ADVERTISEMENT

ബൽത്തങ്ങാടി ∙ കൊറോണ വൈറസിനെ പടിക്കു പുറത്തു നിർത്തി ചില ഗ്രാമങ്ങൾ. ദക്ഷിണ കന്നഡ ജില്ലയിൽ 2 മലയോര ഗ്രാമങ്ങൾ ഇത്തരത്തിൽ ശ്രദ്ധേ നേടുന്നു. ബൽത്തങ്ങാടി താലൂക്കിൽപ്പെട്ട മലവന്തികെ പഞ്ചായത്തിലെ എളനീർ, നെരിയ പഞ്ചായത്തിലെ ബഞ്ചാറുമലെ എന്നിവയാണു കോവിഡിനെ അകറ്റി നിർത്തി പേരെടുത്തത്. ബൽത്തങ്ങാടിയിൽ നിന്നു 35 കിലോമീറ്റർ അകലെയുള്ള രണ്ടിടങ്ങളിലും ഇതുവരെ ഒരാൾക്കു പോലും കോവിഡ് ബാധിച്ചിട്ടില്ല.

ജാഗ്രത വിടാതെ എളനീർ

ദക്ഷിണ കന്നഡ ജില്ലയിൽ ചിക്കമഗളൂരു അതിർത്തിയോടു ചേർന്നു കിടക്കുന്ന മലയോര ഗ്രാമമാണ് എളനീർ. 132 കുടുംബങ്ങളിലായി 632 പേരാണ് ഗ്രാമത്തിലുള്ളത്. ഇവർക്കാർക്കും കോവിഡ് ബാധിച്ചിട്ടില്ല. രണ്ടാം തരംഗത്തിൽ സമീപ പ്രദേശങ്ങളിലെല്ലാം കോവിഡ് പടർന്നതോടെ ഇവരെ പരിശോധനക്കു വിധേയരാക്കി.

റിപ്പോർട്ട് വന്നപ്പോൾ എല്ലാവരും നെഗറ്റീവ് ആണെന്നു മുണ്ടാജെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. കാവ്യ വ്യക്തമാക്കി. ആശാ വർക്കർ കൃത്യമായി വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഗ്രാമത്തിൽ 40 വയസ്സിനു മുകളിൽ പ്രായമുള്ള 135 പേരാണുള്ളത്. ഇതിൽ 120 പേർ ഇതിനകം ഒന്നാം ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു.

കണ്ണിലെണ്ണയൊഴിച്ച് നാട്ടുകാർ

നെരിയ ബഞ്ചാറുമലെയിലും ഗ്രാമവാസികളുടെ ജാഗ്രത തന്നെയാണ് കോവിഡിനെ അതിർത്തിക്കു പുറത്തുനിർത്തുന്നത്. 40 കുടുംബങ്ങളിലായി 170 പേർ മാത്രമാണ് ഈ മലയോര ഗ്രാമത്തിലുള്ളത്. പുറമെ നിന്നുള്ളവർ ഗ്രാമത്തിൽ എത്താതെ ശ്രദ്ധിക്കുന്നതടക്കം കോവിഡ് പ്രതിരോധത്തിനു കണ്ണിലെണ്ണയൊഴിച്ചെന്നോണം ജാഗ്രതയിലാണ് ഇവിടത്തുകാരും.

നെരിയ പഞ്ചായത്തിന്റെ മറ്റു പല മേഖലകളിലും കോവിഡ് പടർന്നു പിടിച്ചിട്ടും ഇവിടെ വൈറസ് അതിർത്തിക്കു പുറത്തു നിൽക്കുന്നതും അതുകൊണ്ടു തന്നെ. ലോക്ഡൗണിൽ സർക്കാർ ഇളവുകൾ നൽകുമ്പോഴും സ്വയം ലോക്ഡൗൺ പാലിക്കുകയാണ് ഇവിടത്തുകാർ. ഗ്രാമത്തിലെ വീടുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ 2 യുവാക്കൾ മാത്രമാണ് പുറത്തുപോകുക.

എല്ലാ മുൻകരുതലുകളും പാലിച്ച് സാധനം വാങ്ങി തിരിച്ചെത്തിയാൽ വീട്ടിൽ കയറുന്നതിനു മുൻപ് സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തിൽ കുളിക്കുകയും വസ്ത്രങ്ങൾ അലക്കുകയും വേണമെന്നത് ഗ്രാമത്തിലെ അലിഖിത നിയമമായി മാറിക്കഴിഞ്ഞു. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ഏതെങ്കിലും മത ചടങ്ങുകളോ മറ്റു ചടങ്ങുകളോ ഗ്രാമത്തിൽ നടത്തിയിട്ടുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com