ADVERTISEMENT

നീലേശ്വരം ∙ വെള്ളൂട സോളർ പാർക്കിനു സമീപം വൻ തീപിടിത്തം. പാർക്കിൽ കരുതലായി ഇറക്കി വച്ച പവർ കേബിളിനാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. നശിച്ചു പോയ കേബിളിനെക്കുറിച്ചു തിട്ടപ്പെടുത്തിയാലേ കൃത്യമായ നാശനഷ്ടം എത്രയെന്നറിയാനാകൂ. വെള്ളൂട പള്ളം ബസ് സ്റ്റോപ്പിനു സമീപത്തെ എച്ച്ടി വൈദ്യുത കമ്പിയിൽ നിന്നു തീപൊരി ചിതറി വീണ് ആദ്യം സമീപത്തെ പുൽക്കൂട്ടത്തിനു തീപിടിക്കുകയായിരുന്നു.

ഇതിൽ നിന്നാണു കേബിളിലേക്കു തീപടർന്നത്. തീയും പുകയും ഉയരുന്നതു കണ്ട വാച്ച്മാൻ മറ്റുള്ളവരെ വിവരം അറിയിച്ചു. സോളർ പാനൽ കഴുകാനുപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും ഇതിനിടെ തീ വ്യാപകമായി പടർന്നതിനാൽ സാധിച്ചില്ല. ഇതോടെ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയ്ക്കു വിവരം കൈമാറി. സ്റ്റേഷൻ ഓഫിസർ കെ.വി.പ്രഭാകരന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി മൂന്നര മണിക്കൂറോളം സമയമെടുത്താണ് തീ പൂർണമായി അണച്ചത്.

സമീപത്തെ പള്ളത്തിൽ നിന്നും ആവശ്യത്തിനു വെള്ളമെടുത്ത് 8 തവണയായി മുപ്പത്തി രണ്ടായിരത്തോളം ലീറ്റർ വെള്ളം ചീറ്റിയാണ് തീയണച്ചത്. മണ്ണുമാന്ത്രി യന്ത്രമെത്തിച്ച് പവർ കേബിൾ മറിച്ചിട്ട് അടി ഭാഗത്തെ തീകെടുത്തി. പ്രദേശമാകെ പുക മൂടിയ സമയത്ത് മഴ വന്നത് അനുഗ്രഹമായി. ഇല്ലെങ്കിൽ മറ്റിടങ്ങളിലേക്കും തീപടരാമെന്ന സ്ഥിതിയായിരുന്നു.

സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ടി.അശോക് കുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ വി.എൻ.വേണുഗോപാൽ, കെ.വി.സന്തോഷ്, സണ്ണി ഇമ്മാനുവേൽ, കെ.കിരൺ, ഹോംഗാർഡ് ഇ.സന്തോഷ്, സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ് ആവിക്കര, മനോജ് നിട്ടടുക്കം എന്നിവർക്കൊപ്പം നാട്ടുകാരും ചേർന്നാണു തീയണച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com