ADVERTISEMENT

കാഞ്ഞങ്ങാട് ∙ ജില്ലാ ജയിലിന് സൗന്ദര്യം പകർന്ന് മുന്തിരി കുലകളും പച്ചക്കറി തോട്ടവും. ആകെയുള്ള 30 സെന്റ് സ്ഥലത്താണ് ആരെയും ആകർഷിക്കുന്ന ഈ ഹരിത സമൃദ്ധി. ചെമ്മട്ടംവയലിൽ ജില്ലാ ആശുപത്രിയോട് ചേർന്നാണ് ജയിൽ പ്രവർത്തിക്കുന്നത്. ആകെയുള്ള ഒരേക്കർ സ്ഥലത്ത് 30 സെന്റ് സ്ഥലം മാത്രമാണ് കൃഷിക്കായി ഉള്ളത്. ഇവിടെ മുന്തിരി, ചോളം, കാബേജ്, പയർ, ചീര, വെണ്ടയ്ക്ക തുടങ്ങി മിക്ക ഇനങ്ങളും കൃഷി ചെയ്യുന്നു.

വനിതാ ബ്ലോക്കിന് അടുത്താണ് ആരെയും ആകർഷിക്കുന്ന മുന്തിരി കൃഷി. 2 വർഷമായി ജയിലിൽ മുന്തിരി കൃഷി ആരംഭിച്ചിട്ട്. കഴിഞ്ഞ തവണ പ്രതീക്ഷിച്ച വിളവ് കിട്ടിയില്ലെങ്കിലും ഇത്തവണ വള്ളികൾ നിറയെ മുന്തിരി കുലകളാണ്. ജയിൽ എത്തുന്ന സന്ദർശകരുടെ കാഴ്ച ആകർഷിക്കുന്ന വിധമാണ് മുന്തിരി കുലകളുടെ സമൃദ്ധി. വനിതാ അസിസ്റ്റന്റ് സൂപ്രണ്ട് പ്രമീള ആണ് മുന്തിരി കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്.

ജയിലിന് അകത്ത് ഗ്രേ ബാഗിലും പുറത്ത് മണ്ണിലുമാണ് പച്ചക്കറി കൃഷി. ഒട്ടുമിക്ക പച്ചക്കറി ഇനങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. കൃഷി വകുപ്പും ഹരിത കേരള മിഷനും വേണ്ട സഹായങ്ങൾ നൽകുന്നു. ഇവിടെ വിളയുന്ന പച്ചക്കറികളാണ് ജയിൽ അന്തേവാസികൾക്കുള്ള ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിക്കുകയാണ്.

അതിനാൽ തടവുകാരുടെ കുറവുണ്ട്. ഇതൊന്നും ജയിലിലെ കൃഷിയെ ബാധിക്കാതെ ജീവനക്കാർ ശ്രദ്ധിക്കുന്നു. സാധാരണ ജനുവരി മാസത്തോടെ ജയിൽ കിണർ വറ്റാറുണ്ട്. ഇത്തവണ മഴ വെള്ള റീചാർജിങ്ങിലൂടെ കിണറിൽ ആവശ്യത്തിന് വെള്ളം കിട്ടുന്നുണ്ട്. സൂപ്രണ്ട് കെ.വേണുവിന്റെ നേതൃത്വത്തിലാണ് കൃഷി.

അസിസ്റ്റന്റ് സൂപ്രണ്ടുമാരായ എം.ശ്രീനിവാസൻ, പി.ഗോപാലൻ നായർ, ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരായ പുഷ്പരാജ്, സുമോദ്, ജിമ്മി ജോൺ, അസിസ്റ്റന്റ് പ്രിസൺ ഓഫിസർ കെ.വി.വിജയൻ എന്നിവർ കൃഷിക്ക് മേൽനോട്ടം വഹിക്കുന്നു. ജയിലിലേക്ക് താൽക്കാലികമായി നിയമിക്കുന്ന എക്സ് സർവീസ്മെൻമാരും കൃഷിയിൽ വേണ്ട സഹായങ്ങൾ ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com