലക്ടർ പറയുന്നു. എൻഡോസൾഫാൻ ഈ പട്ടികയിൽ ഉൾപ്പെടാത്ത വ്യക്തികൾക്ക് പദ്ധതിയിൽ ഭൂമിയോ വീടോ നൽകാൻ നിയമപ്രകാരം കഴിയില്ല.  ഭൂമിയും വീടും നൽകുന്നതിന് എൻഡോസൾഫാൻ സ്‌പെഷൽ സെൽ യോഗം തീരുമാനിക്കണമെന്നതിനാലാണ് സത്യസായി ട്രസ്റ്റും പഞ്ചായത്തും നൽകിയ വീട്ടിൽ താമസിക്കുന്ന ശ്രീനിഷയുടെ കുടുംബത്തിന് നോട്ടിസ് നൽകിയത്. അവകാശങ്ങൾ മറ്റുള്ളവർ കവർന്നെടുക്കുന്നുവെന്ന് കഴിഞ്ഞ സെൽ യോഗത്തിൽ ആക്ഷേപം ഉയർന്നിരുന്നു. അങ്ങനെയെങ്കിൽ‍ ശ്രീനിഷയും കുടുംബവും അനർഹരാണെന്നാണ് കലക്ടറുടെ കണ്ടെത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com