ADVERTISEMENT

കാസർകോട് ∙ കോവിഡ്  ബാധിതരുടെ എണ്ണം വർധിക്കുന്നതിനു പിന്നാലെ ആശുപത്രികളിൽ വാക്സീൻ എടുക്കുന്നതിനും കോവിഡ് പരിശോധനയ്ക്കും എത്തുന്നവരുടെ തിരക്കേറി. ജില്ലയിൽ വാക്സീന്റെ നേരിയ കുറവുണ്ട്. ആവശ്യത്തിന് വാക്സീൻ എത്തിയാൽ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സീൻ കുത്തിവയ്പിന് സൗകര്യമൊരുക്കും. അതിനാൽ ആളുകൾ അധികം തിരക്ക് കൂട്ടേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസ് അറിയിച്ചു.

തിരക്കേറാൻ കാരണം ജില്ലാ ഭരണകൂടത്തിന്റെ വിവാദ ഉത്തരവ്

 24 മുതൽ പ്രധാന ടൗണുകളിലേക്കുള്ള പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും വാക്സീൻ ക്ഷാമമുണ്ടെന്നുമുള്ള വാർത്ത വന്നതോടെയുമാണ് പരിശോധനാ–കുത്തിവയ്പ്പ്  കേന്ദ്രങ്ങളിൽ തിരക്കേറിയത്.  കോവിഡ് മാനദണ്ഡം പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നതായും പരാതിയുണ്ട്. ടോക്കൺ അടിസ്ഥാനത്തിലാണു പരിശോധനയെങ്കിലും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. കോവിഡ് ബാധിതരും ഇല്ലാത്തവരും ഇവിടെ കൂടിച്ചേരുമ്പോൾ രോഗവ്യാപന സാധ്യത കൂടുന്നതായി ആക്ഷേപമുണ്ട്.

ആദ്യഘട്ടത്തിൽ വാക്സീൻ എടുക്കാൻ വിമുഖത കാണിച്ചവർ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ കൂട്ടത്തോടെ എത്തുകയാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. നിയന്ത്രിക്കാൻ ആകാത്ത തരത്തിലാണ് തിരക്ക് അനുഭവപ്പെടുന്നത്.  കാസർകോട് ജനറൽ ആശുപത്രിയിൽ 434 പേരുടെ പരിശോധന നടത്തി. 445 പേർക്ക് വാക്സിനേഷൻ കൊടുത്തു. മംഗൽപാടി, കുമ്പള,ചട്ട‍ഞ്ചാൽ ആശുപത്രികളിലും നല്ല തിരക്കായിരുന്നു.

സർവത്ര തിരക്ക്

വള്ളിക്കുന്നിലെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സീനെടുക്കാൻ ദിവസവും എത്തുന്നത് ആയിരം പേർ. 500 പേർക്ക് വാക്സീൻ നൽകാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്.100 പേർക്ക് കോവിഡ് പരിശോധന നടത്താൻ സൗകര്യമുള്ളിടത്ത് ആന്റിജൻ, ആർടിപിസിആർ പരിശോധനകൾക്കായി ഇപ്പോൾ മുന്നൂറോളം പേർ എത്തുന്നുണ്ടെന്നും പരമാവധി പേരെ പരിശോധിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എ.ജമാൽ അഹമ്മദ് പറഞ്ഞു.

പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഇന്നലെ കോവിഡ് വാക്സീൻ സ്വീകരിക്കാനെത്തിയവരുടെ നിര ആശുപത്രി പരിസരവും കടന്ന് സംസ്ഥാന പാത വരെ എത്തിയപ്പോൾ.
പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഇന്നലെ കോവിഡ് വാക്സീൻ സ്വീകരിക്കാനെത്തിയവരുടെ നിര ആശുപത്രി പരിസരവും കടന്ന് സംസ്ഥാന പാത വരെ എത്തിയപ്പോൾ.

 പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാവിലെ 500  വാക്സീൻ എടുക്കാനുള്ള ടോക്കണാണ് നൽകിയത്. പിന്നെയും ആൾക്കാർ ടോക്കൺ ലഭിക്കാനായി കാത്തുനിന്നു. പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലും  പ്രതിരോധ കുത്തിവയ്പിനും സ്രവപരിശോധനയ്ക്കുമായി വൻതിരക്കായിരുന്നു. ബേഡകം, ബന്തടുക്ക വാക്സിനേഷൻ കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാരുടെ നീണ്ട നിര അനുഭവപ്പെട്ടു. ബേഡകം, ബന്തടുക്ക പിഎച്ച്സിയിൽ രാവിലെ 9നു തന്നെ ടോക്കൺ മുഴുവനും തീർന്നു 300 ടോക്കണുകളാണ് കൊടുത്തിരുന്നത്. പിന്നീട് വന്നവർക്കു മറ്റൊരു ദിവസത്തേക്കു ടോക്കൺ നൽകി വിടുകയായിരുന്നു. 

ചെറുവത്തൂരിൽ വാക്സീൻ തീർന്നത് ബഹളത്തിനിടയാക്കി

ചെറുവത്തൂർ ഗവ.സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് മരുന്നില്ലാതായതു കുത്തിവയ്പിന് എത്തിയവരെ പ്രയാസത്തിലാക്കി. 500ലധികം പേരാണ് ആശുപത്രിക്ക് മുൻപിലെ ക്യൂവിൽ നിരന്നത്. ആശുപത്രിയിൽ ആകെ ഉണ്ടായിരുന്നത് 500 പേർക്ക് കുത്തിവയ്പിനുള്ള മരുന്നാണ്. ഇതിൽ 300 ഡോസ് കാവുചിറയിൽ കുത്തിവയ്പ് നടക്കുന്ന ക്യാംപിലേക്ക് കൊണ്ടു പോയി.

കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിലെ കോവിഡ് പരിശോധന കേന്ദ്രത്തിലെത്തിയവർ.
കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിലെ കോവിഡ് പരിശോധന കേന്ദ്രത്തിലെത്തിയവർ.

ബാക്കി 200പേർക്ക് കുത്തിവയ്ക്കാൻ മാത്രമാണ് ഇവിടെ മരുന്നുണ്ടായത്. ഇത്രയും പേർക്ക് ടോക്കൺ നൽകുകയും ചെയ്തു. ഇതോടെ കുത്തിവയ്പിന് എത്തിയ ബാക്കിയുള്ളവർ ആശുപത്രി പരിസരത്ത് ബഹളം വച്ചു. ചന്തേര പൊലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. പിന്നീട് തൃക്കരിപ്പൂർ ഗവ.സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നു കൊണ്ടുവന്നതും കാവുഞ്ചിറയിൽ ബാക്കിയുണ്ടായിരുന്ന 42 ഡോസും അടക്കം ചെറുവത്തൂരിൽ ആകെ 376 പേർക്ക് കുത്തിവയ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com