ADVERTISEMENT

അഡൂർ ∙ കോവിഡ് ഭീതിക്കിടയിൽ ദേലംപാടിയിൽ ഡെങ്കിപ്പനിയും പടരുന്നു. വേനൽമഴയ്ക്കു പിന്നാലെയാണ് ഡെങ്കിപ്പനി വ്യാപകമായത്. ഒരു മാസത്തിനിടെ 86 പേർക്കാണ് പഞ്ചായത്തിൽ പനി സ്ഥിരീകരിച്ചത്. ഇതിൽ 21 പേർ സർക്കാർ ആശുപത്രിയിലും ബാക്കിയുള്ളവർ സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടി. ഇപ്പോഴും ഒട്ടേറെപ്പേർ ചികിത്സയിലാണ്. അഡൂർ, കാട്ടിപ്പാറ പ്രദേശങ്ങളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം.

ഇതു തടയാൻ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ശക്തമാക്കി. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഗ്രാമസഭകൾ ആരംഭിച്ചു. രണ്ടിടത്തും ഫോഗിങ് നടത്തി. ഹരിത കർമസേന, കുടുംബശ്രീ, ആശ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് വീടുകളിൽ ബോധവത്കരണ നോട്ടിസ് വിതരണം ചെയ്യുകയും കൊതുക് ഉറവിടങ്ങൾ നശിപ്പിക്കുകയും ചെയ്തു. വേനൽമഴയിൽ വെള്ളം കെട്ടിക്കിടന്ന് അതിൽ കൊതുക് വളർന്നതാണ് ഇതിനു കാരണമായത്.

റബർ, കമുക് തോട്ടങ്ങളിലാണ് കൊതുക് വളരുന്നത്. ടാപ്പിങ് നടത്താത്ത റബർ തോട്ടങ്ങളിലെ ചിരട്ടകളും കമുകിൻ പാളകളുമാണ് വില്ലൻ. അവലോകന യോഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ. സരള അധ്യക്ഷത വഹിച്ചു. എച്ച്ഐ കെ.സുരേഷ് കുമാർ, ജെഎച്ച്ഐമാരായ സുരേഷ് ബാബു, അബ്ദുൽ റഹ്മാൻ, പൊതുജനാരോഗ്യ വിഭാഗം നഴ്സുമാരായ ആയിഷത്ത് മൈമൂന, ജയലക്ഷ്മി, ജിൻസി, അനിത, സുലൈഖ, രജിഷ എന്നിവർ പങ്കെടുത്തു.

അടയ്ക്ക വെള്ളം കൊതുക് കേന്ദ്രം

‌മഴക്കാലത്ത് മുറുക്കാനായി പഴുത്ത അടയ്ക്ക വെള്ളത്തിലിട്ട് സൂക്ഷിക്കുന്ന രീതി ഈ പ്രദേശങ്ങളിലുണ്ട്. വേനൽക്കാലത്ത് വിളവെടുക്കുന്ന അടയ്ക്ക, പാത്രങ്ങളിൽ വെള്ളത്തിലിട്ട് വെക്കുകയാണ് ചെയ്യുന്നത്. ഇതു കേടാകാതെ മാസങ്ങളോളം നിൽക്കും. ഈ പാത്രങ്ങൾ കൊതുക് വളർത്തൽ കേന്ദ്രങ്ങളായി മാറുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. ഡെങ്കിപ്പനി രൂക്ഷമായ സ്ഥലങ്ങളിലെല്ലാം ഇത്തരം പ്രവണത കണ്ടെത്തിയിരുന്നു. ഇത്തരം പാത്രങ്ങളുടെ മൂടി അടച്ചു വെയ്ക്കുകയോ ഇത് അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com