കാഞ്ഞങ്ങാട്ട് കട കത്തിനശിച്ചു; മാലിന്യക്കൂമ്പാരത്തിൽ നിന്ന് തീ പടർന്നതാണെന്ന് സംശയം

 1.കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ ‘ട്രാക്ക് കൂൾ’ എന്ന സ്ഥാപനത്തിൽ തീ പടർന്നപ്പോൾ 2. തീ അണയ്ക്കാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമം
1.കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ ‘ട്രാക്ക് കൂൾ’ എന്ന സ്ഥാപനത്തിൽ തീ പടർന്നപ്പോൾ 2. തീ അണയ്ക്കാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമം
SHARE

കാഞ്ഞങ്ങാട് ∙ നോർത്ത് കോട്ടച്ചേരിയിൽ വാഹനങ്ങളുടെ എക്സ്ട്രാ ഫിറ്റിങ് സ്പെയർ പാർട്സും അലങ്കാര ലൈറ്റുകളും വിൽക്കുന്ന കട തീ കത്തിനശിച്ചു. ചിത്താരി സ്വദേശി ഫൈസലിന്റെ ഉടമസ്ഥതയിലുള്ള  ‘ട്രാക്ക് കൂൾ’ എന്ന സ്ഥാപത്തിന്റെ സാധനങ്ങൾ സൂക്ഷിച്ച മുകളിലത്തെ നിലയിലാണ് ഇന്നലെ പുലർച്ചെ തീ പടർന്നത്. പത്രവിതരണം ചെയ്യുന്നയാളാണ് കടയിൽ നിന്നു തീയും പുകയും കണ്ടത്. തുടർന്ന് സമീപവാസികളെ വിവരമറിയിച്ചു. ഇവർ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ കെ.വി.പ്രഭാകരന്റെ നേതൃത്വത്തിൽ മിനിറ്റുകൾക്കകം ആദ്യ വാഹനം എത്തി രക്ഷാപ്രവർത്തനം തുടങ്ങി 

ഇവർ രക്ഷാപ്രവർത്തനം തുടങ്ങുന്നതിടെ കടയുടെ മുകളിലത്തെ നിലയിലെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടിത്തെറിച്ച് പ്രദേശമാകെ തീയും പുകയും ഉയർന്നു. തുടർന്ന് അഗ്നിരക്ഷാ സേനയുടെ രണ്ടാമത്തെ വാഹനവും എത്തി. പിന്നാലെ കാസർകോട് നിന്നു രണ്ടു യൂണിറ്റും തൃക്കരിപ്പൂരിൽ നിന്നു ഒരു യൂണിറ്റും എത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതിനാൽ തൊട്ടടുത്ത കടകളിലേക്ക് തീ പടരുന്നത് ഒഴിവായി.

മുപ്പതോളം അഗ്നിരക്ഷാസേന ഓഫിസർമാരും സിവിൽ ഡിഫൻസ് അംഗങ്ങളും പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാവിലെ എട്ടരയോടെയാണ് തീ പൂർണമായും അണക്കാനായത്.

ഏകദേശം 25,000 ലീറ്റർ വെളളം പമ്പ് ചെയ്തു. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിരക്ഷാ സേനയിലെ  ഡ്രൈവർ ലതീഷ് കയ്യുരിനും സിവിൽ ഡിഫൻസ് അംഗം രതീഷ് കുശാൽ നഗറിനും പരുക്കേറ്റു. ഇവർ സമീപത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സ തേടി. കാഞ്ഞങ്ങാട്ടെ മുഹമ്മദ്കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ജില്ലാ ഫയർ ഓഫിസർ എ.ടി.ഹരിദാസ് സംഭവസ്ഥലം സന്ദർശിച്ചു.

മാലിന്യക്കൂമ്പാരത്തിൽ നിന്ന് തീ പടർന്നതാണെന്ന് സംശയം

കടയുടെ പിന്നിലെ മാലിന്യകൂമ്പാരത്തിൽ നിന്നു തീ പടർന്നതാണ് അപകട കാരണമെന്ന് സംശയം.

കെട്ടിടങ്ങൾക്കുള്ളിലും സമീപത്തും മാലിന്യങ്ങൾ കൂട്ടിയിടുന്നതാണ് ഇത്തരം തീപിടുത്തത്തിനു പ്രധാന കാരണമെന്നും കെട്ടിടങ്ങളിൽ അഗ്നിരക്ഷാസേന ഉദ്യാഗസ്ഥർ പരിശോധന നടത്തുമ്പോൾ ഇത്തരം മാലിന്യങ്ങൾ കണ്ടാലും കെട്ടിടങ്ങളിലെ ഫയർ ഫൈറ്റിങ് ഉപകരണങ്ങൾ ഉപയോഗശൂന്യമാണെന്നു തെളിഞ്ഞാലും കർശന നടപടി ഉണ്ടാകുമെന്നും സ്റ്റേഷൻ ഓഫിസർ കെ.വി.പ്രഭാകരൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kasargod
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA