ADVERTISEMENT

മുള്ളേരിയ ∙ വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്ന ഹൈക്കോടതി നിർദേശത്തിൽ പ്രതീക്ഷയർപ്പിച്ചു ജില്ലയിലെ കർഷകർ. കൃഷി നശിപ്പിക്കുന്നതിനു പുറമെ മനുഷ്യരുടെ ജീവനു പോലും ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാരിന്റെ മുൻ ഉത്തരവുകളെല്ലാം കടലാസിൽ ഒതുങ്ങി നിൽക്കുമ്പോഴാണു കോടതിയുടെ ഇടപെടൽ.

നടപ്പാകാത്ത നിർദേശങ്ങൾ

കൃഷി നശിപ്പിക്കുന്ന പന്നികളെ ഉപാധികളോടെ കൊല്ലാൻ 2020 മേയിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയെങ്കിലും ജില്ലയിൽ അപേക്ഷിച്ച ഒരാൾക്കു പോലും വനംവകുപ്പ് അനുമതി നൽകിയിട്ടില്ല. ‌6 മാസത്തേക്ക് ഇറക്കിയ ഉത്തരവ് പിന്നീട് 6 മാസം കൂടി നീട്ടിയെങ്കിലും ഒരു നടപടിയും ഉദ്യോഗസ്ഥർ സ്വീകരിച്ചില്ല. തോക്ക് ലൈസൻസ് ഉള്ളവർ അപേക്ഷ നൽകിയിട്ടും പരിഗണിച്ചില്ല. കാട്ടുപന്നി ശല്യം തടയാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടണമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും ദേശീയ വന്യജീവി ബോർഡിന്റെയും 2020ലെ നിർദേശവും വനംവകുപ്പ് നടപ്പിലാക്കിയില്ല.

അനുമതി ഹർജിക്കാർക്ക് മാത്രം

കൃഷിയിടത്തിൽ പ്രവേശിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി തേടിയ ഹർജിക്കാർക്കു മാത്രമാണ് ഇടക്കാല ഉത്തരവിലൂടെ കഴിഞ്ഞ ദിവസം കോടതി അനുമതി നൽകിയത്. പന്നികളെ കൊല്ലാനുള്ള  ഈ സാഹചര്യത്തിൽ കോടതിയെ സമീപിച്ചാൽ അനുകൂല വിധി ലഭിക്കുമെന്ന പ്രതീക്ഷയാണ് മറ്റു കർഷകർക്കുമുള്ളത്.

ജില്ലയിലെ വനാതിർത്തി ഗ്രാമങ്ങൾക്കു പുറമെ നഗരപ്രദേശങ്ങളിൽ പോലും ഇപ്പോൾ കാട്ടുപന്നിശല്യം  രൂക്ഷമാണ്. കിഴങ്ങ് വർഗങ്ങൾ, നെല്ല് തുടങ്ങിയവയുടെ പകുതി വിളവ് പോലും കർഷകർക്കു ലഭിക്കാറില്ല. ചിലയിടങ്ങളിൽ പകൽസമയത്തു പോലും പന്നികളുടെ വിഹാരമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 2 പേർക്കു പന്നികളുടെ ആക്രമണത്തിൽ ജീവനും നഷ്ടമായി. മഞ്ചേശ്വരം കുബനൂരിലെ രാജേഷ്, ബദിയടുക്ക നീർച്ചാലിലെ ഐത്തപ്പ നായിക് എന്നിവരാണു പന്നിയുടെ ആക്രമണത്തിൽ മരിച്ചത്. ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു.

കഠിനം, നടപടിക്രമം

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ 5 വർഷത്തിനിടെ സർക്കാർ പല ഉത്തരവുകളും ഇറക്കിയെങ്കിലും ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിൽ ഇതുവരെ ഒരു പന്നിയെ പോലും വെടിവച്ചു കൊന്നിട്ടില്ല. അപ്രായോഗികവും സങ്കീർണങ്ങളുമായ മാനദണ്ഡങ്ങളും നടപടി ക്രമങ്ങളുമാണ് ഇതിനുള്ള കാരണം. ‌കൃഷി ഭൂമിയിൽ ആക്രമണം പതിവാക്കിയ പന്നിയെ മാത്രമാണു കൊല്ലാൻ അനുവദിക്കുന്നത്. പന്നികൾ സ്ഥിരമായി ഒരേ സ്ഥലത്ത് എത്തണമെന്നില്ല.

ഒരിക്കൽ വിള നശിപ്പിച്ച് ആഴ്ചകൾക്കു ശേഷമാകും പിന്നെ എത്തുക. അതും രാത്രിയിൽ. അതുകൊണ്ട് ശല്യക്കാരായ പന്നികളെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മുലയൂട്ടുന്ന പന്നികളെ വെടിവെക്കാൻ പാടില്ല, സൗരോർജ വേലി, കൽക്കെട്ട് തുടങ്ങിയവയുള്ള കൃഷിയിടങ്ങളിൽ വച്ച് വെടിവെക്കാൻ പാടില്ല തുടങ്ങിയ ചിരിപ്പിക്കുന്ന നിർദേശങ്ങൾ എല്ലാ ഉത്തരവുകളിലും പൊതുവായി ഉണ്ടായിരുന്നു.

പരാതിയെ തുടർന്നു കഴിഞ്ഞ വർഷം മേയ് 18ന് ഇതിൽ ചില മാറ്റങ്ങൾ വരുത്തി വീണ്ടും ഉത്തരവിറക്കിയെങ്കിലും ഫലമുണ്ടായില്ല. ലൈസൻസ് തോക്ക് ഉള്ള കർഷകർക്കാണ് ഇങ്ങനെ വെടി വെക്കാൻ അനുമതി. വനംവകുപ്പാണ് ഇവരെ തിരഞ്ഞെടുത്ത് അനുമതി നൽകേണ്ടത്. മാർഗനിർദേശങ്ങൾ പുതുക്കി കഴിഞ്ഞ ജനുവരിയിൽ വീണ്ടും ഉത്തരവിറങ്ങിയെങ്കിലും കർഷകർക്കു പ്രയോജനമൊന്നുമുണ്ടായില്ല. ഇതിന്റെ കാലാവധി മേയ് 17ന് അവസാനിച്ചു. മേയ് 23ന് ഇതു പുതുക്കി വീണ്ടും ഉത്തരവിറങ്ങിയെങ്കിലും അതും ഉണ്ടയില്ലാ വെടിയായി.

കാട്ടാന ശല്യത്തിലും കോടതിയെ സമീപിക്കണമെന്ന് ആവശ്യം

കാട്ടുപന്നിയെ കൊല്ലാനാണു ഹൈക്കോടതി അനുമതി നൽകിയതെങ്കിലും കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയ ജില്ലയിലെ കർഷകർക്കും ഇതു പ്രതീക്ഷയ്ക്കു വക നൽകുന്നു. വനംവകുപ്പ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഓരോ വർഷം കഴിയുന്തോറും കാട്ടാനശല്യം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. കോടികൾ ചെലവഴിച്ച് ആനമതിലും സൗരോർജ വേലിയും കിടങ്ങും നിർമിച്ചെങ്കിലും ആനകളുടെ എണ്ണവും കൃഷിനാശവും വർധിച്ചു. കോടതിയെ സമീപിക്കുന്ന കാര്യം നേരത്തെ തന്നെ കർഷകർ ആലോചിച്ചിരുന്നെങ്കിലും ആരും അതിനു മുൻകൈ എടുത്തില്ല. പക്ഷെ പുതിയ വിധിയുടെ സാഹചര്യത്തിൽ കോടതിയെ സമീപിക്കണമെന്ന ആവശ്യം സംഘടനകൾക്കിടയിൽ ശക്തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com