ADVERTISEMENT

കാസർകോട് ∙‌ ‌‌നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നീക്കം മഞ്ചേശ്വരത്ത് തിരിച്ചടിയായോ?. രണ്ടാം തവണയും നിസാര വോട്ടുകൾക്ക് യുഡിഎഫിനോട് അടിയറവ് പറഞ്ഞപ്പോൾ പാർട്ടി അണികളിലും നേതാക്കളിലും ഒരുപോലെ ഉയർന്ന ചോദ്യമാണിത്. കോന്നിയിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ വളരെ കുറച്ച് ദിവസം മാത്രമേ സുരേന്ദ്രൻ നേരിട്ട് മഞ്ചേശ്വരത്ത് പ്രചാരണം നടത്തിയിരുന്നുള്ളൂ. ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം നടന്ന മാർച്ച് 14നാണ് സുരേന്ദ്രൻ ഹെലികോപ്ടറിൽ ആദ്യം മഞ്ചേശ്വരത്ത് എത്തുന്നത്.

പിറ്റേന്ന് തന്നെ കോന്നിയിലേക്ക് പോവുകയും ചെയ്തു. പിന്നീട് എത്തിയത് നാമനിർദേശ പത്രിക സമർപ്പിക്കാനാണ്. അങ്ങനെ വന്നും പോയും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് ഉണ്ടായിരുന്നത്. കർണാടകയിലേതുൾപ്പെടെ ബിജെപിയുടെയും ആർഎസ്എസിന്റെയും മുഴുവൻ സംഘടനാ സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു പ്രചാരണം. കഴിഞ്ഞ വർഷം നടന്ന ഉപതിരഞ്ഞെടുപ്പിലേതിനേക്കാൾ 7533 വോട്ടുകളുടെ വർധനയാണ് ബിജെപിക്ക് ഇക്കുറിയുണ്ടായത്.

2020ലെ ഉപതിരഞ്ഞെടുപ്പിൽ 57480 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചതെങ്കിൽ സുരേന്ദ്രൻ 65013 വോട്ടുകൾ നേടി. അതേസമയം യുഡിഎഫിന് 351 വോട്ടുകൾ മാത്രമേ അധികം നേടാനായുള്ളൂ. യുഡിഎഫ് അനുകൂല പഞ്ചായത്തുകളിൽ പോലും അവർക്ക് പ്രതീക്ഷിച്ച ലീഡ് നേടാൻ കഴിഞ്ഞില്ല. ‌ഈ സാഹചര്യത്തിൽ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ ഇതിൽ കൂടുതൽ വോട്ടുകൾ നേടാൻ കഴിയുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്.

ബിജെപിക്ക് വലിയ സ്വാധീനമുള്ള എൺമകജെ പഞ്ചായത്താണ് ഇത്തവണയും അവരെ കൈവിട്ടത്. ഇവിടെ 6000 വോട്ടുകളെങ്കിലും അധികം നേടാനാകുമെന്നാണ് ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 4070 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ബാക്കി വോട്ടുകൾ പോയത് യുഡിഎഫിലേക്കാണ്. ഇതിൽ 400 വോട്ടുകളെങ്കിലും പിടിക്കാൻ സുരേന്ദ്രന് കഴിഞ്ഞിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നായേനെ. അതേസമയം മണ്ഡലക്കാരൻ കൂടിയായ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം.അഷ്റഫ് പരമാവധി വോട്ടർമാരെ നേരിട്ടു കാണുന്നതിനാണ് മുൻഗണന നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com