ADVERTISEMENT

കാഞ്ഞങ്ങാട് ∙ കാസർകോട് മെഡിക്കൽ കോളജിനോടു വീണ്ടും സർക്കാർ അവഗണന. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ പ്രിൻസിപ്പൽ നിയമനവും സ്ഥലമാറ്റവും നടപ്പിലാക്കിയെങ്കിലും ഇത്തവണയും‍ കാസർകോട് മെഡിക്കൽ കോളജിലെ പൂർണമായി തഴ‍ഞ്ഞു. പ്രിൻസിപ്പലിനെ നിയമിച്ചില്ലെന്നു മാത്രമല്ല ‍ആശുപത്രി സൂപ്രണ്ടിനെ പോലും നിയമിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചില്ല. മാസങ്ങൾക്കു  മുൻപ് വയനാട് ജില്ലയിൽ അനുവദിച്ച മെഡിക്കൽ കോളജിലേക്കു പോലും പ്രിൻസിപ്പലിലെ നിയമിച്ചപ്പോഴാണു കാസർകോടിനോട് ഈ അവഗണന.

29നാണു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന മെഡിക്കൽ കോളജുകളിലെ പ്രിൻസിപ്പൽമാരെ സ്ഥലം മാറ്റിയും പുതിയ പ്രിൻസിപ്പൽമാരെ നിയമിച്ചും ഉത്തരവിറക്കിയത്. ഇതിൽ കാസർകോട് മെഡിക്കൽ കോളജിനെ കുറിച്ചു പരാമർശം പോലുമില്ല.  കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണു കഴിഞ്ഞ വർഷം കാസർകോട് മെഡിക്കൽ കോളജ് അടിയന്തരമായി പ്രവർത്തനം തുടങ്ങിയത്. മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തിനായി അന്ന് 270 തസ്തിക അനുവദിച്ചെന്നു സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മെഡിക്കൽ കോളജിൽ ഇപ്പോൾ 20 ഡോക്ടർമാരും 24 നഴ്സുമാരും മാത്രമാണുള്ളത്.

ഡോക്ടർമാരിൽ കൂടുതലും നോൺ ക്ലിനിക്കൽ വിഭാഗത്തിലുള്ളവരുമാണ്. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനം നിയന്ത്രിക്കാൻ ഒരു സൂപ്രണ്ടിനെ പോലും സർക്കാർ നിയമിച്ചിട്ടില്ല. റസിഡന്റ് മെഡിക്കൽ ഓഫിസറുടെ ഒഴിവും നികത്താതെ കിടക്കുന്നു. ജില്ലാ പ്രോഗ്രാം മാനേജർ ആയിരുന്ന ഡോ.രാമൻ സ്വാതി വാമനായിരുന്നു ആശുപത്രിയുടെ താൽക്കാലിക ചുമതല. ഇദ്ദേഹം ഉപരിപഠനത്തിനായി അവധിയിൽ പോയതോടെ ഡപ്യൂട്ടി ഡിഎംഒ ഡോ.എ.വി.രാംദാസിനായി ചുമതല. ഡപ്യൂട്ടി ഡിഎംഒയുടെ ചുമതല വഹിക്കുന്ന ഇദ്ദേഹത്തിനു മെഡിക്കൽ കോളജിന്റെ കൂടി ചുമതല നൽകിയതോടെ ജോലി ഭാരം കൂടുതലാണ്.

മുഴുവൻ സമയം ആശുപത്രിയുടെ ദൈനംദിന പ്രവർത്തനം നിയന്ത്രിക്കണമെങ്കിൽ പ്രിൻസിപ്പലിനെയോ സൂപ്രണ്ടിനെയോ നിയമിക്കണം. എന്നാൽ നിയമനം നടത്താൻ സർക്കാരിനു താൽപര്യമില്ലാത്ത സ്ഥിതിയാണ്. മെഡിക്കൽ കോളജിനായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണ് ഇപ്പോൾ കോവിഡ് ആശുപത്രി പ്രവർത്തിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനെ ആശുപത്രി ഘടനയിലേക്കു മാറ്റാനായി മാത്രം 10 കോടിയിലധികം രൂപയാണു സർക്കാർ ചെലവഴിച്ചത്. ഇതു തിരിച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കാക്കി മാറ്റണമെങ്കിൽ പിന്നെയും കോടികൾ ചെലവഴിക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com