കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയെ തൊട്ടു തലോടി ബജറ്റ്

medical
SHARE

കാസർകോട് ∙ ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രഖ്യാപന പ്രകാരം ജില്ലയിൽ 13 സർക്കാർ ആശുപത്രികളിൽ 10 ബെഡുകൾ വീതമുള്ള ഐസലേഷൻ വാർഡുകൾ ഒരുങ്ങും. ജില്ലയിൽ 39 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക. ജില്ലാ–ജനറൽ – താലൂക്ക് ആശുപത്രികൾക്കു പുറമേ 6 സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ അടക്കം ഐസലേഷൻ വാർഡുകൾ ഒരുക്കുമെന്നാണു ബജറ്റ് പ്രഖ്യാപനത്തിലുള്ളത്. കാ‍ഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, നീലേശ്വരം, തൃക്കരിപ്പൂർ, ബേഡകം, മംഗൽപാടി, പൂടംകല്ല് താലൂക്ക് ആശുപത്രികൾ, ബദിയടുക്ക, കുമ്പള, ചെറുവത്തൂർ, മുളിയാർ,പെരിയ, മഞ്ചേശ്വരം എന്നീ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുമാണ് ജില്ലയിലുള്ളത്. ഓരോ സെന്ററിനുമായി 3 കോടി രൂപ ചെലവാണു പ്രതീക്ഷിക്കുന്നത്.

എംഎൽഎ ഫണ്ടിൽ നിന്നടക്കമാണ് ഇതിനായി തുക കണ്ടെത്തുന്നത്. ജില്ലാ, ജനറൽ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂമിനെ അണുബാധ നിയന്ത്രണത്തിനുള്ള സി‌എസ്‌എസ്ഡിയാക്കി മാറ്റുന്നതിനായി തുക മാറ്റിവച്ചതിൽ ജില്ലയിലെ 2 ആശുപത്രികളിൽ ഇതിന്റെ വിഹിതം ലഭിച്ചേക്കും.പീഡിയാട്രിക് ഐസിയുകളിലെ കിടക്ക ശേഷി വർധിപ്പിക്കാനും സ്ഥല ലഭ്യതയുള്ള ജില്ലാ ആശുപത്രികളിലും തിരഞ്ഞെടുത്ത ജനറൽ ആശുപത്രികളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ നിർമിക്കാനും നടപടിയെടുക്കുമെന്നു ബജറ്റിലുണ്ട്.

ഇതുവഴി ജില്ലയിലെ ആശുപത്രികളിലും സൗകര്യം ഒരുക്കിയേക്കും. സംസ്ഥാന ബജറ്റിൽ ജില്ലയിലെ ആരോഗ്യ മേഖലയിൽ മാത്രമാണു പ്രധാന നേട്ടമായിട്ടുള്ളത്. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി പ്രത്യേക പാക്കേജുകളൊന്നും ബജറ്റിൽ ഉണ്ടായിട്ടില്ല.

പ്രതിഷേധിച്ചു

സംസ്ഥാന ബജറ്റിൽ സ്വകാര്യ ബസ് മേഖലയെ പരിഗണിക്കാത്തതിൽ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അതേസമയം കോവിഡ് പ്രതിസന്ധി നേരിടാൻ ഇരുപതിനായിരം കോടി രൂപ സാമ്പത്തിക പാക്കേജ് ബജറ്റിൽ അനുവദിച്ചതിനെ സംഘടന സ്വാഗതം ചെയ്തു.

കോവിഡിൽ ഊന്നിയ ബജറ്റാണ് എന്നതിനാൽ മറ്റു ജില്ലകളെ അപേക്ഷിച്ച് ആരോഗ്യ മേഖലയിൽ കാസർകോടിനു പ്രത്യേക പരിഗണന ലഭിക്കേണ്ടതായിരുന്നു. മെഡിക്കൽ കോളജിനു പോലും തുക മാറ്റിവച്ചിട്ടില്ല. കർഷകർക്കുള്ള പാക്കേജ് ബജറ്റിൽ ഉണ്ടെങ്കിലും ജില്ലയിലെ ഏറെയുള്ള കമുക് കർഷകരെക്കുറിച്ച് ഒന്നും പറ‍ഞ്ഞിട്ടില്ല.
എ.കെ.എം.അഷറഫ്, മഞ്ചേശ്വരം എംഎൽഎ

കോവിഡിന്റെ പ്രത്യേക സാഹചര്യത്തെ നേരിടുന്നതിനായി അടിയന്തിര മേഖലയിൽ ശ്രദ്ധ ചെലുത്തി തയാറാക്കിയ ബജറ്റാണ് മന്ത്രി അവതരിപ്പിച്ചത്. ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ അടിയന്തര പ്രാധാന്യം നൽകി. കടൽ ക്ഷോഭത്താൽ ദുരിതം അനുഭവിക്കുന്ന തീരദേശ ജനങ്ങൾക്കുള്ള പ്രത്യേക പദ്ധതികളും ബജറ്റിലുണ്ട്.
ഇ.ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് എംഎൽഎ

കഴിഞ്ഞ ബജറ്റിന്റെ തുടർച്ചയായതിനാൽ പുതിയ പദ്ധതി പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും കോവിഡ് പാക്കേജിന്റെ ആനുകൂല്യങ്ങളിൽ അർഹമായ പ്രാതിനിധ്യം ജില്ലയ്ക്കുണ്ടാകും. ജില്ലയിലെ ആശുപത്രികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പാക്കേജ് സഹായകരമാകും. മുൻ ബജറ്റിൽ പ്രഖ്യാപിച്ച റോഡുകളുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം സമയബന്ധിതമായി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
സി.എച്ച്.കുഞ്ഞമ്പു ഉദുമ എംഎൽഎ.

ബജറ്റിൽ കാസർകോടിനെ മാത്രം അവഗണിച്ചുവെന്നു പറയാനാകില്ല. മറ്റു ജില്ലകൾക്കും പ്രത്യേക നേട്ടങ്ങളൊന്നുമില്ല. ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകിയ ബജറ്റ് ആണെങ്കിലും എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ഒരു പാക്കേജ് പോലും പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധമുണ്ട്.
എൻ.എ.നെല്ലിക്കുന്ന് കാസർകോട് എംഎൽഎ

തീരദേശ സംരക്ഷണവും തീരപാതയും തൃക്കരിപ്പൂർ മണ്ഡലത്തിന് ഏറെ ഗുണകരമാവും. മലബാർ ടൂറിസം പാക്കേജുമായി ബന്ധപ്പെട്ടു വരുന്ന പദ്ധതികൾ മണ്ഡലത്തിലെ ടൂറിസം മേഖലകൾക്ക് ഏറെ സാധ്യത നൽകുന്നു. കോവിഡുമായി ബന്ധപ്പെട്ട പദ്ധതികൾ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവും.
എം.രാജഗോപാലൻ തൃക്കരിപ്പൂർ എംഎൽഎ

ഒന്നാം പിണറായി സർക്കാർ ഭരണകാലത്ത് അവതരിപ്പിച്ച ബജറ്റിൽ ജില്ലയ്ക്കായി ഉൾപ്പെടുത്തിയ പദ്ധതികൾക്ക് അതേ നിലയിൽ തുക വകയിലിരുത്തിയത് സ്വാഗതാർഹമാണ്.
കെ.പി.സതീശ്ചന്ദ്രൻ എൽഡിഎഫ് ജില്ലാ കൺവീനർ.

ബജറ്റിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്കും കുടുംബശ്രീ അയൽകൂട്ടങ്ങൾക്കും കൂടുതൽ തുക വച്ചതിൽ ആശ്വാസമേകുന്നു.
അസീസ് കടപ്പുറം ഐഎൻഎൽ ജില്ലാ ജനറൽ സെക്രട്ടറി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kasargod
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA