ADVERTISEMENT

കാഞ്ഞങ്ങാട് ∙ വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്ഐയുടെ കൊടി നാട്ടിയ സംഭവത്തിൽ 8 പേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ഇട്ടമ്മലിലെ ലിപിൻ, സുജിത്ത്, കിട്ടു പിന്നെ കണ്ടാലറിയാവുന്ന 5 പേർ എന്നിവർക്കെതിരെയാണ് കേസ്. തിരഞ്ഞെടുപ്പ് ഫണ്ട് നൽകാൻ വൈകിയതിന്റെ വൈരാഗ്യത്തിലാണ് നിർമാണം നടന്നു കൊണ്ടിരുന്ന വീടിന്റെ തറ പൊളിച്ച് കൊടി നാട്ടിയതെന്നാണ് വീട്ടുകാരുടെ പരാതി. ഇട്ടമ്മൽ ചാലിയം നായിലെ വി.എം.റാസിഖിന്റെ വീടിന്റെ തറയാണ് ഇവർ തകർത്തത്. വീട്ടിലേക്കുള്ള റോഡും കല്ലുവച്ച് തടസ്സപ്പെടുത്തി. വീടിന്റെ തറ പൊളിച്ചതിനും കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.

യൂത്ത് കോൺഗ്രസ് പ്രതിഷേധം

സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി നിർമാണത്തിന് അനുമതി നൽകിയ വീടിന്റെ തറ പൊളിച്ച്  കൊടി നാട്ടിയ ഡിവൈഎഫ്ഐയുടെ നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് ഫണ്ടെന്ന പേരിൽ നാട്ടിലിറങ്ങി തലവരിപ്പണം പിരിക്കുന്ന തരം താണ സംഘടനയായി ഡിവൈഎഫ്ഐ അധ:പ്പതിച്ചെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി പ്രവർത്തിക്കുന്ന ഡിവൈഎഫ്ഐയെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി, മണ്ഡലം പ്രസിഡന്റ് ഉമേശൻ കാട്ടുകുളങ്ങര, വൈസ് പ്രസിഡന്റ് സുനീഷ് പുതിയകണ്ടം, മണ്ഡലം സെക്രട്ടറി അനൂപ് മാവുങ്കാൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

സിപിഎം നശീകരണ പാർട്ടിയായി മാറി: മുസ്‌ലിം ലീഗ്

വീടിന്റെ തറ പൊളിച്ച് കൊടി നാട്ടിയ സംഭവം തെളിയിക്കുന്നത് സിപിഎം നശീകരണ പാർട്ടിയായി മാറിയിരിക്കുന്നതിന്റെ തെളിവാണെന്ന് സ്ഥലം സന്ദർശിച്ച മുസ്‍ലിം ലീഗ് നേതാക്കൾ ആരോപിച്ചു. എം.കെ.റാസിഖിനും കുടുംബത്തിനും ലീഗ് സംരക്ഷണം നൽകും.  റാസിഖിന്റെ വീട് ഉയരുന്നത് വരെ കൂടെ നിൽക്കും. മുസ്‌ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.പി.ജാഫർ, സെക്രട്ടറി പി.എം.ഫാറൂഖ്, ലീഗ് അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി, ജനറൽ സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, ട്രഷറർ മാഹിൻ കൊളവയൽ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ആസിഫ് ബല്ല, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.പി.റഹ്‌മാൻ, കരീം അതിഞ്ഞാൽ, കെ.എം.മുഹമ്മദ് കുഞ്ഞി, കെ.സി.ഹംസ, സി.എച്ച്.ഹംസ, അഷറഫ് ബനാന, ബഷീർ ചിത്താരി, നാസർ അതിഞ്ഞാൽ, ഹാറൂൺ ചിത്താരി, സുബൈർ ചിത്താരി എന്നിവരും കൂടെയുണ്ടായിരുന്നു.വീട് നിർമാണ സ്ഥലത്തേക്കുള്ള വഴി കല്ല് വച്ച അടച്ചത് യൂത്ത് ലീഗ് പ്രവർത്തകർ എടുത്തു മാറ്റി.

തിരഞ്ഞെടുപ്പ് ഫണ്ട്  ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിവൈഎഫ്ഐ

തിരഞ്ഞെടുപ്പ് ഫണ്ട് നൽകാത്തതിന്റെ പേരിൽ നിർമാണത്തിലിരുന്ന വീടിന്റെ തറ പൊളിച്ച് കൊടി സ്ഥാപിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി. നിലവിൽ വെറ്റ് ലാൻഡിൽ ഉൾപ്പെട്ട പ്രദേശത്ത് പാരിസ്ഥിതിക ദുർബലതകൾ പരിഗണിക്കാതെ വീട് നിർമിക്കുന്നതിനെതിരെ നാട്ടുകാരിൽ നിന്നു ആശങ്ക ഉയർന്നിരുന്നു. വയൽ നികത്തി വീട് നിർമിക്കുന്നത് വഴി മഴക്കാലങ്ങളിൽ പരിസര പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യത ഏറെയാണ്. കൂടാതെ നിർമാണ ആവശ്യത്തിന് മണലെടുത്ത് ചുവന്ന മണ്ണ് നിറയ്ക്കാനുള്ള നീക്കവും സ്ഥലം ഉടമയുടെ ഭാഗത്ത് നിന്ന് നടക്കുന്നു.

ഇത് പ്രദേശത്ത് കുടിവെള്ളം മലിനമാക്കുന്നതിന് ഇടയാക്കും. നെല്ല്, മധുരക്കിഴങ്ങ്, ചീര, വെള്ളരി ഉൾപ്പടെയുള്ള വിഭവങ്ങൾ സാധാരണയായി കൃഷി ചെയ്യുന്ന പ്രദേശമാണിത്. ഇങ്ങനെയുള്ള കൃഷി സ്ഥലത്ത് വീട് നിർമിക്കുമ്പോൾ സ്വാഭാവികമായും ഉയർന്നു വരുന്ന എതിർപ്പുകളെ മറികടക്കാനും വിവാദമുണ്ടാക്കാനുമാണ് സ്ഥലം ഉടമ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നേരിട്ട് ഇടപെടുന്ന സംഘടനയല്ല ഡിവൈഎഫ്ഐ. അതു കൊണ്ട് തന്നെ സംഘടനയ്ക്ക് തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കേണ്ട ആവശ്യവുമില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com