ADVERTISEMENT

കാസർകോട് ∙ കേരളത്തിന്റെ ഊർജോൽപാദനത്തിന് വൻ മുതൽക്കൂട്ടായി ജില്ലയ്ക്ക് അനുവദിച്ച സോളർ പാർക്കിലെ രണ്ടാമത്തെ പദ്ധതിയും പൂർത്തിയായി. പൈവളിഗെയിലെ 250 ഏക്കറിൽ 50 മെഗാവാട്ടിന്റെ പദ്ധതിയുടെ പ്രവർത്തനം മുഖ്യമന്ത്രി ഫെബ്രുവരി ആദ്യം ഉദ്ഘാടനം ചെയ്യും. മൊത്തം 200 മെഗാവാട്ടിന്റെ 4 സോളർ പദ്ധതികളാണ് ജില്ലയിൽ ആരംഭിക്കുന്ന സോളർ പാർക്കിൽ ഉൾപ്പെടുന്നത്. 2017 സെപ്റ്റംബറിൽ ജില്ലയിലെ തന്നെ അമ്പലത്തറയിലും 50 മെഗാവാട്ടിന്റെ സോളർ പദ്ധതി കമ്മിഷൻ ചെയ്തിരുന്നു. ചീമേനിയിലും അമ്പലത്തറയ്ക്കു സമീപം നെല്ലിത്തറയിലുമാണ് മറ്റു പദ്ധതികൾ ആരംഭിക്കുന്നത്. 21 സംസ്ഥാനങ്ങളിലായി 25 സോളർ പാർക്കുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ഏക സോളർ പാർക്കാണ് കാസർകോട് ജില്ലയിലേത്.

 പൈവളിഗെ പ്രൊജക്ട്

കെഎസ്ഇബിക്കും കേന്ദ്ര സർക്കാർ ഏജൻസിയായ സോളർ എനർജി കോർപറേഷനും തുല്യപങ്കാളിത്തമുള്ള ആർ‌പിസികെ എന്ന കമ്പനിയാണ് ജില്ലയിലെ സോളർ പാർക്ക് ‌പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പൈവളിഗെയിലെ പ്രൊജക്ട് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ടിഎച്ച്ഡിസി എന്ന കമ്പനിയാണ് 248 കോടി മുടക്കി നിർമിച്ചത്.250 ഏക്കറിൽ 1,65,000 സോളർ പാനലുകൾ സ്ഥാപിച്ചാണ് പൈവളിഗെയിൽ വൈദ്യുതി ഉൽപാദനം. അമ്പലത്തറയിലേതിനേക്കാൾ ഉൽപാദനക്ഷമത കൂടിയ പാനലുകളാണ് പൈവളിഗെയിൽ സ്ഥാപിച്ചിരിക്കുന്നത്.

 പ്രവർത്തനം ഇങ്ങനെ

നിലവിൽ കർണാടകയിലെ കൊനാജെയിൽ നിന്നടക്കം കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനു ഒരു ബദൽ സംവിധാനമായി പൈവളിഗെയിലെ സോളർ പ്ലാന്റിനെ ഉപയോഗപ്പെടുത്താം. ഇതോടെ കർണാടക വഴി എത്തിക്കുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കാനാവും. പൈവൊളികെയിലെ സോളർ പ്ലാന്റ് സ്ഥാപിച്ച ടിഎച്ച്ഡിസിയിൽ നിന്ന് യൂണിറ്റിന് 3.1 രൂപ നൽകിയാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുക എന്നതാണ് കരാർ. 25 വർഷമാണ് കാലാവധി. പ്രതി ദിനം 3 ലക്ഷം യൂണിറ്റും വർഷത്തിൽ 100.74 യൂണിറ്റും വൈദ്യുതി ഇവിടെ നിന്ന് ഉൽപാദിപ്പിക്കും. പൈവളിഗെയിലേ പ്ലാന്റിൽ നിന്ന് കുബനൂർ സബ് സ്റ്റേഷനിലേക്കാണ് വൈദ്യുതി കെഎസ്ഇബിക്കു കൈമാറുന്നത്.

 കാസർകോടിന് എങ്ങനെ ഗുണം ചെയ്യും?

കടുത്ത വൈദ്യുതി പ്രതിസന്ധി അനുഭവിക്കുന്ന ജില്ലയാണ് കാസർകോട്. ജില്ലയിൽ സ്വന്തമായി വൈദ്യുതി പദ്ധതികളൊന്നും നിലവിലുണ്ടായിരുന്നില്ല. സോളർ പാർക്കിന്റെ സാന്നിധ്യം ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്കു കുറച്ചെങ്കിലും പരിഹാരമാകും. ഇതുവഴി വോൾട്ടേജ് സ്ഥിരതയും ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com