ADVERTISEMENT

കാസർകോട് ∙ നവ വരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവും പിഴയും. ഉജാർ ഉൾവാറിലെ അബ്ദുൽ ലത്തീഫ് എന്ന ഒണന്ത ലത്തീഫി(44)നാണ് അഡീഷനൽ ജില്ലാ ജഡ്ജി എ.വി.ഉണ്ണിക്കൃഷ്ണൻ ശിക്ഷ വിധിച്ചത്. 2008 നവംബർ 9നു രാത്രി ബംബ്രാണ ജംക്‌ഷനിൽആരിക്കാടി ചെറിയ കുന്നിൽ കാർല ഹൗസിൽ സമീറി(26)നെ കുത്തിക്കൊല്ലുകയും കൂട്ടുകാരൻ ചെറിയ കുന്നിൽ ന്യൂഹൗസിൽ മൊയ്തീൻ കുഞ്ഞി എന്ന റെഡ് മൊയ്തുവിനെ മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്തുവെന്നാണു കേസ്.

കൊലക്കുറ്റത്തിനു ജീവപര്യന്തം തടവിനു പുറമെ 1 ലക്ഷം രൂപയാണു പിഴ. മാരകമായി പരുക്കേൽപ്പിച്ചതിന് 5 വർഷം കഠിന തടവും 50,000 രൂപ പിഴയും കുടി ചുമത്തിയിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബാലകൃഷ്ണൻ ഹാജരായി. കൊല്ലപ്പെട്ട സമീർ ഗൾഫിൽ നിന്ന് അവധിക്കു നാട്ടിൽ വന്നതായിരുന്നു. സംഭവത്തിന് 20 ദിവസം മുൻപാണു വിവാഹിതനായത്. രണ്ടു തവണ പ്രതി ഒണന്ത ലത്തീഫ് സമീറും റെഡ് മൊയ്തുവുമായി വാക്കേറ്റവും അടിപിടിയും നടന്നിരുന്നു.

സംഭവദിവസം രാത്രി സമീറും റെഡ് മൊയ്തുവും കുമ്പള ബംബ്രാണ ജംക്‌ഷനിൽ സംസാരിക്കവെ പ്രതിയും മറ്റു മൂന്നു പേരും കാറിൽ അവിടെയെത്തി. സമീറിനെ ഒണന്ത ലത്തീഫ് കത്തി കൊണ്ട് ആഴത്തിൽ കുത്തുകയായിരുന്നുവെന്നാണു മൊഴി. ഒണന്ത ലത്തീഫിന്റെ കൂടെയുണ്ടായിരുന്ന ഹമീദ് എന്ന പോക്കറ്റടി ഹമീദാണു റെഡ് മൊയ്തുവിനെ വാളുകൊണ്ടു തലങ്ങും വിലങ്ങും വെട്ടിയത്. നിലവിളി കേട്ടു നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതികളെല്ലാവരും ഓടി രക്ഷപ്പെട്ടു. മാരകമായി പരുക്കേറ്റ റെഡ് മൊയ്തുവിനെ  ഉടൻ മംഗളൂരു ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ കുമ്പള പൊലീസ്  സമീറിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. 

കുമ്പള സിഐ ആയിരുന്ന കെ.ദാമോദരനാണു കേസ് അന്വേഷിച്ചത്. കൊലപാതകത്തിനു ശേഷം കർണാടകയിലേക്കു രക്ഷപ്പെട്ട പ്രതിയെ ബൽഗാമിൽ നിന്നു കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. 28 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. 40 രേഖകളും കൃത്യത്തിനുപയോഗിച്ച കത്തിയടക്കം 11 തൊണ്ടിമുതലുകളും കോടതി തെളിവായി സ്വീകരിച്ചു. പ്രതി മറ്റു ഒട്ടേറെ കേസുകളിൽ പ്രതിയായതുകൊണ്ട് സാക്ഷികൾ പലരും തെളിവു നൽകാൻ ഭയപ്പെട്ടിരുന്നു. മാരകമായി പരുക്കോടെ രക്ഷപ്പെട്ട റെഡ് മൊയ്തുവിന്റെ  മൊഴിയാണ് കേസിൽ നിർണായകമായത്. കേസിലെ കൂട്ടാളികളിലൊരാൾ മരണപ്പെട്ടിരുന്നു. മറ്റു പ്രതികളുടെ കേസ് കോടതി പിന്നീട് പരിഗണിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com