ADVERTISEMENT

കാസർകോട് ∙‌ ‌പോളിങ് ശതമാനത്തിലെ കുറവ് തൃക്കരിപ്പൂർ മണ്ഡലത്തിൽ മുന്നണികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുമോ?. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും 80 ശതമാനം കടന്ന മണ്ഡലത്തിലെ പോളിങ് ഇത്തവണ 3 ശതമാനത്തോളം കുറവാണ്. 76.77% ആണ് ഈ തിരഞ്ഞെടുപ്പിലെ പോളിങ്. ഏപ്രിൽ 16 വരെയുള്ള കണക്കു പ്രകാരം 3109 തപാൽ വോട്ടുകളുണ്ട്. ഇതുകൂടി ചേർത്താലും 2 ശതമാനത്തോളം വർധന മാത്രമേ പോളിങ്ങിൽ ഉണ്ടാവുകയുള്ളൂ. 2016 ൽ 81.88 ശതമാനവും 2011 ൽ 80.28 ശതമാനവുമായിരുന്നു തൃക്കരിപ്പൂരിലെ പോളിങ്.

അതേസമയം സിപിഎം ശക്തി കേന്ദ്രങ്ങളായ കയ്യൂർ ചീമേനി, പിലിക്കോട്, ചെറുവത്തൂർ പഞ്ചായത്തുകളിൽ പോളിങ് 80‌% കടന്നത് എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നു. പിലിക്കോട് (85.20), കയ്യൂർ ചീമേനി (83.79), ചെറുവത്തൂർ (80.14) എന്നിങ്ങനെയാണ് തപാൽ വോട്ട് ഒഴിച്ചുള്ള പോളിങ് ശതമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിലിക്കോട് നിന്ന് 9491 വോട്ടുകളും കയ്യൂർ ചീമേനിയിൽ നിന്നു 9044 വോട്ടുകളുമാണ് എൽഡിഎഫിന് യുഡിഎഫിനേക്കാളും അധികമായി ലഭിച്ചത്. എൽ‍ഡിഎഫ് ലീഡ് പ്രതീക്ഷിക്കുന്ന നീലേശ്വരം നഗരസഭയിലും താരതമ്യേന നല്ല പോളിങ് നടന്നത് അവർക്കു മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷ നൽകുന്നു.

യുഡിഎഫിനു നല്ല മേൽക്കൈയുള്ള ഈസ്റ്റ് എളേരി, തൃക്കരിപ്പൂർ പഞ്ചായത്തുകളിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം. ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഭരണം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നല്ല പ്രകടനമാണ് കാഴ്ച വച്ചത്. 2016 ൽ 3789 വോട്ടുകളുടെ ലീഡാണ് ഇവിടെ നിന്നു യുഡിഎഫിനു ലഭിച്ചത്. ഇത് ഇത്തവണ അയ്യായിരം കടത്താമെന്നായിരുന്നു കണക്കു കൂട്ടിയത്. ‌ തൃക്കരിപ്പൂരിലും ഇതു തന്നെയാണ് സ്ഥിതി. 2016 ൽ 4547 വോട്ടുകളാണ് തൃക്കരിപ്പൂർ പഞ്ചായത്ത് യുഡിഎഫിന് അധികം നൽകിയത്. ഇത്തവണ അത് 6000 എങ്കിലും ആക്കി വർധിപ്പിക്കാമെന്നായിരുന്നു നേതാക്കളുടെ വിലയിരുത്തൽ.

ഈ 2 പഞ്ചായത്തുകളിൽ നിന്നു ലഭിക്കുന്ന ഭൂരിപക്ഷമാണ് മണ്ഡലത്തിൽ യുഡിഎഫിന്റെ ജയവും തോൽവിയും നിർണയിക്കുക. ഇങ്ങനെ നോക്കുമ്പോൾ പോളിങ് ശതമാനം കുറഞ്ഞത് തിരിച്ചടിയാകുമെന്ന ആശങ്ക യുഡിഎഫ് ക്യാംപിലുണ്ട്. വെസ്റ്റ് എളേരി, പടന്ന, വലിയ പറമ്പ പഞ്ചായത്തുകളിൽ യുഡിഎഫാണ് മുൻപിലെങ്കിലും ചെറിയ വോട്ട് വ്യത്യാസമേ എൽഡിഎഫുമായുള്ളൂ. അതുകൊണ്ട് ഇവിടത്തെ കുറവ് ഇരുമുന്നണികളെയും ബാധിക്കും.

news-cutting

ഇടതു കേന്ദ്രങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിങിൽ നേരിയ കുറവുണ്ട്. കയ്യൂർ ചീമേനിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 85 ശതമാനത്തിൽ ഏറെ പേരാണ് വോട്ട് ചെയ്തത്. ഈ കുറവ് തങ്ങൾക്കു നേട്ടമാകുമെന്ന് യുഡിഎഫും അവകാശപ്പെടുന്നു. വോട്ടെണ്ണാൻ ഇനിയും ആഴ്ചകൾ ബാക്കി നിൽക്കെ കണക്കുകൾ കൂട്ടിയും കിഴിച്ചും പ്രതീക്ഷകൾ സജീവമാക്കുകയാണ് മുന്നണികളും നേതാക്കളും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com